സിപിഐ നിലപാടില്ലാത്ത രാഷ്ട്രീയപാർട്ടിയാണെന്ന് ബിജെപി മുൻ അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കുരയ്ക്കും പക്ഷേ കടിക്കില്ലെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. കേരളത്തിൽ രാജഭരണമാണ് നടക്കുന്നത്. എൽഡിഎഫ് കൺവീനറോ സിപിഎം ജനറൽ സെക്രട്ടറിയോ അറിയാതെയാണ് പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സിപിഐ എപ്പോഴും കുരച്ചുകൊണ്ടേയിരിക്കും, കടിക്കില്ല. അങ്ങനെയുള്ള ജനുസുകൾ ഉണ്ട്. കടിക്കുന്നവർ അധികം കുരയ്ക്കില്ല. നാലു മന്ത്രിമാരെ രാജിവയ്പ്പിക്കാൻ ബിനോയ് വിശ്വത്തിനു കഴിയുമോ? സിപിഐയുടെ നാലു മന്ത്രിമാരും ഇയാൾ പറഞ്ഞാൽ കേൾക്കില്ല. അവരുടെ വകുപ്പിൽ നടക്കുന്ന അഴിമതി എന്താണെന്നാണ് നിങ്ങൾ വിചാരിച്ചത്. ഭൂലോക അഴിമതിയാണ് അവിടെയൊക്കെ നടക്കുന്നത്. ബിനോയ് വിശ്വത്തിന്റെ നിലപാട് അന്തസ്സുള്ള നിലപാട് ആയിരുന്നെങ്കിൽ രണ്ടുമാസത്തേക്ക് എങ്കിലും ഈ മന്ത്രിമാരെ രാജിവയ്പ്പിക്കാൻ കഴിയുമോ. കഴിയില്ല. അപ്പോൾ ആ പാർട്ടിക്ക് യാതൊരു നിലവാരവും കേരളത്തിലില്ലെന്ന് കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതോടെ ഇനി ഹെഡ്‌ഗേവാറിനെക്കുറിച്ചും സവർക്കറെക്കുറിച്ചും ദീൻ ദയാൽ ഉപാധ്യായയെക്കുറിച്ചും കേരളത്തിലെ സ്‌കൂളുകളിൽ പഠിപ്പിക്കും. ഇതൊക്കെ പഠിക്കാൻ ഇഷ്ടമില്ലാത്തവർ പഠിക്കേണ്ട. വി.ഡി.സവർക്കർ രാജ്യദ്രോഹിയല്ല. അക്കാര്യം ഇവിടെ പഠിപ്പിക്കും. കോൺഗ്രസ് തമസ്‌കരിച്ച എല്ലാ ചരിത്രവും ശരിയായ നിലയിൽ കുട്ടികളെ പഠിപ്പിക്കണം. നെഹ്റുവിന്റെയും ഇന്ദിരയുടെയും കാര്യങ്ങൾ മാത്രം പഠിച്ചാൽ മതിയോ? അതിനുള്ള സംവിധാനം ഉണ്ടാക്കും. ദേശീയ വിദ്യാഭ്യാസ നയം പൂർണമായ അർത്ഥത്തിൽ കേരളത്തിൽ നടപ്പാക്കും. കരിക്കുലം പരിഷ്‌കരണത്തിലും കേന്ദ്ര ഇടപെടലുണ്ടാകുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.











Discussion about this post