അടുത്തിടെ വനിതാ ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരുന്നു. വനിതാ ഏകദിന ലോകകപ്പ് സെമിഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺസ് പിന്തുടരൽ എന്ന റെക്കോർഡ് ടീം ഈ യാത്രയിൽ സ്വന്തമാക്കിയിരുന്നു. ഒമ്പത് പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ അസാധ്യം എന്ന് തോന്നിച്ച 338 റൺസ് പിന്തുടർന്നു. 124 റൺസുമായി പുറത്താകാതെ നിന്ന ജെമീമ റോഡ്രിഗസ് ടീമിനെ വിജയവര കടത്തുകയായിരുന്നു. തന്റെ മികച്ച പ്രകടനത്തിന് പിന്നാലെ ജെമി പ്ലെയർ ഓഫ് ദി മാച്ച് പട്ടം നേടി. എന്തായാലും ചരിത്ര വിജയത്തിന് പിന്നാലെ ഇതിഹാസം സുനിൽ ഗാവസ്‌കർ ടീമിനെ അഭിനന്ദിക്കുന്നതിനൊപ്പം ജെമിയോട് ഒരു അഭ്യർത്ഥനയും നടത്തി രംഗത്ത് വന്നിരിക്കുകയാണ്.
സ്പോർട്സ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സുനിൽ ഗവാസ്‌കർ, ഇന്ത്യ ലോകകപ്പ് നേടിയാൽ ജെമീമയ്‌ക്കൊപ്പം ഒരു ഗാനം ആലപിക്കുമെന്ന് പറഞ്ഞിരിക്കുകയാണ്. 2024 ലെ നമൻ അവാർഡ് ദാന ചടങ്ങിലെ ഇരുവരും ചേർന്നുള്ള പാട്ടും അദ്ദേഹം അപ്പോൾ ഓർത്തു. “ഇന്ത്യ ലോകകപ്പ് നേടിയാൽ, ജെമീമയും ഞാനും, അവൾ അതിന് തയ്യാറാണെങ്കിൽ, ഒരുമിച്ച് ഒരു ഗാനം ആലപിക്കും. അവൾ ഗിറ്റാർ വായിക്കും, ഞാൻ കൂടെ പാടും,” ഗവാസ്‌കർ പറഞ്ഞു.
“ബിസിസിഐ അവാർഡുകളിൽ ഒന്നിൽ ഞങ്ങൾ മുമ്പും പാട്ട് പാടിയിട്ടുണ്ട്. അവിടെ ഒരു ബാൻഡ് വായിക്കുന്നുണ്ടായിരുന്നു, ഞങ്ങൾ ചാടിക്കയറി സ്റ്റേജിലേക്ക്. അവൾ ഗിറ്റാർ വായിച്ചപ്പോൾ ഞാൻ അന്ന് പാടി. ഇന്ത്യ ജയിച്ചാൽ ജെമിയുമൊത്ത് ഒരു വേദിയിൽ പാട്ട് പാടാൻ ഞാൻ ആഗ്രഹിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നാളെ നടക്കുന്ന ഫൈനലിൽ സൗത്താഫ്രിക്കയെ ഇന്ത്യ നേരിടുമ്പോൾ കനത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്.













Discussion about this post