അദ്ധ്യാപകർക്ക് ചൂരലെടുക്കാമെന്ന് ആവർത്തിച്ച് ഹൈക്കോടതി. വിദ്യാർത്ഥികളെ തിരുത്താനും സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാനും ലക്ഷ്യമിട്ട് അദ്ധ്യാപകർ ‘ചൂരൽപ്രയോഗം’ നടത്തുന്നത് കുറ്റകരമല്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. കുട്ടികളെ തിരുത്താനുള്ള അദ്ധ്യാപകരുടെ ഉത്തരവാദിത്തം അംഗീകരിച്ചുകൊണ്ടാണ് രക്ഷിതാക്കൾ അവരെ സ്‌കൂളുകളിൽ ഏൽപിക്കുന്നതെന്നും ജസ്റ്റിസ് സി. പ്രതീപ്കുമാർ നിരീക്ഷിച്ചു.
വിദ്യാർത്ഥിയെ ചൂരൽ ഉപയോഗിച്ച് തല്ലിയതിന് അദ്ധ്യാപകനെതിരെ എടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.2019 ലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട്ടെ സ്‌കൂളിൽ തല്ലുകൂടുകയായിരുന്ന വിദ്യാർത്ഥികളെ തടയാനാണ് അദ്ധ്യാപകൻ ചൂരൽ പ്രയോഗിച്ചത്.
പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് തമ്മിൽ തല്ലുകയും, തുപ്പുകയും ചെയ്തുകൊണ്ടിരുന്ന മൂന്ന് കുട്ടികളെയാണ് അദ്ധ്യാപകൻ ഇടപെട്ട് തടഞ്ഞത്. എന്നാൽ അതിൽ ഒരു കുട്ടിയുടെ രക്ഷിതാവ്, മകനെ തല്ലിയതിനെതിരെ പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ തല്ലുകൂടിയ കുട്ടികളെ പിടിച്ചുമാറ്റുക എന്ന സദുദ്ദേശ്യം മാത്രമാണ് തനിക്കുണ്ടായിരുന്നത് എന്ന് അദ്ധ്യാപകൻ കോടതിയിൽ വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചു. സംഭവം നടന്ന് നാല് ദിവസം വൈകിയാണ് പരാതി ഉയരുന്നതെന്നും കോടതി നിരീക്ഷിച്ചു. കുട്ടിക്ക് വൈദ്യസഹായം വേണ്ടി വന്നിട്ടില്ല. ഇരയ്ക്ക് ശാരീരികമായി പരിക്കേറ്റതായി തെളിയിക്കാൻ തെളിവുകളില്ല. അതിനാൽ, കുട്ടികളെ ചൂരൽ ഉപയോഗിച്ച് അടിക്കാൻ ഹർജിക്കാരൻ ഏറ്റവും കുറഞ്ഞ ബലപ്രയോഗം മാത്രമേ നടത്തിയിട്ടുള്ളൂ എന്നും ജസ്റ്റിസ് സി.പ്രതീപ് കുമാർ വ്യക്തമാക്കി.
കുട്ടികളെ തിരുത്തുന്നതിനാണ് അധ്യാപകർ ശിക്ഷിക്കുന്നതെങ്കിൽ അത് തെറ്റായി കാണാനാകില്ലെന്ന് ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.













Discussion about this post