കാസർഗോഡ്: സ്വന്തം വീടിന് നേരെ വെടിയുതിർത്ത 14- കാരൻ പിടിയിൽ. ഉപ്പള ദേശീയപാതയ്ക്ക് സമീപം ഹിദായത്ത് ബസാറിലെ ഒരു പ്രവാസിയുടെ വീട്ടിലാണ് സംഭവം. കുട്ടി ഉപയോഗിച്ച എയർഗൺ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച വൈകിട്ടാണ് വീടിന്റെ മുകൾനിലയിലെ ബാൽക്കണിയിൽ വെടിവെയ്ക്കുന്ന ശബ്ദം കേട്ടത്. ജനൽ ചില്ല് തകരുകയും അവിടെനിന്ന് അഞ്ച് പെല്ലറ്റുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. വെടിവയ്പ്പുണ്ടായ കാര്യം കുട്ടി തന്നെയാണ് വീട്ടുകാരെ അറിയിച്ചത്. ആക്രമണം നടക്കുമ്പോൾ മാതാവും മറ്റു രണ്ടു മക്കളും പുറത്തുപോയിരുന്നു. പതിനാലുകാരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മൊബൈല്‍ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കെ ശബ്ദംകേട്ടെന്നും പുറത്തേക്ക് നോക്കിയപ്പോള്‍ നാലംഗസംഘം കാറില്‍ കയറിപ്പോകുന്നത് കണ്ടെന്നുമായിരുന്നു 14-കാരന്റെ മൊഴി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവസമയത്ത് കാർ വന്നതായി കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് സംശയം തോന്നിയ പോലീസ് കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പിതാവിന്റെ എയർഗൺ എടുത്ത് വെടിയുതിർക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്.













Discussion about this post