ബുധനാഴ്ച കാൻബറയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടി20യിൽ ശുഭ്മാൻ ഗില്ലിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ അഭിനന്ദനവുമായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. ഏകദിനങ്ങളിൽ വിരാട് കോഹ്‌ലി കാണിക്കുന്ന മികവിനെ ഇന്നലെ 20 പന്തിൽ നിന്ന് 37* റൺസ് നേടിയ ഗില്ലിന്റെ പ്രകടനത്തെ താരതമ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
പ്രധാനമായും ക്രിക്കറ്റിലെ പരമ്പരാഗത ഷോട്ടുകൾ കളിച്ചിട്ടും, ഇന്ത്യൻ ടി20യിലെ വൈസ് ക്യാപ്റ്റൻ നാല് ബൗണ്ടറികളും ഒരു മാക്‌സും സഹിതം 185 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് സ്കോർ ചെയ്തത്. മഴ കളിയെ തടസ്സപ്പെടുത്തുകയും ഒടുവിൽ മത്സരം മുഴുവൻ ഉപേക്ഷിക്കുകയും ചെയ്യുന്നതിനുമുമ്പ്, ഗില്ലിന്റെ ഇന്നിംഗ്‌സ് ഇന്ത്യയെ 1/97 എന്ന മികച്ച സ്ഥാനത്തെത്തിച്ചു.
ആദ്യ ടി 20 മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ഗില്ലിൻറെ പ്രകടനത്തെ വാഴ്ത്തി കാർത്തിക് ഇങ്ങനെ പറഞ്ഞു. “ഏകദിനങ്ങളിൽ വിരാട് കോഹ്‌ലി ചെയ്യുന്നത് ഇതാണ്. സ്‌കോർകാർഡ് നോക്കുന്നതുവരെ അദ്ദേഹം എവിടെയാണെന്ന് നിങ്ങൾക്ക് ഒരിക്കലും അറിയാൻ കഴിയില്ല. ഒടുവിൽ നിങ്ങൾ അദ്ദേഹത്തെ നോക്കുമ്പോൾ കോഹ്‌ലിയുടെ സ്കോർ 45 ഒകെ കടന്നിരിക്കും.
ഏഷ്യാ കപ്പിലെ ഭേദപ്പെട്ട പ്രകടനവും ഓസ്‌ട്രേലിയക്കെതിയരായ ഏകദിനത്തിലെ മോശം പ്രകടനവും വന്നപ്പോൾ ഗിൽ വലിയ സമ്മർദ്ദത്തിലായിരുന്നു.
“സഞ്ജു (ഓപ്പണിംഗ്), യശസ്വി, റുതുരാജ്, കെഎൽ രാഹുൽ തുടങ്ങിയ കളിക്കാരിൽ നിന്ന് തുടങ്ങി മികച്ച കളിക്കാർ ഉള്ളപ്പോൾ ആണല്ലോ ഗിൽ ഓപ്പണിങ് സ്ഥാനത്ത് വരുന്നത്. ഇപ്പോൾ ഒരു ടി20 കളിക്കാരനാകുക എന്നത് എളുപ്പമുള്ള കാര്യമല്ല, കാരണം നിങ്ങൾ സ്ഥിരത പുലർത്തുകയും, അസാധാരണ വൈദഗ്ദ്ധ്യം പുലർത്തുകയും, ഓരോ രണ്ടാമത്തെയോ മൂന്നാമത്തെയോ മത്സരങ്ങളിൽ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിക്കുകയും വേണം. അത്രത്തോളം ആഴത്തിൽ താരങ്ങളുണ്ട് ഇന്ത്യൻ ടീമിന് ഇപ്പോൾ” കാർത്തിക് പറഞ്ഞു.
അദ്ദേഹം കൂട്ടിച്ചേർത്തു:
“എന്നാൽ അദ്ദേഹം ഇന്ത്യൻ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമാണെന്ന വസ്തുത അദ്ദേഹത്തിന് വളരെയധികം ആത്മവിശ്വാസം നൽകും. അത് നിങ്ങളെ ഒരു പരിധി വരെ സഹായിക്കും. പക്ഷേ നിങ്ങൾ ആ കാര്യമൊക്കെ മറന്ന് റൺസ് നേടണം. അത് അദ്ദേഹം ഇന്ന് നന്നായി ചെയ്തു.”
ഏഷ്യാ കപ്പിന് മുമ്പ് ഒരു വർഷത്തേക്ക് ഗിൽ ടി20 കളിച്ചിരുന്നില്ല എന്നും ശ്രദ്ധിക്കണം.













Discussion about this post