വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസമന്ത്രി വേണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരിഹാസത്തിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. കുടുംബത്തെ കൊണ്ട് പോലും കള്ളവോട്ട് ചെയ്യിച്ചയാളാണ് സുരേഷ് ഗോപിയെന്നും,കേന്ദ്രമന്ത്രി ആയത് കൊണ്ട് വിമർശിച്ചത് കേന്ദ്രവിദ്യാഭ്യാസമന്ത്രിയെ കുറിച്ച് ആയിരിക്കുമെന്നും വി ശിവൻകുട്ടി കുറ്റപ്പെടുത്തി.
കേന്ദ്രമന്ത്രിയായി ഇത്രയും ദിവസമായിട്ടും സുരേഷ് ഗോപിയെകൊണ്ട് നാടിന് മുട്ടുസൂചിയുടെ പ്രയോജനം ഉണ്ടായിട്ടുണ്ടോയെന്നും ശിവൻകുട്ടി ചോദിച്ചു. സുരേഷ് ഗോപി പറയുന്നതിന് നാട്ടുകാർ വില കൊടുക്കുന്നില്ല. വായിൽ തോന്നിയത് എല്ലാം വിളിച്ച് പറഞ്ഞു നടക്കുകയാണ്. അപേക്ഷ നൽകുന്നവരെയെല്ലാം പറഞ്ഞുവിടുന്നു. ആരുടെയും പ്രശ്‌നങ്ങൾ കേൾക്കാൻ പോലും സമയമില്ല. നിവേദനം വാങ്ങി കർച്ചീഫ് വച്ച് തുടച്ചു കളഞ്ഞയാളാണ് സുരേഷ് ഗോപി എന്നും വി.ശിവൻകുട്ടി കുറ്റപ്പെടുത്തി.
കേന്ദ്ര മന്ത്രിസ്ഥാനം വേണ്ട സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് കേട്ടു. ഇയാൾ ഇനി സിനിമയിൽ അഭിനയിക്കാൻ പോയാൽ 8 നിലയിൽ പൊട്ടും. അതുകൊണ്ട് ഉള്ള ജോലി തീർത്തിട്ട് പോകുന്നതാവും നല്ലതെന്നും മന്ത്രി പരിഹസിച്ചു.അല്ലെങ്കിലും മമ്മൂട്ടിയും മോഹൻലാലും അഭിനയിക്കുന്നത് പോലെ അഭിനയിക്കാൻ പറ്റുമോയെന്നും മന്ത്രി ചോദിച്ചു. ഒരു ദേശീയതലത്തിൽ പുരസ്‌കാരം ലഭിച്ചു. അതെങ്ങനെ കിട്ടിയെന്ന് താൻ പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സുരേഷ് ഗോപി വായിൽ തോന്നിയത് വിളിച്ചു പറയുന്നു. എന്നാൽ സുരേഷ് ഗോപി പറയുന്നത് ആരും ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാണ് ഇപ്പോൾ കലുങ്കിന്റെ അവിടെ വന്നിരുന്ന് വർത്താനം പറയുന്നത്. കലുങ്കിസമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.പാവപ്പെട്ടവൻ പരാതിയുമായി വന്നാൽ അടിച്ചോടിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ. എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ ഉള്ളത്. അവരൊക്കെ തെറിച്ചുമാറട്ടെയെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരിഹാസം. വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Discussion about this post