ന്യൂഡൽഹി : ഇറാനിൽ ഇന്ത്യയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചബഹാർ തുറമുഖത്തിന് മേൽ ഏർപ്പെടുത്തിയ ഉപരോധത്തിന് ഇളവ് നൽകി യുഎസ്. ആറുമാസത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ നയതന്ത്ര വിജയമാണ് ഇതെന്നും അദ്ദേഹം സൂചിപ്പിച്ചു.
പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും ചരക്ക് അയയ്ക്കുന്നതിനായി ഇന്ത്യയ്ക്ക് ഒരു ബദൽ വ്യാപാര മാർഗമാണ് ചബഹാർ തുറമുഖം. ഇന്ത്യയുടെ കണക്റ്റിവിറ്റി നയതന്ത്രത്തിന്റെ ഒരു പ്രധാന സ്തംഭമായാണ് ചബഹാർ തുറമുഖം അറിയപ്പെടുന്നത്. ഇറാനുമേൽ പരമാവധി സമ്മർദ്ദം ചെലുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി, സെപ്റ്റംബറിൽ ട്രംപ് ഭരണകൂടം ചബഹാർ തുറമുഖത്തിന് നേരത്തെ നൽകിയിരുന്ന ഉപരോധ ഇളവ് പിൻവലിച്ചിരുന്നത്.
2024 മെയ് മാസത്തിൽ ചബഹാർ തുറമുഖം വഴിയുള്ള ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് ഇറാനുമായി ഇന്ത്യ 10 വർഷത്തെ പാട്ടക്കരാർ ഒപ്പു വച്ചിരുന്നു. എന്നാൽ സെപ്റ്റംബറിൽ യുഎസ് തുറമുഖത്തിന് ഉപരോധം ഏർപ്പെടുത്തിയതോടെ ഇതുവഴിയുള്ള ഇന്ത്യയുടെ ചരക്ക് നീക്കത്തിൽ പ്രതിസന്ധി നേരിട്ടിരുന്നു. നിലവിൽ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ അന്തിമ ഘട്ടത്തിലായിരിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഇന്ത്യയ്ക്ക് യുഎസ് ഇത്തരമൊരു ഇളവ് നൽകിയിരിക്കുന്നത്.









Discussion about this post