ന്യൂയോർക്ക് മേയറായി ഇന്ത്യൻ വംശജൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. യുഎസിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി ഡെമോക്രാറ്റ് സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി(34) ആണ് വിജയിച്ചത്. ന്യൂയോർക്കിന്റെ ആദ്യ മുസ്ലീം,ദക്ഷിണേഷ്യൻ മേയർ എന്ന പദവിയും മംദാനിക്ക് സ്വന്തമായി. ഇപ്പോഴിതാ മംദാനിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സോഷ്യൽമീഡിയയിൽ ഒരു പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് അഭിനന്ദനം.
ട്രംപിന്റെ അമേരിക്കയിൽ ജനക്ഷേമത്തിന് മുൻഗണന നൽകുന്ന നയങ്ങൾക്കും സ്വീകാര്യത ലഭിക്കുമെന്ന് ഈ വിജയം തെളിയിച്ചതായി എം എ ബേബി പറഞ്ഞു. മംദാനിക്കും മംദാനി പ്രതിനിധാനം ചെയ്യുന്ന ജനങ്ങൾക്കും ഒപ്പം നിൽക്കുമെന്ന് എംഎ ബേബി കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ച സൊഹ്റാൻ മംദാനിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇന്ത്യൻ വേരുകളുള്ള ഒരാളെന്ന നിലയിൽ അങ്ങയുടെ വിജയം ഞങ്ങൾക്ക് അഭിമാനകരമായ നിമിഷമാണ്. ട്രംപിന്റെ അമേരിക്കയിൽ ജനക്ഷേമത്തിന് പ്രാമുഖ്യം നൽകുന്ന നയങ്ങൾക്കും സ്വീകാര്യത ലഭിക്കുമെന്ന് ഈ വിജയത്തിലൂടെ തെളിഞ്ഞു. സാമ്രാജ്യത്വ, സൈനിക, വ്യാവസായിക, മാദ്ധ്യമ ശക്തികൾക്കെതിരെ നിങ്ങൾ ശബ്ദമുയർത്തുമ്പോൾ പുരോഗമന, ജനാധിപത്യ വിശ്വാസികളായ ഞങ്ങൾ നിങ്ങളോടും നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന ജനങ്ങൾക്കും ഒപ്പംനിൽക്കും. ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്ന ശക്തികൾക്കെതിരെ നമ്മുടെ ജനങ്ങൾ ഒന്നിച്ചുനിന്ന് പൊതു അടിത്തറ തീർക്കട്ടെ.’
രണ്ട് ദശലക്ഷത്തിലധികം ന്യൂയോർക്കുകാർ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ മുൻ ഗവർണർ ആൻഡ്രു കുമോയെയും റിപ്പബ്ലിക്കൻ കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനി വിജയിച്ചത്. ഭാവി നമ്മുടെ കയ്യിലാണെന്നും നമ്മൾ ഒരു രാഷ്ട്രീയ രാജവംശത്തെ അട്ടമറിച്ചെന്നുമാണ് വിജയത്തിന് ശേഷം അദ്ദേഹം പറഞ്ഞത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയും മംദാനി പ്രതികരിച്ചു. ട്രംപിനെ വളർത്തിയ നഗരം അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കുമെന്ന് രാജ്യത്തെ കാണിച്ചുവെന്ന് മംദാനി പരിഹസിച്ചു. തന്റെ പ്രസംഗം ട്രംപ് കേൾക്കുന്നുണ്ടെന്ന് അറിയാമെന്നും ശബ്ദം കൂട്ടിവെച്ചോളൂവെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യൻ സമയം ഇന്ന് രാവിലെ 7:30 നാണ് വോട്ടെടുപ്പ് പൂർത്തിയായത്. പിന്നാലെ ഫലം പ്രഖ്യാപിക്കുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശകനാണ് മംദാനി.ഇന്ത്യൻ-അമേരിക്കൻ ചലച്ചിത്രസംവിധായിക മീരാ നായരുടെയും കൊളംബിയ സർവകലാശാലാ അദ്ധ്യാപകനും ഇന്ത്യൻ വംശജനുമായ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ മംദാനി. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലായിരുന്നു സൊഹ്റാൻ മംദാനിയുടെ ജനനം.













Discussion about this post