കാത്തിരുന്ന സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് വിജയത്തോടെ തുടക്കമിട്ടു. ഗോവയിലെ ജി.എം.സി. ബാംബോളിം സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയെയാണ് കൊമ്പന്മാർ ഏകപക്ഷീയമായ ഒരു ഗോളിന് (1-0) പരാജയപ്പെടുത്തിയത്. സ്പാനിഷ് മുന്നേറ്റതാരം കോൾഡോ ഒബിയെറ്റ അരങ്ങേറ്റ മത്സരത്തിൽ തന്നെ നേടിയ തകർപ്പൻ ഹെഡർ ഗോളാണ് മഞ്ഞപ്പടയ്ക്ക് മൂന്ന് പോയിൻ്റ് സമ്മാനിച്ചത്.
മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റല ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, കോൾഡോ ഒബിയെറ്റ, ഹുവാൻ റോഡ്രിഗസ് എന്നീ വിദേശ കരുത്തുമായിട്ടാണ് ടീമിനെ കളത്തിലിറക്കിയത്. കളി തുടങ്ങിയത് മുതൽ ബ്ലാസ്റ്റേഴ്‌സ് പന്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തി. ലൂണയുടെ നേതൃത്വത്തിൽ മധ്യനിര കളി നിയന്ത്രിച്ചപ്പോൾ രാജസ്ഥാൻ നീളൻ പാസുകളിലൂടെ തിരിച്ചടിക്കാൻ ശ്രമിച്ചു.
ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഗോളിനടുത്തെത്തി. 21-ാം മിനിറ്റിൽ ലഭിച്ച കോർണറിൽ ഡാനിഷ് ഫാറൂഖിൻ്റെ ശക്തമായ ഹെഡർ പോസ്റ്റിനെ ഇളക്കി മടങ്ങിയത് ആരാധകരെ നിരാശയിലാക്കി. നിഹാൽ സുധീഷ് ഇടത് വിങ്ങിലൂടെ നിരന്തരം ഭീഷണി ഉയർത്തിയെങ്കിലും പ്രതിരോധക്കോട്ട ഭേദിക്കാനായില്ല. ഗോൾരഹിതമായിരുന്നു ആദ്യ പകുതി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾകീപ്പർ നോറ ഫെർണാണ്ടസിൻ്റെ നിർണ്ണായക സേവാണ് ബ്ലാസ്റ്റേഴ്‌സിന് തുണയായത്. എന്നാൽ 51-ാം മിനിറ്റിൽ കളിയിലെ വഴിത്തിരിവ് സംഭവിച്ചു. കോൾഡോ നൽകിയ ത്രൂ ബോളിൽ മുന്നേറിയ നിഹാലിനെ ഫൗൾ ചെയ്തതിന് രാജസ്ഥാൻ പ്രതിരോധതാരം ഗുർസിമ്രത്ത് സിങ്ങിന് റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകി പുറത്താക്കി. പത്തുപേരായി ചുരുങ്ങിയതോടെ രാജസ്ഥാൻ പ്രതിരോധത്തിലേക്ക് വലിഞ്ഞു.
പകരക്കാരായി വന്ന നോഹ സദാവൂയിയും ഫ്രെഡി ലാൽവമ്മാമയും ആക്രമണത്തിന് പുതിയ ഊർജ്ജം നൽകി. നിരന്തരമായ സമ്മർദ്ദത്തിന് ഒടുവിൽ, 87-ാം മിനിറ്റിൽ മഞ്ഞപ്പടയുടെ കാത്തിരിപ്പ് അവസാനിച്ചു. ഹുവാൻ റോഡ്രിഗസ് വലതുവിങ്ങിൽ നിന്ന് നൽകിയ ഉഗ്രൻ ക്രോസ്സിൽ, പ്രതിരോധ താരങ്ങളെ മറികടന്ന് കുതിച്ചുയർന്ന കോൾഡോ ഒബിയെറ്റ തലവെച്ച് കൊടുത്തു. ബ്ലാസ്റ്റേഴ്‌സിനായുള്ള കോൾഡോയുടെ അരങ്ങേറ്റ ഗോൾ കൂടിയായിരുന്നു ഇത്. ശേഷിച്ച സമയം ഈ ലീഡ് നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സിനായി. നിയന്ത്രണവും പ്രകടമാക്കിയ മത്സരത്തിൽ വിജയത്തുടക്കം കുറിച്ച ടീം, അടുത്ത മത്സരം നവംബർ 3 ന് എസ്.സി ഡൽഹിക്കെതിരെ കളിക്കാൻ തയ്യാറെടുക്കും.













Discussion about this post