2026 ലെ ഐപിഎൽ ലേലത്തിന് മുമ്പ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസികൾ അവരുടെ നിലനിർത്തൽ പട്ടിക അന്തിമമാക്കേണ്ട സമയം അടുത്തിരിക്കുകയാണ്. നവംബർ 15 ന് പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതിയോടെ, കളിക്കാരെ ഒഴിവാക്കുമെന്നും ഒപ്പം ചേർക്കുമെന്നുള്ള റിപ്പോർട്ടുകളും കിംവദന്തികളും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പുതിയ റിപ്പോർട്ട് അനുസരിച്ച്, ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഹെൻറിച്ച് ക്ലാസനെ സൺറൈസേഴ്‌സ് ഹൈദരാബാദ് (എസ്‌ആർഎച്ച്) റിലീസ് ചെയ്തേക്കാം എന്ന വാർത്തയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ വർഷം, റെക്കോഡ് ഫീസായ 23 കോടി രൂപയ്ക്ക് എസ്‌ആർഎച്ച് ക്ലാസനെ നിലനിർത്തി. എന്തായാലും അത്ര ഉയർന്ന തുകക്ക് ഇനി താരം വേണ്ട എന്ന നിലപാടാണ് ടീമിന് ഇപ്പോൾ ഉള്ളത്.
2025 ലെ ഐപിഎല്ലിൽ ആറാം സ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ച സൺറൈസേഴ്‌സ് ഹൈദരാബാദ് മാനേജ്‌മെന്റ് അവരുടെ ലേല പദ്ധതികളെക്കുറിച്ച് ചർച്ചകൾ നടത്തുകയാണ് ഇപ്പോൾ. 2025 ലെ ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദ്രാബാദിന്റെ ടോപ് സ്കോററായിരുന്നു ക്ലാസൻ, അവിടെ 13 ഇന്നിംഗ്‌സുകളിൽ നിന്ന് 172 ൽ കൂടുതൽ സ്ട്രൈക്ക് റേറ്റിൽ 487 റൺസ് നേടി. കഴിഞ്ഞ മൂന്ന് സീസണുകളിലെ കണക്കുകൾ നോക്കിയാൽ ഐപിഎല്ലിലെ മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളാണ്, ഓരോ സീസണിലും 170 ൽ കൂടുതൽ സ്ട്രൈക്ക് റേറ്റിൽ 400 ൽ കൂടുതൽ റൺസ് താരം നേടിയിട്ടുണ്ട്.
നിലവിൽ സൺറൈസേഴ്‌സ് ടീമിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരനായ താരം ഐപിഎല്ലിന് ശേഷം, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തൽഫലമായി, 2026 ലെ ഐപിഎൽ മിനി-ലേലത്തിൽ കൂടുതൽ താരങ്ങളെ ലക്ഷ്യമിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ തീരുമാനം.
“അവർക്ക് അതാണ് പറ്റിയ ഓപ്ഷൻ. 23 കോടി അധികമായി കിട്ടുന്നത് വഴി മധ്യനിരയും ബോളിങ് യൂണിറ്റും ശക്തിപ്പെടുത്താൻ ടീമിന് സാധിക്കും” ഹൈദരാബാദ് ടീമുമാമായി ബന്ധപ്പെട്ട ഒരു വ്യക്തി പറഞ്ഞു. ക്ലാസനെ വിട്ടാൽ കുറഞ്ഞ തുകയ്ക്ക് അദ്ദേഹത്തെ തിരികെ വാങ്ങാൻ SRH സജീവമായി ശ്രമിക്കുമെന്നും ഇതേ റിപ്പോർട്ട് പറയുന്നു.













Discussion about this post