തന്നെ ഇനി ആദരിക്കാൻ വിളിക്കരുതെന്ന് പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാട്. പൊതുവേദിയിൽ നിന്ന് താൻ എന്നന്നേക്കുമായി പിൻവാങ്ങിയെന്നും മലയാളികളുടെ ആദരം താങ്ങാൻ തനിക്കിനി ശേഷിയില്ലെന്നും എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഈയിടെ ഗൾഫിലെ ഒരു സംഘടനയുടെ ആൾക്കാർക്ക് ഒരാഗ്രഹം. എന്നെ ഒന്ന് ആദരിക്കണം! പൊന്നാട, പണക്കിഴി, എല്ലാമുണ്ടാവും. വലിയ സദസ്സുണ്ടാവും. ഞാൻ പറഞ്ഞു: അധികമായാൽ അമൃതും വിഷം എന്നൊരു ചൊല്ലുണ്ട്. ജീവിതകാലം മുഴുവൻ മലയാളികളുടെ ആദരം സഹിച്ച് ഞാൻ മടുത്തു.
രണ്ടുവർഷം മുമ്പ് കേരള സാഹിത്യ അക്കാദമി എന്നെ വല്ലാതെ ഒന്നാദരിച്ചു. തുടർന്ന് സോഷ്യൽ മീഡിയയിലും വമ്പിച്ച ആദരം ഉണ്ടായി. അതോടെ ഞാൻ തീരുമാനിച്ചു, ഇനി മലയാളികളുടെ ആദരം വേണ്ട. എന്തിനും ഒരു പരിധിയില്ലേ. എനിക്കു വയസ്സായി. മഹാജനത്തിന്റെ നിരന്തരമായ ആദരം താങ്ങാൻ എനിക്കിനി ശേഷിയില്ല. ഞാൻ പൊതുവേദിയിൽനിന്ന് എന്നേക്കുമായി പിൻവാങ്ങി. ദയവായി എന്നെ വെറുതെ വിടുകയെന്ന് കവി കൂട്ടിച്ചേർത്തു. ‘ഭിക്ഷ കിട്ടിയില്ലെങ്കിലും പട്ടികടി കൊള്ളാതിരുന്നാൽ മതി’ എന്നൊരു ചൊല്ല് കൂടി മലയാളത്തിലുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് ബാലചന്ദ്രൻ ചുള്ളിക്കാട് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Discussion about this post