2025 ലെ ഏഷ്യാ കപ്പ് ട്രോഫി വിവാദത്തെക്കുറിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവി മൊഹ്‌സിൻ നഖ്‌വിയുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ദേവജിത് സൈകിയ വെളിപ്പെടുത്തി. ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ശേഷം സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം നഖ്‌വിയിൽ നിന്ന് വിജയിയുടെ ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചു. പിന്നാലെ കലിപ്പിൽ പിസിബി മേധാവി ട്രോഫിയുമായി പോയി, ഇന്ത്യൻ ക്രിക്കറ്റ് ടീം ഇതുവരെ അത് സ്വീകരിച്ചിട്ടില്ല. തങ്ങൾക്ക് ട്രോഫി വേണം എന്ന വാശിയിൽ ഇന്ത്യയും, നേരിട്ട് തന്റെ കൈയിൽ നിന്ന് മേടിക്കാതെ തരില്ല എന്ന് പിസിബി മേധാവിയും പറഞ്ഞതോടെ വിവാദം കനത്തു.
ദുബായിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) യോഗങ്ങളിൽ ബിസിസിഐ ഈ വിഷയം ഉന്നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, വിഷയം ‘അനൗപചാരികമായി’ രണ്ട് ക്രിക്കറ്റ് ബോർഡുകളും ചർച്ച ചെയ്തതിന് പിന്നാലെ ‘ പ്രശ്ങ്ങളിൽ മഞ്ഞുരുകി’ എന്ന് ദേവജിത് സൈകിയ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഐസിസി ഡെപ്യൂട്ടി ചെയർ ഇമ്രാൻ ഖവാജയും സിഇഒ സൻജോഗ് ഗുപ്തയും ബിസിസിഐയും പിസിബിയും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചു.
“ഐസിസിയുടെ ഔപചാരിക യോഗത്തിലും അനൗപചാരികമായ യോഗത്തിലും ഞാൻ പങ്കെടുത്തിരുന്നു. പിസിബി ചെയർപേഴ്‌സൺ മൊഹ്‌സിൻ നഖ്‌വിയും സന്നിഹിതനായിരുന്നു. ഐസിസിയുടെ മുതിർന്ന ഭാരവാഹിയുടെയും മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥന്റെയും സാന്നിധ്യത്തിൽ ഞാനും പിസിബി മേധാവിയും തമ്മിൽ വെവ്വേറെ ഒരു കൂടിക്കാഴ്ചയ്ക്ക് ഐസിസി സൗകര്യമൊരുക്കി,” സൈകിയ പിടിഐയോട് പറഞ്ഞു.
“ചർച്ച ഭംഗിയായായി തന്നെ കഴിഞ്ഞു. ഐസിസി ബോർഡ് മീറ്റിംഗിനിടെ നടന്ന യോഗത്തിൽ ഇരുപക്ഷവും പങ്കെടുത്തു. ഒരു പരിഹാരം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ.” അദ്ദേഹം പറഞ്ഞു.
ട്രോഫി ദുബായിലെ എസിസി ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുകയാണ്, തന്റെ അനുവാദമില്ലാതെ അത് മാറ്റരുതെന്ന് അവിടത്തെ ജീവനക്കാരോട് നഖ്‌വി നിർദ്ദേശിച്ചു.













Discussion about this post