ടെസ്റ്റ് ഫോർമാറ്റിൽ വൈസ് ക്യാപ്റ്റനായതിന് പിന്നാലെ, ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ഏകദിന ഫോർമാറ്റിൽ ടീം ഇന്ത്യയെ നയിക്കാൻ പോകുന്നു. നവംബർ 30 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ ഇറങ്ങുമ്പോൾ പന്ത് ആയിരിക്കും ഇന്ത്യയെ നയിക്കുക എന്നാണ് റിപ്പോർട്ട്. പരമ്പരയ്ക്ക് മുമ്പ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സുഖം പ്രാപിക്കാൻ സാധ്യതയില്ല എന്നാണ് മനസിലാകുന്നത്.
ഗിൽ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിന് പരിക്കുപറ്റിയതിന് ശേഷം കളം വിട്ടതാണ്. ശേഷം രണ്ടാം ടെസ്റ്റും നഷ്ടമായ താരം ഇതുവരെ പരിശീലനം ആരംഭിച്ചിട്ടില്ല. ഇതിനുപുറമെ, ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ ഇടത് വാരിയെല്ലിനേറ്റ ഗുരുതര പരിക്കിൽ നിന്ന് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും സുഖം പ്രാപിച്ചിട്ടില്ല. അങ്ങനെയെങ്കിൽ, ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് പുതിയ ഏകദിന ക്യാപ്റ്റനെ നിയമിക്കാൻ ബിസിസിഐ നിർബന്ധിതരാകും.
പന്തും രാഹുലും തമ്മിലായിരിക്കും ഈ കാര്യത്തിൽ മത്സരിക്കുക എന്ന് തന്നെയാണ് ഇപ്പോൾ മനസിലാകുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, ഉടൻ തന്നെ പ്രഖ്യാപനം നടത്താനാണ് സാധ്യത. പരമ്പരയിലെ ആദ്യ മത്സരം നവംബർ 30 ന് റാഞ്ചിയിലെ ജെഎസ്‌സിഎ ഇന്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്‌സിൽ നടക്കും. അവിടെ , ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏകദിന പരമ്പരയ്ക്ക് ശേഷം വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും മെൻ ഇൻ ബ്ലൂവിനായി തിരിച്ചെത്തും.
എന്നിരുന്നാലും, ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ എന്നിവരുടെ പരിക്കുകൾ കാരണം ഇന്ത്യൻ ഏകദിന ടീമിൽ നിരവധി മാറ്റങ്ങൾ ഉണ്ടായേക്കാം. പിടിഐ റിപ്പോർട്ട് പ്രകാരം, ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും ഏകദിന പരമ്പരയിൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യതയുണ്ട്. ടി 20 ലോകകപ്പ് മുൻനിർത്തിയുള്ള ഒരുക്കങ്ങളുടെ ഭാഗമായിട്ടാണിത്.











Discussion about this post