ഇസ്ലാമാബാദ് : പാകിസ്താനിലെ ലാഹോറിൽ നടത്താനിരുന്ന റാലിയിൽ നിന്നും പിന്മാറുന്നതായി അറിയിച്ച് ലഷ്‌കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദ്. ആക്രമിക്കപ്പെടാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ടെന്ന പാക് രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) മുന്നറിയിപ്പിനെ തുടർന്നാണ് തീരുമാനം. എല്ലാ പൊതു പരിപാടികളും മാറ്റിവെച്ച് തൽക്കാലം പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാതെ ഒളിവിൽ കഴിയാനാണ് ഹാഫിസ് സയീദ് തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയിൽ കൊല്ലപ്പെട്ട ലഷ്‌കർ-ഇ-തൊയ്ബ തീവ്രവാദികളെ അനുസ്മരിക്കാൻ കൂടിയായിരുന്നു റാലി സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്നത്. രക്തസാക്ഷികൾ എന്ന പേരിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ ചിത്രങ്ങൾ ഉൾപ്പെടുന്ന പോസ്റ്ററുകൾ ആയിരുന്നു ഈ റാലിക്ക് വേണ്ടി തയ്യാറാക്കി പ്രചരിപ്പിച്ചിരുന്നത്.
നവംബർ 2 ഞായറാഴ്ച മിനാര-ഇ-പാകിസ്ഥാനിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ ശക്തി പ്രകടനം കാഴ്ചവയ്ക്കുന്ന വലിയൊരു റാലി ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ റാലി അനിശ്ചിതമായി മാറ്റിവച്ചതായി ലഷ്‌കർ-ഇ-തൊയ്ബ പാക് മാധ്യമങ്ങളെ അറിയിച്ചു. ഏറെക്കാലത്തിനു ശേഷമായിരുന്നു ഹാഫിസ് സയീദ് ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഭീഷണി മുന്നറിയിപ്പ് ലഭിച്ചതോടെ എല്ലാം മാറ്റിവെച്ചതായി ഭീകര സംഘടന വ്യക്തമാക്കുകയായിരുന്നു.
തെഹ്‌രീക് -ഇ- താലിബാൻ പാകിസ്താൻ ( ടിടിപി )യിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ഭീഷണികളെ തുടർന്നാണ് ഐഎസ്‌ഐ ഹാഫിസ് സയീദിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. താലിബാനുമായുള്ള സംഘർഷം വർദ്ധിച്ചിരിക്കുന്നതും രാജ്യത്തിനുള്ളിൽ പ്രവർത്തിക്കുന്ന വിവിധ തീവ്രവാദ വിഭാഗങ്ങൾക്കിടയിൽ സംഘർഷങ്ങൾ നിലനിൽക്കുന്നതും ലഷ്‌കർ-ഇ-തൊയ്ബക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.









Discussion about this post