സന്ദീപ് ദാസ്
വനിതാ ലോകകപ്പിൻ്റെ സെമിഫൈനലിലെ ഇന്ത്യയുടെ ഐതിഹാസികമായ റൺചേസ് ജെമീമ റോഡ്രിഗസ് എന്ന പെൺകുട്ടി പൂർത്തിയാക്കിയപ്പോൾ ഞാൻ അധികം പഴക്കമൊന്നും ഇല്ലാത്ത ഒരു സോഷ്യൽ മീഡിയ പോസ്റ്റിനെക്കുറിച്ച് ഓർത്തുപോയി. ഈ ടൂർണ്ണമെൻ്റിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചത് ശ്രേയാ ഘോഷാൽ ആയിരുന്നു. അതിൻ്റെ ചിത്രങ്ങളും വിഡിയോകളും പലരും സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. കൂടെ ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നു-
”ഈ ലോകകപ്പിൽ ഒരു ഇന്ത്യൻ വനിതയിൽ നിന്ന് ഉണ്ടാകാൻ സാധ്യതയുള്ള ഒരേയൊരു മികച്ച പെർഫോമൻസാണ് ശ്രേയയുടെ പാട്ട്. എന്തൊരു ക്രൂരമായ തമാശ! അത്ര വലിയ പരിഹാസം ഇന്ത്യൻ ക്രിക്കറ്റർമാർ അർഹിച്ചിരുന്നുവോ? ഇന്ത്യൻ ടീമിനെതിരായ ശാപവാക്കുകൾ എല്ലായിടത്തും പ്രചരിക്കുകയായിരുന്നു. മനഃസ്സാന്നിദ്ധ്യം ഇല്ലാത്തവർ, പടിക്കൽ കലം ഉടയ്ക്കുന്നവർ, ചോക്കേഴ്സ്. രാജ്യത്തിൻ്റെ നീലക്കുപ്പായമണിഞ്ഞ വനിതകൾക്ക് ഇത്തരം വിശേഷണങ്ങൾ ചാർത്തിക്കൊടുക്കാൻ പലരും മത്സരിക്കുകയായിരുന്നു.
ജയിക്കാമായിരുന്ന പല കളികളും ഇന്ത്യൻ വനിതാ ടീം കൈവിട്ട് കളഞ്ഞിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ അതിന് ചരിത്രപരവും സാമൂഹികപരവുമായ കാരണങ്ങളുണ്ട്. വനിതാ ടീമിനെ കണ്ണുംപൂട്ടി കുറ്റപ്പെടുത്തുന്ന രീതിയോട് അന്നും ഇന്നും തികഞ്ഞ എതിർപ്പാണ്. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് 1970-കളിൽ ആരംഭിച്ചതാണ്. 1983-ൽ കപിൽ ദേവിൻ്റെ സംഘം വേൾഡ് കപ്പ് ഉയർത്തി. അതിനുശേഷം പുരുഷ ക്രിക്കറ്റ് ശരവേഗത്തിലാണ് വളർന്ന് പന്തലിച്ചത്. സ്വാഭാവികമായും അതിന് ആനുപാതികമായ ഒരു മുന്നേറ്റം വനിതാ ക്രിക്കറ്റിലും ഉണ്ടാകേണ്ടതായിരുന്നു. എന്തുകൊണ്ട് അത് സംഭവിച്ചില്ല എന്ന് ചിന്തിച്ചിട്ടുണ്ടോ?
ബി.സി.സി.ഐ എന്ന സംഘടനയിൽ വ്യക്തമായ പുരുഷാധിപത്യം നിലനിന്നിരുന്നു. സ്ത്രീകളുടെ ക്രിക്കറ്റിനെ ഒട്ടും തന്നെ പ്രോത്സാഹിപ്പിക്കാത്ത ആളുകളാണ് അവിടത്തെ ഭരണം നടത്തിവന്നിരുന്നത്. വനിതാ ടീമിൻ്റെ മുൻകാല നായികയായിരുന്ന ഡയാന എഡൽജി ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. ഓസീസിനെതിരായ സെമിഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ ജെമീമ ഒരു അഭിമുഖത്തിൽ മനസ്സ് തുറന്നിരുന്നു ”2017 വരെ വനിതാ ക്രിക്കറ്റ് ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ ആ വർഷം നടന്ന ഏകദിന ലോകകപ്പിൽ നാം ഫൈനൽ വരെയെത്തി. അതിനുശേഷമാണ് വനിതാ ക്രിക്കറ്റർമാരെ കാണാൻ ആളുകൾ തടിച്ചുകൂടാൻ തുടങ്ങിയത്…!!
” വനിതാ കളിക്കാരുടെ പ്രയാണം കഴിഞ്ഞ നൂറ്റാണ്ടിൻ്റെ അവസാന പാദത്തിൽ ആരംഭിച്ചതാണ്. പക്ഷേ മാദ്ധ്യമങ്ങളും പൊതുസമൂഹവും അവരെ ശ്രദ്ധിച്ചുതുടങ്ങിയിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ!ആ വിവേചനം എത്ര വലുതാണ്. അത്ര ഭീകരമായ അവഗണന നേരിട്ട വനിതാ ക്രിക്കറ്റർമാർക്ക് ഒരു സുപ്രഭാതത്തിൽ എല്ലാ നോക്കൗട്ട് മത്സരങ്ങളും ജയിക്കാൻ കഴിയണമെന്നില്ല. നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം വീണ്ടെടുക്കാൻ അവർക്ക് കുറച്ചുകാലം വേണ്ടിവരും എന്ന കാര്യം ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ഞാൻ വീണ്ടും സെമിഫൈനലിനെക്കുറിച്ച് ആലോചിക്കുകയാണ്! ഒരു വശത്ത് ഏഴ് തവണ ലോകകിരീടം ചൂടിയ ഓസീസിൻ്റെ പെൺപട! മറുവശത്ത് ഫോമില്ലായ്മയുടെ പേരിൽ 2022-ലെ ഏകദിന ലോകകപ്പിൽ നിന്ന് ഒഴിവാക്കപ്പെട്ട ജെമീമ എന്ന 25 വയസ്സുകാരി! ശരിക്കും ദാവീദും ഗോലിയാത്തും തമ്മിലുള്ള അങ്കം തന്നെ! പക്ഷേ ജെമീമ ഇന്ത്യയ്ക്കുവേണ്ടി യുദ്ധം ജയിച്ചു.
ലോകകപ്പിന് നടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ച് ജെമീമ സംസാരിച്ചിരുന്നു. ബോംബെയിലെ ആസാദ് മൈതാനത്തിലാണ് അവൾ പരീശീലിച്ചത്. ആ ഗ്രൗണ്ടിൽ പ്രഭാതസമയത്ത് നല്ല മഞ്ഞുവീഴ്ച്ചയുണ്ടാകും. അപ്പോൾ പേസർമാർക്ക് പിന്തുണ കിട്ടും. വൈകുന്നേരം പന്ത് നന്നായി ടേൺ ചെയ്യും. രാവിലെയും വൈകീട്ടും ജെമീമ പരിശീലിച്ചു. പുരുഷ ക്രിക്കറ്റർമാരോട് മത്സരിച്ചു. അങ്ങനെ ഒരു കംപ്ലീറ്റ് ബാറ്ററായി പരിണമിച്ചു!
ഇന്ത്യ സ്വതന്ത്രമായത് 1947-ലാണ്. പക്ഷേ ഇന്ത്യൻ അത്ലീറ്റുകളുടെ മനസ്സിലെ അടിമച്ചങ്ങല അപ്പോഴും പൂർണ്ണമായും അറ്റുപോയിരുന്നില്ല. വെള്ളക്കാരോട് ക്രിക്കറ്റ് കളിക്കുമ്പോൾ നാം വല്ലാത്ത അപകർഷതാബോധം അനുഭവിച്ചിരുന്നു. അത് മാറ്റിയെടുത്തത് മൻസൂർ അലി ഖാൻ പട്ടൗഡി എന്ന നായകനാണ്. നാം അദ്ദേഹത്തെ ആദരപൂർവ്വം വിളിച്ചു-ടൈഗർ! ടൈഗർ പട്ടൗഡി!! ഇതാ ഒരു ജെമീമ! വനിതാ ക്രിക്കറ്റർമാരുടെ ആത്മവീര്യം വീണ്ടെടുത്തവൾ! പരിഹസിക്കുന്നവർക്ക് ചുട്ട മറുപടി കൊടുത്തവൾ!! ടൈഗർ!! ടൈഗർ ജെമീമ…!!!













Discussion about this post