രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഏതെങ്കിലും പര്യടനത്തിന് പോകുന്നതിന് മുമ്പ് കൂടുതൽ മത്സരങ്ങൾ കളിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രവിചന്ദ്രൻ അശ്വിൻ. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇരുവരും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
ഈ വർഷം ആദ്യം ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചപ്പോൾ, ജോഷ് ഹേസൽവുഡ് പുറത്താക്കിയ രോഹിത്തിന് വെറും 8 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ. വിരാട് ആകട്ടെ അക്കൗണ്ട് തുറക്കാൻ പരാജയപ്പെട്ടു, മിച്ചൽ സ്റ്റാർക്ക് അദ്ദേഹത്തെ പുറത്താക്കി.
“ടൂറുകൾക്ക് പോകുന്നതിനു മുമ്പ് അവർക്ക് കൂടുതൽ മത്സരങ്ങൾ കളിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു, പക്ഷേ അത് അവരുടെ കൈകളിലല്ല, കാരണം ടീം മാനേജ്‌മെന്റിൽ നിന്ന് ആസൂത്രണം ആവശ്യമാണ്. ഇനിയും കുറച്ച് മത്സരങ്ങൾ കൂടി ശേഷിക്കുന്നതിനാൽ അവരെക്കുറിച്ച് സംസാരിക്കുന്നത് വളരെ നേരത്തെ ആണെന്ന് അറിയാം. അവരുടെ പരിമിതമായ കളി സമയത്തെക്കുറിച്ചാണ് എന്റെ ആശങ്ക,” ആർ അശ്വിൻ പറഞ്ഞു.
“വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും ഇത് എളുപ്പമാകില്ല. അവർക്ക് മികച്ച നിലയിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പക്ഷേ അവർ മത്സരങ്ങൾ കളിച്ചിട്ടില്ലാത്തതിനാൽ അത് ബുദ്ധിമുട്ടായിരിക്കും. ഏതൊരു അന്താരാഷ്ട്ര പര്യടനത്തിനും മുമ്പ് ആസൂത്രണം അത്യാവശ്യമാണ്. ഞങ്ങൾ പലപ്പോഴും 10-15 ദിവസം വിദേശ പര്യാടനം നടക്കുന്നതിന് മുമ്പ് അവിടെയെത്തി മത്സരങ്ങൾ കളിക്കാറുണ്ടായിരുന്നു. അതിനാൽ ഇത് പരിശോധിക്കാവുന്ന ഒന്നാണ്,” അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞു.
Discussion about this post