ചെന്നൈ സൂപ്പർ കിങ്‌സ്- ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം, നിരവധി തവണ ഫൈനലിൽ എത്തിയവർ, നിരവധി പ്ലേ ഓഫ് പ്രവേശനം, അങ്ങനെ ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച ടീം ഈ കളത്തിൽ എല്ലാം ജയിച്ചുകയറാൻ കാരണം അവരുടെ ടീം മൊത്തത്തിൽ ഉള്ള കൂട്ടായ പ്രവർത്തനം ആയിരുന്നു. ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കാതെ കൂട്ടായ ടീം ഗെയിം ആയിരുന്നു ചെന്നൈയുടെ ആയുധം. എന്നാൽ ലീഗ് അതിന്റെ 18 ആം സീസണിലേക്ക് വന്നപ്പോൾ ആ മികവ് ചെന്നൈക്ക് നഷ്ടമായിരുന്നു.
ഒരു ടീം എന്ന നിലയിൽ ഒന്നും ചെയ്യാനാകാതെ, ആർക്കും ജയിക്കണം എന്ന വാശി ഇല്ലാതെ, താരങ്ങൾ എല്ലാം മോശം ഫോമിൽ കളിക്കുന്ന ചെന്നൈയെ കഴിഞ്ഞ സീസണിൽ കണ്ടു. എവിടെയാണ് പിഴച്ചത് എന്ന് ചോദിച്ചാൽ സർവം ചെന്നൈ സൂപ്പർ കിങ്സിന് പിഴച്ചു എന്ന് തന്നെയാണ് ഉത്തരം. ഋതുരാജ് നായകനായി തുടങ്ങിയ സീസണിൽ താരത്തിന് ഇടക്ക് പരിക്ക് പറ്റിയപ്പോൾ ധോണി തന്നെ നായകസ്ഥാനം ഏറ്റെടുത്തു. ഓപ്പണർമാർ മോശം പ്രകടനം നടത്തിയതും, ബോളിങ്ങിലെ സ്ഥിരത കുറവും എല്ലാം കൂടിയായപ്പോൾ ചെന്നൈ അവസാന സ്ഥാനക്കാരായി പോരാട്ടം അവസാനിപ്പിച്ചു.
തങ്ങളുടെ ഏറ്റവും മോശം സീസണിന് ശേഷം ചെന്നൈ സൂപ്പർ കിങ്‌സ് ഒരു തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. ധോണിയെ ഇപ്പോഴും അമിതമായി കീപ്പിങ്ങിൽ ഉൾപ്പടെ ആശ്രയിക്കേണ്ട ഗതി ഒഴിവാക്കാനാണ് ചെന്നൈ സഞ്ജു സാംസണെ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഉടൻ തന്നെ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിതീകരണം വന്നേക്കാം. സഞ്ജു വന്നാൽ ടീമിന്റെ ടോപ് 5 ഇങ്ങനെ ആയിരിക്കും. ആയുഷ് മാത്രെ, റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസൺ, ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ്. എങ്ങനെ നോക്കിയാലും മികച്ച ടോപ് 5 തന്നെയാണ് ഇതെന്ന് നമുക്ക് മനസിലാകും. എന്നാൽ ചെന്നൈയെ സംബന്ധിച്ചുള്ള പരീക്ഷണം ശേഷമാണ് വരുന്നത്.
ആറാം നമ്പറിലും എട്ടാം നമ്പറിലും ചെന്നൈ താരങ്ങളെ കണ്ട് പിടിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. സാം കരൺ, ജഡേജ തുടങ്ങിയവർ ടീം വിടുമ്പോൾ അവർക്ക് പകരക്കാരെ ടീം നോക്കിയേ പറ്റൂ. ഇതിൽ ജഡേജക്ക് പകരക്കാരെ കണ്ട് പിടിക്കുക എന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. ഓൾ റൗണ്ടർ എന്ന നിലയിൽ ജഡേജയുടെ കഴിവുള്ള താരത്തെ കണ്ട് പിടിക്കുക പ്രയാസം തന്നെയാണ്. അതിനെക്കാൾ ബുദ്ധിമുട്ടാണ് ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ വിക്കറ്റ് നേടാൻ കഴിവുള്ള താരത്തെ ഒപ്പം കൂട്ടുക എന്നത്.
മിനി ലേലമായതിനാൽ തന്നെ ചെന്നൈ സൂപ്പർ കിങ്സിന് പകരത്തിന് പകരം ആളെ കിട്ടുമോ എന്നത് കണ്ടറിയണം.













Discussion about this post