വനിതാ ലോകകപ്പിലെ ഇന്ത്യയുടെ ചരിത്രവിജയത്തിന്റെ സന്തോഷത്തിലാണ് ടീമിനെ സ്നേഹിക്കുന്ന ആരാധകരെല്ലാം. പുരുഷ ക്രിക്കറ്റ് സമീപകാലത്ത് കൈവരിച്ച നേട്ടങ്ങളെ വാഴ്ത്തിപ്പാടുമ്പോഴും വനിതാ ക്രിക്കറ്റിന്റെ കാര്യത്തിൽ ആരാധകർ നിരാശരായിരുന്നു. എന്നാൽ ഇന്നലത്തോടെ ആ വിഷമമൊക്കെ മാറി അത് സന്തോഷമായി. ഓസ്‌ട്രേലിയയെ സെമിഫൈനലിൽ തോൽപ്പിച്ചപ്പോൾ തന്നെ കിരീടം കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഇന്ത്യൻ ആരാധകർ. എന്നാലും ഇന്നലത്തെ വിശ്വവിജയം കൂടിയായപ്പോൾ ആ മഹത്വം പൂർണമായി എന്ന് പറയാം.
ഒരുപാട് ആളുകൾക്ക് ഇന്ത്യ ഈ വിജയത്തോടെ കടപ്പെട്ടിട്ടിരിക്കുകയാണ്. ക്യാപ്റ്റൻ ഹർമൻപ്രീത്, സൂപ്പർതാരം സ്‌മൃതി, ഷെഫാലി വര്‍മ, ദീപ്തി ശർമ്മ ഉൾപ്പടെ നിരവധി ആളുകൾക്ക്. എന്നാൽ ഇവർക്കെല്ലാം ഒപ്പം അല്ലെങ്കിൽ ഇവരേക്കാൾ ഒരുപടി മുകളിൽ ഇന്ത്യ ഓർക്കേണ്ട, നന്ദി പറയേണ്ട ഒരു പേരാണ് പരിശീലകൻ അമോൽ മസുംദാറിന്റെ. എങ്ങനെയാണ് തളർന്നിരുന്ന ഒരു ടീമിന്റെ മൈൻഡ് സെറ്റ് തന്നെ മാറ്റി അവരെ പോസിറ്റീവാക്കാമെന്ന് അമോൽ തെളിയിച്ചു. വിജയത്തിന് ശേഷം ഹർമൻപ്രീത് പരിശീലകനെ കെട്ടിപ്പിടിച്ച ഫ്രെയിം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മനോഹരമായ ചിത്രങ്ങളിലൊന്നായി നിലനിൽക്കും.
മുംബൈയിലായിരുന്നു അമോൽ മസുംദാറിൻ്റെ ജനനം. കുട്ടിക്കാലം മുതൽ തന്നെ ക്രിക്കറ്റിനെ സ്നേഹിച്ച അമോൽ സച്ചിൻ ടെണ്ടുൽക്കറും വിനോദ് കാംബ്ലിയും പഠിച്ച അതേ സ്കൂളിലാണ് പഠിച്ചത്. സ്കൂൾ ക്രിക്കറ്റിൽ സച്ചിനും കാംബ്ലിയും ചേർന്ന് 664 റൺസ് എന്ന പ്രശസ്തമായ കൂട്ടുകെട്ട് ഉണ്ടാക്കിയപ്പോൾ, അമോൽ ആയിരുന്നു ഇവർക്ക് ശേഷം വരാനിരുന്ന താരം.
മണിക്കൂറുകളോളം ബാറ്റ് ചെയ്യാൻ മിടുക്കനായ താരത്തിന് കഴിവ് തെളിയിക്കാൻ കിട്ടുന്ന അവസരങ്ങൾ കുറവായിരുന്നു. വല്ലപ്പോഴും കിട്ടുന്ന അവസരങ്ങളിൽ മികവ് കാണിച്ച താരത്തിന് ഒടുവിൽ രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കുവേണ്ടി കളിക്കാൻ അവസരം ലഭിച്ചപ്പോൾ, അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. ആദ്യ മത്സരത്തിൽ തന്നെ അദ്ദേഹം 260 റൺസ് നേടി കളംനിറഞ്ഞപ്പോൾ അത് അരങ്ങേറ്റ മത്സരത്തിൽ ഒരു ഇന്ത്യൻ താരം രഞ്ജിയിൽ നേടിയ ഏറ്റവും ഉയർന്ന സ്കോർ എന്ന അന്നത്തെ റെക്കോർഡായിരുന്നു. താരത്തിൻ്റെ മികവ് ക്രിക്കറ്റ് ലോകം അറിഞ്ഞത് ആ ദിവസമായിരുന്നു.
തുടർന്നുള്ള വർഷങ്ങളിൽ, ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായി അമോൽ മാറി. മുംബൈ ടീം പ്രതിസന്ധിയിലായപ്പോഴെല്ലാം അവരെ രക്ഷിച്ചത് താരത്തിൻ്റെ ബാറ്റിങ് ആയിരുന്നു. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 11,000-ത്തിലധികം റൺസ് നേടിയ അദ്ദേഹം 30 സെഞ്ച്വറികൾ നേടി. മുംബൈയെ നിരവധി രഞ്ജി കിരീടങ്ങൾ നേടാൻ സഹായിക്കുകയും ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസമായി മാറുകയും ചെയ്തു. എന്നാൽ ഇത്ര നന്നായി കളിച്ചിട്ടും, ഇന്ത്യൻ ദേശീയ ടീമിനായി കളിക്കാൻ അദ്ദേഹത്തിന് ഒരിക്കലും അവസരം ലഭിച്ചില്ല. അദ്ദേഹത്തിന്റെ കാലത്ത്, ടെണ്ടുൽക്കർ, ദ്രാവിഡ്, ഗാംഗുലി, ലക്ഷ്മൺ തുടങ്ങിയ മികച്ച ബാറ്റ്സ്മാൻമാർ ഉള്ളതിനാൽ തന്നെ ടീമിൽ ഇടം കണ്ടെത്തുക വളരെ ബുദ്ധിമുട്ടായിരുന്നു. എന്നിട്ടും, അമോൽ ഒരിക്കലും പരാതി പറഞ്ഞില്ല. “എന്റെ ജോലി റൺസ് നേടുക എന്നതാണ്” എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു, അദ്ദേഹം അത് കരിയർ അവസാനം വരെ തുടർന്നു.
വിരമിച്ച ശേഷം, അമോൽ പരിശീലകനായി. അദ്ദേഹം ഐപിഎൽ ടീമുകളുമായി ചേർന്ന് പ്രവർത്തിച്ചു. തുടർന്ന് ഇന്ത്യൻ വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി. അദ്ദേഹത്തിന്റെ മാർഗനിർദേശപ്രകാരം വനിതാ ടീം കൂടുതൽ ആത്മവിശ്വാസത്തോടെയും ശ്രദ്ധയോടെയും കളിക്കാൻ തുടങ്ങ. ഒരു ദിവസം ഒരു യുവതാരം അദ്ദേഹത്തോട് ചോദിച്ചു, “സർ, താങ്കൾ ഇന്ത്യയ്ക്കു വേണ്ടി ഒരിക്കലും കളിച്ചിട്ടില്ല എന്നത് വേദനിപ്പിക്കുന്നില്ലേ?” അമോൽ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “ഒരുപക്ഷേ ഇന്ത്യൻ ടീമിന്റെ ളേഴ്സ് ധരിക്കാതിരുന്നത് എനിക്ക് സങ്കടമുണ്ടാക്കി. പക്ഷേ ഈ ടീമിനെ വളരാൻ സഹായിക്കുക – അതാണ് എന്റെ ആഗ്രഹം .”
ഇപ്പോഴിതാ ഒരിക്കൽ താൻ ക്രിക്കറ്റ് കളിച്ച് തിളങ്ങിയ അതെ മുംബൈയുടെ മണ്ണിൽ അദ്ദേഹത്തിൻ്റെ ശിക്ഷണത്തിൽ ലോകകപ്പ് നേടിയിരിക്കുന്നു. ഇന്ത്യൻ ജേഴ്സി അണിഞ്ഞ പല താരങ്ങൾക്കും കിട്ടാത്ത ലോക കിരീടം എന്ന ഭാഗ്യം ഒരു പരിശീലകൻ എന്ന നിലയിൽ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നു..അമോൽ, നിങ്ങളെ ഇനി എന്നെന്നും ആളുകൾ ഓർക്കും.













Discussion about this post