സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും ഒരു ജീവൻ കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് മരണം സ്ഥിരീകരിച്ചത്. കൊടുമൺ സ്വദേശിയായ 57 കാരനാണ് മരിച്ചത്. തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം മൂലം നിരവധി പേരാണ് കേരളത്തിൽ അടുത്തിടെ മരണത്തിന് കീഴടങ്ങിയത്. രോഗം നിയന്ത്രണവിധേയമാണെന്നും മരണനിരക്ക് കുറയ്ക്കാനായെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അവകാശപ്പെടുമ്പോഴും രോഗത്തിൻ്റെ ഉറവിടം പോലും ഇത് വരെ കണ്ടെത്താനായിട്ടില്ലെന്നതാണ് വസ്തുത.
ഈ അവസരത്തിൽ അമീബിക് മസ്തിഷ്കജ്വരം സംബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പ് ചർച്ചയാവുകയാണ്. കാസർകോഡ് മുതൽ കന്യാകുമാരി വരെയുള്ള ഒരു വലിയ ഒരൊറ്റ ഓടയാണ് കേരളത്തിലെ ജലസ്രോതസ്സുകൾ. ആൻ്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന തരം ഉഗ്രമായ ബാക്ടീരിയകൾ മുതൽ ഒരു ചികിത്സയും ഇല്ലാത്ത തരം അമീബയും വൈറസ്സുകളുമെല്ലാം ഇവിടെയുണ്ടെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.എന്ത് രോഗത്തിൻ്റെ കാര്യത്തിലായാലും ആരോഗ്യസംവിധാനങ്ങളെല്ലാം ചേർന്ന് ഒരു ഉളുപ്പുമില്ലാതെ പച്ചക്കള്ളം വിളിച്ച് പറയുന്ന ലോകത്തെങ്ങുമില്ലാത്ത ഒരു പരിപാടി കേരളത്തിലുണ്ട്. പഴയ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ പോലും ഇങ്ങനെ പച്ചക്കള്ളം പറയുന്ന സ്റ്റാറ്റിസ്റ്റിക്സ് വൈദ്യശാസ്ത്ര മേഖലയിൽ പ്രചരിപ്പിക്കുന്നത് കണ്ടിട്ടില്ല. അതുകൊണ്ട് ആഗോള മരണനിരക്കായ 97% ൽ നിന്ന് കേരളീയർ അതിനെ 25% ആയി കുറച്ചു എന്ന അവകാശവാദങ്ങൾ ഉപ്പുതൊടാതെ വിഴുങ്ങാൻ വയ്യ. അങ്ങനെയൊരു കുറവ് വന്നെങ്കിൽ അടുത്ത വൈദ്യശാസ്ത്ര നൊബേൽ കേരളത്തിലേക്കായിരിക്കുമെന്നതിനു സംശയമില്ലെന്നും കുറിപ്പിൽ പരിഹസിക്കുന്നു.
കുറിപ്പിൻ്റെ പൂർണരൂപം…..
നേരത്തേയും എഴുതിയിട്ടുള്ളതാണ്.
കേരളത്തിലെ ജലസ്രോതസ്സുകൾ, നദികൾ, കുളങ്ങൾ, കിണറുകൾ, തടാകങ്ങൾ, കായലുകൾ തുടങ്ങി ഒന്നും ശുദ്ധമല്ല. കാസർകോഡ് മുതൽ കന്യാകുമാരി വരെയുള്ള ഒരു വലിയ ഒരൊറ്റ ഓടയാണ് കേരളത്തിലെ ജലസ്രോതസ്സുകൾ. ആൻ്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന തരം ഉഗ്രമായ ബാക്ടീരിയകൾ മുതൽ ഒരു ചികിത്സയും ഇല്ലാത്ത തരം അമീബയും വൈറസ്സുകളുമെല്ലാം ഇവിടെയുണ്ട്.
സാനിറ്റേഷൻ ശാസ്ത്രത്തിൽ കഴിഞ്ഞ പല പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന വിദഗ്ധരോട് സംസാരിച്ച ശേഷമാണ്, അല്ലെങ്കിൽ അവർ തന്ന മുന്നറിയിപ്പ് കാരണമാണ് ഇപ്പോഴും മുൻപും ഇത് ഇവിടെ എഴുതിയിട്ടത്. കേരളത്തിൽ മാറി മാറി വരുന്ന ഗവണ്മെൻ്റുകളും വാട്ടർ അതോറിട്ടിയും ഈ വിഷയത്തെ ഗൗരവപൂർവം സമീപിക്കുന്നില്ല എന്ന് മാത്രമല്ല പല പഠനങ്ങളും പൂഴ്ത്തുന്നു എന്നും ആരോപണങ്ങളുണ്ട്.
സാധാരണയായി അമീബിക് മസ്തിഷ്കജ്വരം പിടിപെടണമെങ്കിൽ മൂക്കിനകത്തേക്ക് അമീബ എന്ന ഏകകോശജീവി ഉള്ള വെള്ളം കയറണം. സാധാരണ കുളിയിൽ പോലും മൂക്കിനകത്തേക്ക് വെള്ളം കയറാൻ സാദ്ധ്യത കുറവാണ്. മുങ്ങിക്കുളിക്കുകയോ വെള്ളത്തിൽ തല പൂഴ്ത്തുകയോ മൂക്കു കഴുകുകയോ നസ്യം ചെയ്യുകയോ ഒക്കെ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കാൻ സാദ്ധ്യതയുള്ളത്.
വെള്ളം ക്ളോറിനേറ്റ് ചെയ്ത് ശുദ്ധീകരിച്ച ശേഷം മാത്രം ഉപയോഗിക്കുക. ഒരൊറ്റ തടാകത്തിലും കുളത്തിലും നദിയിലും പോയി മുങ്ങാം കുഴിയിടാൻ പോവാതെയിരിക്കുക.
അമീബിക് മസ്തിഷ്കജ്വരത്തിന് ഇപ്പോഴും ഫലപ്രദമായ മരുന്നില്ല. അമീബിക് മസ്തിഷ്കജ്വരം വന്നാൽ 100 ൽ 90 പേരിലധികം പേരും മരിച്ചു പോവുമെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ മരണനിരക്ക് കുറക്കുന്നതിൽ അതിഭയങ്കരമായ വിജയം കൈവരിച്ചെന്നൊക്കെ ചിലർ അവകാശപ്പെടുന്നുണ്ട്. കൊള്ളാവുന്ന ഗവേഷണപ്രബന്ധങ്ങളൊന്നും അതിന് തെളിയായി കണ്ടില്ല.
എന്ത് രോഗത്തിൻ്റെ കാര്യത്തിലായാലും ആരോഗ്യസംവിധാനങ്ങളെല്ലാം ചേർന്ന് ഒരു ഉളുപ്പുമില്ലാതെ പച്ചക്കള്ളം വിളിച്ച് പറയുന്ന ലോകത്തെങ്ങുമില്ലാത്ത ഒരു പരിപാടി കേരളത്തിലുണ്ട്. പഴയ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ പോലും ഇങ്ങനെ പച്ചക്കള്ളം പറയുന്ന സ്റ്റാറ്റിസ്റ്റിക്സ് വൈദ്യശാസ്ത്ര മേഖലയിൽ പ്രചരിപ്പിക്കുന്നത് കണ്ടിട്ടില്ല. അതുകൊണ്ട് ആഗോള മരണനിരക്കായ 97% ൽ നിന്ന് കേരളീയർ അതിനെ 25% ആയി കുറച്ചു എന്ന അവകാശവാദങ്ങൾ ഉപ്പുതൊടാതെ വിഴുങ്ങാൻ വയ്യ. അങ്ങനെയൊരു കുറവ് വന്നെങ്കിൽ അടുത്ത വൈദ്യശാസ്ത്ര നൊബേൽ കേരളത്തിലേക്കായിരിക്കുമെന്നതിനു സംശയമില്ല.
ഒരു ഫ്ളാറ്റിലും, ഒരു പൈപ്പിലും കിട്ടുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പിക്കാൻ വയ്യ. കാരണം കുറച്ച് നാൾ മുൻപ് കൊച്ചിയിലെ ഡി എൽ എഫ് ഫ്ളാറ്റിൽ മലം കലർന്ന വെള്ളം ഉപയോഗിച്ച് മനുഷ്യൻ സോംബികളെപ്പോലെ വരാന്തയിലും ലിഫ്റ്റിലും വഴിയിലും വയറിളകി ഛർദ്ദിച്ച് കുഴഞ്ഞ് വീണപ്പോൾ അതൊരു സജീവമായ വാർത്തയാക്കാൻ പോലും ആരും മെനക്കെട്ടില്ല. ഫ്ളാറ്റിൻ്റെ പേരു പറയാൻ മിക്ക മാദ്ധ്യമങ്ങളും തയ്യാറായില്ല. ഒരു അന്തിച്ചർച്ചയും നടത്തിയില്ല.
അന്ന് ഇ കോളി കലർന്ന വെള്ളം ഫ്ളാറ്റിലെ പൈപ്പിലൂടെ കിട്ടിയത് പോലെ ഇന്ന് അമീബ കലർന്ന വെള്ളവും നിങ്ങൾക്ക് പൈപ്പിലൂടെ തന്നേക്കാം. വീട്ടിന്നു പുറത്തിറങ്ങാതെ പൈപ്പുവെള്ളം മാത്രം ഉപയോഗിച്ചവർക്ക് പോലും അമീബിക് മസ്തിഷ്കജ്വരം വന്നു എന്ന് കേൾക്കുന്നതിന് കാരണമതാവും.
സാധാരണഗതിയിൽ അമീബിക് മസ്തിഷ്കജ്വരം പിടിപെടണമെങ്കിൽ മൂക്കിനകത്തേക്ക് ആ വെള്ളം കയറണം. സാധാരണ ഷവറിൽ നിന്ന് വെള്ളം മൂക്കിനകത്തേക്ക് കയറില്ല. ചിലപ്പോൾ അറിയാതെ കയറാനും സാദ്ധ്യതയുണ്ട്. അതുകൊണ്ടാണ് വീട്ടിനുള്ളിൽ കുളിക്കാൻ എടുക്കുന്ന വെള്ളം പോലും ക്ളോറിനേഷൻ നടത്തിയ ശേഷം മാത്രം ഉപയോഗിക്കുക എന്ന് പറഞ്ഞത്.
ഒരു കാരണവശാലും വെള്ളം കൊണ്ട് നസ്യം ചെയ്യാനും മൂക്ക് കഴുകാനുമൊന്നും പോകരുത്.
ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സമൂഹമെന്ന നിലയിൽ നമുക്കെല്ലാം ഇതിലെല്ലാം ഉത്തരവാദിത്തമുണ്ട്.
അവനവൻ്റെ കാര്യം അവനവൻ നോക്കുകയല്ലാതെ കേരളത്തിലിന്ന് ഒന്നും പ്രതീക്ഷിക്കണ്ട. കൂടുതൽ പറയുന്നില്ല!













Discussion about this post