ഇന്നലെ ബംഗ്ലാദേശ് എയ്‌ക്കെതിരായ ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് 2025 സെമിഫൈനലിൽ വൈഭവ് സൂര്യവംശിയെ സൂപ്പർ ഓവറിനായി അയയ്ക്കാത്തതിന്റെ കാരണം ഇന്ത്യ എ ക്യാപ്റ്റൻ ജിതേഷ് ശർമ്മ വിശദീകരിച്ചു. രാമൻദീപ് സിങ്ങിനൊപ്പം ജിതേഷ് ബാറ്റ് ചെയ്യാൻ ഇറങ്ങിയെങ്കിലും ആദ്യ പന്തിൽ തന്നെ ഡക്ക് ആയി പുറത്തായി. പിന്നാലെ അശുതോഷ് ശർമ്മയും പൂജ്യനായി മടങ്ങിയതോടെ ഇന്ത്യക്ക് ബംഗ്ലാദേശിന് മുന്നിൽ വെറും 1 റൺ മാത്രമാണ് ലക്ഷ്യമായി കൊടുക്കാൻ ഇന്ത്യക്ക് സാധിച്ചത്.
മറുപടിയായി, ബംഗ്ലാദേശിന് ഒരു വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം പന്തിൽ സുയാഷ് ശർമ്മ വൈഡ് എറിഞ്ഞതോടെ ബംഗ്ലാദേശ് ജയിച്ചുകയറി. തോൽവിക്ക് ശേഷം, 14 വയസ്സുള്ള സൂര്യവംശിയെ താരം മികച്ച ഫോമിലായിരുന്നിട്ടും എന്ത് കൊണ്ട് സൂപ്പർ ഓവറിൽ കളത്തിലിറക്കിയില്ല എന്ന ചോദ്യം ഉയർന്നു.
ഇന്നലത്തെ മത്സരത്തിൽ 15 പന്തിൽ നിന്ന് 38 റൺസ് നേടിയ വൈഭവ് പവർപ്ലേ ഓവറുകളിൽ ആണ് കൂടുതൽ ഫലപ്രദനെന്നും ഡെത്ത് ഓവറുകളിൽ അശുതോഷിന്റെയും രാമൻദീപിന്റെയും മികവ് കാരണം അവരെ വിശ്വസിച്ചു എന്നും ജിതേഷ് പറഞ്ഞു. “ടീമിൽ, വൈഭവും പ്രിയാൻഷും പവർപ്ലേയിൽ പ്രാവീണ്യമുള്ളവരാണ്, അതേസമയം ഡെത്ത് ഓവറുകളിൽ, ആഷുവിനും രാമനും നന്നായി കളിക്കാൻ സാധിക്കും. അതിനാൽ സൂപ്പർ ഓവർ ലൈനപ്പ് ഒരു ടീം തീരുമാനമായിരുന്നു, ഞാൻ ആ അന്തിമ തീരുമാനം എടുത്തു,” മത്സരശേഷം നടന്ന അവതരണ ചടങ്ങിൽ ജിതേഷ് പറഞ്ഞു.
ഇരു ടീമുകളും 20 ഓവറിൽ 194 റൺസ് എടുത്ത് സമനിലയിലായതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. എന്നാൽ അവിടെ ആദ്യ പന്ത് നേരിട്ട ജിതേഷ് ശർമ ബൗൾഡായി മടങ്ങി. തൊട്ടടുത്ത പന്തിൽ അഷുതോഷ് ശർമയും പുറത്തായതോടെ ഇന്ത്യക്ക് സൂപ്പർ ഓവറിൽ റൺസൊന്നും നേടാൻ സാധിച്ചില്ല.












Discussion about this post