ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ (എൽഎസ്ജി) ചേരുന്നതിന് മുമ്പ്, ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും ആയി ചുമതലയേൽക്കാൻ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ഒരിക്കൽ കെഎൽ രാഹുലിനെ സമീപിച്ചിരുന്നു എന്ന വാർത്ത വരുന്നു. ഐപിഎൽ 2022 സീസണിന് മുമ്പ് എംഎസ് ധോണി നേതൃത്വ സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് രാഹുലിന് നേരിട്ട് ഒരു ഓഫർ നൽകിയത്.
ധോണിയുടെ പിൻഗാമിയായി വലംകൈയ്യൻ ബാറ്റ്‌സ്മാനെ ഫ്രാഞ്ചൈസി കണ്ടിരുന്നു, സിഎസ്‌കെയുടെ വിജയ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന ശാന്തനും സമചിത്തതയുള്ളതുമായ ഒരു നേതാവിനെ നേടുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്. ഇത് കൂടാതെ രാഹുൽ കീപ്പിങ് കൂടി ചെയ്യുമെന്നതിനാൽ തന്നെ ടീമിന് ആ ഡീൽ ഒരു അധിക ബോണസ് ആയിരുന്നു.
എന്നിരുന്നാലും, അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ ടീം നൽകിയ ഉയർന്ന ഓഫർ രാഹുൽ നിരസിക്കുക ആയിരുന്നു. . അദ്ദേഹത്തിന്റെ തീരുമാനം ഫ്രാഞ്ചൈസിയെ ഞെട്ടിച്ചു, ധോണി രാഹുലിനെ ശുപാർശ ചെയ്തതിനാൽ തന്നെ ടീം ആ താരത്തെ മുന്നിൽ കണ്ട് നീക്കങ്ങൾ ആലോചിച്ചിരുന്നു.
രാഹുലിന്റെ വിസമ്മതത്തെത്തുടർന്ന്, ചെന്നൈ സൂപ്പർ കിംഗ്സ് രവീന്ദ്ര ജഡേജയെ ക്യാപ്റ്റനായി നിയമിച്ചു, എന്നാൽ ഇന്ത്യൻ ഓൾറൗണ്ടർ ഫോം കണ്ടെത്താൻ വരെ ഈ ക്യാപ്റ്റൻസി സമ്മർദ്ദം കാരണം ബുദ്ധിമുട്ടി. ഇതോടെ ധോണിയെ തന്നെ ടീം വീണ്ടും നായകനാക്കാൻ നിർബന്ധിതരായി.
മറുവശത്ത്, രാഹുൽ ആ സീസണിലെത്തിയ പുതിയ ടീമായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലേക്കാണ് എത്തിയത്. ചെന്നൈയുടെ ഓഫർ വന്ന സമയത്ത് പുതിയ ടീമായ ലക്നൗവും രാഹുലിനെ സമീപിക്കുക ആയിരുന്നു. എന്നാൽ ടീം ഉടമയുമായിട്ടുള്ള പടലപ്പിണക്കങ്ങൾക്ക് ഒടുവിൽ 2024 സീസണിന് ശേഷം സ്‌ക്വാഡ് വിട്ട താരം ഇപ്പോൾ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമാണ്.













Discussion about this post