ചെന്നൈ സൂപ്പർ കിങ്‌സ്- ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. 5 തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ടീം, നിരവധി തവണ ഫൈനലിൽ എത്തിയവർ, നിരവധി പ്ലേ ഓഫ് പ്രവേശനം, അങ്ങനെ ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച ടീം ഈ കളത്തിൽ എല്ലാം ജയിച്ചുകയറാൻ കാരണം അവരുടെ ടീം മൊത്തത്തിൽ ഉള്ള കൂട്ടായ പ്രവർത്തനം ആയിരുന്നു. ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിക്കാതെ കൂട്ടായ ടീം ഗെയിം ആയിരുന്നു ചെന്നൈയുടെ ആയുധം. എന്നാൽ ലീഗ് അതിന്റെ 18 ആം സീസണിലേക്ക് വന്നപ്പോൾ ആ മികവ് ചെന്നൈക്ക് നഷ്ടമായിരുന്നു.
ഒരു ടീം എന്ന നിലയിൽ ഒന്നും ചെയ്യാനാകാതെ, ആർക്കും ജയിക്കണം എന്ന വാശി ഇല്ലാതെ, താരങ്ങൾ എല്ലാം മോശം ഫോമിൽ കളിക്കുന്ന ചെന്നൈയെ കഴിഞ്ഞ സീസണിൽ കണ്ടു. എവിടെയാണ് പിഴച്ചത് എന്ന് ചോദിച്ചാൽ സർവം ചെന്നൈ സൂപ്പർ കിങ്സിന് പിഴച്ചു എന്ന് തന്നെയാണ് ഉത്തരം. ഋതുരാജ് നായകനായി തുടങ്ങിയ സീസണിൽ താരത്തിന് ഇടക്ക് പരിക്ക് പറ്റിയപ്പോൾ ധോണി തന്നെ നായകസ്ഥാനം ഏറ്റെടുത്തു. ഓപ്പണർമാർ മോശം പ്രകടനം നടത്തിയതും, ബോളിങ്ങിലെ സ്ഥിരത കുറവും എല്ലാം കൂടിയായപ്പോൾ ചെന്നൈ അവസാന സ്ഥാനക്കാരായി പോരാട്ടം അവസാനിപ്പിച്ചു.
തങ്ങളുടെ ഏറ്റവും മോശം സീസണിന് ശേഷം ചെന്നൈ സൂപ്പർ കിങ്‌സ് ഒരു തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. ധോണിയെ ഇപ്പോഴും അമിതമായി കീപ്പിങ്ങിൽ ഉൾപ്പടെ ആശ്രയിക്കേണ്ട ഗതി ഒഴിവാക്കാനാണ് ചെന്നൈ സഞ്ജു സാംസണെ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഉടൻ തന്നെ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിതീകരണം വന്നേക്കാം. എന്നാൽ സഞ്ജുവിന്റെ വരവോടെ ടോപ് ഓർഡർ കുറച്ചുകൂടി മെച്ചപ്പെടുത്താൻ ചെനാനിക്ക് സാധിച്ചിട്ടുണ്ട്. എല്ലാ ടീമുകളും ആക്രമിച്ചു കളിക്കുന്ന പവർ പ്ലേയിൽ ചെന്നൈ കഴിഞ്ഞ സീസണിലൊക്കെ ഏകദിന സ്റ്റൈലിൽ ആണ് കളിച്ചത്.
2025-ൽ സിഎസ്‌കെയുടെ പവർപ്ലേ റൺ റേറ്റ് വെറും 8.70 ആയിരുന്നു – സീസണിലെ ഏറ്റവും താഴ്ന്ന റൺ റേറ്റും ഇതായിരുന്നു. ടീമിന്റെ സിക്സ്-ഹിറ്റിംഗ് കഴിവ് ദുർബലമായിരുന്നു, 102 സിക്സ് മാത്രമാണ് അവരാകെ അടിച്ചത്. സഞ്ജു വരുന്നതോടെ അതിന് ഒരു പരിഹാരം കണ്ടെത്തിയേക്കാം. സ്വാഭാവികമായും, അടുത്ത സീസണിന് മുമ്പ് അവരുടെ ബാറ്റിംഗ് യൂണിറ്റിൽ ഒരു വലിയ അഴിച്ചുപണി പ്രതീക്ഷിക്കുന്നു, ഡെവൺ കോൺവേ, രാഹുൽ ത്രിപാഠി, ദീപക് ഹൂഡ തുടങ്ങിയ കളിക്കാരെ ടീം പുറത്താകും.
സിഎസ്‌കെ കോൺവേയിൽ വളരെയധികം വിശ്വാസം അർപ്പിക്കുകയും കിവി ഓപ്പണർക്കായി 6.25 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തതാണ്. എന്നാൽ പിതാവിന്റെ മരണത്തെത്തുടർന്നുണ്ടായ വ്യക്തിഗത ദുരന്തം അദ്ദേഹത്തിന്റെ സീസണിലെ പാളം തെറ്റിച്ചു. രണ്ട് അർദ്ധസെഞ്ച്വറികളും നേടിയിട്ടും ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 26 ശരാശരിയിൽ 156 റൺസ് മാത്രമേ അദ്ദേഹം നേടിയുള്ളു.
അദ്ദേഹത്തെ കൂടാതെ’യെല്ലോ ആർമി’യുടെ ഏറ്റവും വലിയ നിരാശ രാഹുൽ ത്രിപാഠിയും (3.40 കോടി രൂപ) ദീപക് ഹൂഡയും (1.70 കോടി രൂപ) ആയിരുന്നു. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 55 റൺസ് മാത്രമേ ത്രിപാഠിക്ക് നേടാനായുള്ളൂ, അതേസമയം ഹൂഡ അതിലും മോശം പ്രകടനം കാഴ്ചവച്ചു, അത്രയും തന്നെ മത്സരങ്ങളിൽ നിന്ന് 31 റൺസ് മാത്രം നേടി. മോശം പ്രകടനം കണക്കിലെടുക്കുമ്പോൾ, അടുത്ത ലേലത്തിന് മുമ്പ് ഇരുവരെയും വിട്ടയക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് കൂടാതെ വിജയ് ശങ്കറിനെയും ടീം ഒഴിവാക്കും. ഓൾ റൗണ്ടർ എന്ന ടാഗിൽ നിന്നുകൊണ്ട് ടീമിന് ഗുണമായി ഒന്നും ചെയ്യാൻ താരത്തിനായില്ല. ചില ഇന്ത്യൻ താരങ്ങളെയും ടീം ഒഴിവാക്കും. ഇവരെ കൂടാതെ കൂടാതെ രവീന്ദ്ര ജഡേജ, സാം കരൺ തുടങ്ങിയവരെയും ഒഴിവാക്കുന്ന ചെന്നൈ 30 കോടി രൂപയുമായിട്ടാകും ലേലത്തിലേക്ക് കടക്കുക. സാമിന്റെ പകരക്കാരനായി കാമറൂൺ ഗ്രീൻ, കൊൽക്കത്ത ഒഴിവാക്കി ലേലത്തിൽ അയക്കുന്ന വെങ്കടേഷ് അയ്യർ, ഗുജറാത്ത് ഒഴിവാക്കിയാൽ വാഷിംഗ്‌ടൺ സുന്ദർ തുടങ്ങിയ താരങ്ങളെ ഒപ്പം കൂട്ടാൻ ചെന്നൈ ശ്രമിക്കും.













Discussion about this post