ഹർഷിത് റാണ എന്ന താരം കേട്ടത് പോലെ ഉള്ള വിമർശനം ഈ വർഷം എന്തായാലും ഒരു ക്രിക്കറ്റ് താരവും കേട്ടിട്ടില്ല എന്ന് നിസംശയം പറയാൻ സാധിക്കും. പന്തെറിയാൻ എത്തിയാൽ പ്രശ്നം, ബാറ്റിംഗിന് ഇറങ്ങിയാൽ പ്രശ്നം, ഒരു ബാറ്റ്സ്മാനെ ഒന്ന് നോക്കിയാൽ പ്രശ്നം, ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമെല്ലാം അയാളെ കുറ്റം പറയുക ആയിരുന്നു മിക്ക ക്രിക്കറ്റ് പ്രേമികളുടെയും ജോലി. എല്ലാത്തിനും മൂല കാരണം ഇന്ത്യൻ പ്രീമിയർ ലീഗിൽ അദ്ദേഹം ഗൗതം ഗംഭീറിന് കീഴിൽ കൊൽക്കത്തയിൽ കളിച്ചു എന്നതാണ്.
ഗൗതം ഗംഭീറിന്റെ കീഴിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ 2024 ൽ അരങ്ങേറ്റം കുറിച്ച ഹർഷിത് ആ സീസണിൽ 13 മത്സരങ്ങളിൽ നിന്നായി 19 വിക്കറ്റുകൾ വീഴ്ത്തി കൊൽക്കത്തയുടെ കിരീട യാത്രയിൽ നിർണായക പങ്ക് വഹിച്ചു. ബുംറക്കും, സിറാജിനും, ഷാമിക്കും ശേഷം മികച്ച പേസ് ബോളിങ് ഓപ്ഷൻ നോക്കുന്ന രാജ്യത്തെ സംബന്ധിച്ച് ആ പ്രകടനം ഒരിക്കലും കണ്ടില്ല എന്ന് നടിക്കാനാകില്ല എന്നതാണ് സത്യം.
ദ്രാവിഡിന്റെ പരിശീലക കാലയളവ് അവസാനിച്ചതിന് പിന്നാലെ ഗൗതം ഗംഭീർ കൊൽക്കത്ത വിട്ട് ഇന്ത്യൻ പരിശീലകന്റെ കുപ്പായം ഏറ്റെടുക്കുമ്പോൾ ഹർഷിത് റാണ തനിക്ക് നല്ല കാലം വരും എന്ന് പ്രതീക്ഷിച്ചു എങ്കിലും നടന്നത് തിരിച്ചാണ്. താരം ടീമിലെത്തിയത് മുതൽ ആറ്റിട്യൂട്ടിന്റെ പേരിലും, മോശം പ്രകടനത്തിന്റെ പേരിലും താരം ഹേറ്റ് പേജുകളിൽ നിറഞ്ഞു. ഹർഷിത് റാണ എന്ന താരത്തോടുള്ള എതിർപ്പിനേക്കാൾ ഗൗതം ഗംഭീറിനോടുള്ള കലിപ്പാണ് കൂടുതൽ പേരും ഹർഷിതിൽ തീർത്തത് എന്ന് പറയാം.
ടീമിൽ ഉൾപ്പെട്ടതിന്റെ പേരിൽ ആകെ മൂന്ന് ഫോർമാറ്റിലുമായി 8 മത്സരങ്ങൾ മാത്രം കളിച്ച 23 വയസുകാരൻ ഇത്രയധികം ട്രോളുകളിൽ നിറയേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ, ഒരിക്കലും ഇല്ല എന്ന് തന്നെയാണ് അതിനുള്ള ഉത്തരം. കരിയർ തുടക്കം ചെണ്ട എന്നൊക്കെ ഏവരും വിളിച്ച സിറാജ് ഇന്ത്യയുടെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളായതും, യുവരാജിന്റെ തകർപ്പനടിയിൽ 6 പന്തിൽ 6 സിക്സ് വഴങ്ങിയ ഇംഗ്ലണ്ടിന്റെ ബ്രോഡ് പിന്നെ ഏറ്റവും മികച്ചവനായതും, ഒകെ നമ്മൾ ക്രിക്കറ്റിൽ കണ്ടിട്ടുള്ളതാണ്.
ഇതൊന്നും ഹർഷിത് എന്ന ആവറേജ് ബോളർക്ക് നടക്കില്ല എന്നും എത്രയും വേഗം ടീമിൽ നിന്ന് ഔട്ട് ആകും എന്ന് കരുതിയോ? ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഹർഷിതിനെ ഉൾപ്പെടുത്തിയപ്പോൾ ട്രോളിയ ആളുകളുടെ വായടപ്പിച്ച് ഇന്ന് സിഡ്‌നിയിൽ ഓസ്‌ട്രേലിയൻ പരമ്പരയിലെ അവസാന മത്സരത്തിൽ 8 . 4 ഓവറിൽ 39 റൺ വഴങ്ങി റാണ വീഴ്ത്തിയത് 4 വിക്കറ്റ്.
കഴിഞ്ഞ മത്സരത്തിലും 2 വിക്കറ്റ് വീഴ്ത്തിയ താരംM ലൈനിലും ലെങ്ങ്തിലും വ്യത്യാസം വരുത്തി കൂടുതൽ മികവ് കാണിക്കുന്ന കാഴ്ച്ചയാണ് ഇന്ന് കാണാൻ സാധിച്ചത്. ഇന്ന് ഓസ്ട്രേലിയ കഴിഞ്ഞ മത്സരത്തിലൊക്കെ കളിപിടിച്ച മധ്യ ഓവറുകളിൽ അവരുടെ പ്രധാന താരങ്ങളെ വീഴ്ത്തിയത് റാണ ആയിരുന്നു.
എന്തായാലും താൻ ഗംഭീറിന്റെ പ്രിയപെട്ടവനായത് കൊണ്ടാണ് ടീമിൽ വന്നത് എന്ന് പറഞ്ഞ് കളിയാക്കിയവരോട്” മെറിറ്റിൽ വന്നവനാണ് ഞാൻ” എന്ന് താരം പറയുന്നു.













Discussion about this post