ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ചാരമാക്കി ഓസ്ട്രേലിയ. ഇന്ന് ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുന്നതിന് മുമ്പുതന്നെ ചടങ്ങ് അവസാനിപ്പിച്ച് 8 വിക്കറ്റിന്റെ ഗംഭീര ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ആദ്യ ദിവസം തന്നെ ബോളർമാരുടെ പറുദീസ ആണെന്ന് കാണിച്ച ട്രാക്കിൽ ഇരുടീമുകളുടെയും 19 വിക്കറ്റുകൾ ആയിരുന്നു വീണത്.
ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 172 റൺസിന് പുറത്താകുക ആയിരുന്നു. സ്റ്റാർക്കിന്റെ 7 വിക്കറ്റ് പ്രകടനമായിരുന്നു ഇന്നിങ്സിന്റെ ഹൈലൈറ്റ്. എന്നാൽ മറുപടിയിൽ അതെ നാണയത്തിൽ ഇംഗ്ലണ്ടും തിരിച്ചടിച്ചതോടെ കളി മാറി. ഇന്നലെ തന്നെ ഓസ്‌ട്രേലിയയുടെ 9 വിക്കറ്റുകൾ വീഴ്ത്തിയ അവർ ഇന്ന് തുടക്കത്തിൽ തന്നെ ഓസ്‌ട്രേലിയയുടെ അവസാന വിക്കറ്റും വീഴ്ത്തി അവരെ 132 റൺസിലൊതുക്കി. നിർണായകമായ 40 റൺസ് ലീഡ് അവർ എടുത്തപ്പോൾ 5 വിക്കറ്റ് എടുത്ത ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് ആയിരുന്നു ഹീറോയായത്.
40 റൺസിന്റെ ലീഡോക്കെ ഉണ്ടായിരുന്നു എങ്കിലും സ്റ്റാർകിന്റെയും ബോളണ്ടിന്റെയും പേസിന് മുന്നിൽ ഒരിക്കൽക്കൂടി ഉത്തരമില്ലാതെ പോയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിലും പെട്ടെന്നുതന്നെ അവസാനിച്ചു. ഗസ് ആറ്റ്കിൻസണും (37) ബ്രൈഡൺ കാർസും (20) ചേർന്ന് നേടിയ 50 റൺസിന്റെ നിർണായക കൂട്ടുകെട്ട് ഇല്ലായിരുന്നു എങ്കിൽ വലിയ ദുരന്തമാകുമായിരുന്നു അവരുടെ ഇന്നിങ്‌സ്. എന്തായാലും ആകെ 164 റൺസെടുത്ത എടുത്ത അവർ 200 റൺസിന് മുകളിലുള്ള ലക്ഷ്യം ഓസ്‌ട്രേലിയക്ക് മുന്നിൽ വെച്ചു. ബോളണ്ട് 4/33 എന്ന കണക്കുകൾ നേടി ഓസ്‌ട്രേലിയൻ ഹീറോയായി.
200 റൺസിന് മുകളിൽ ഉള്ള ലക്ഷ്യവും ഈ ട്രാക്കും കൂടിയാകുമ്പോൾ ഓസ്ട്രേലിയ വിയർക്കും എന്ന് കരുതിവർക്ക് തെറ്റുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ടി 20 കളിക്കുന്ന രീതിയിൽ ഇംഗ്ലീഷ് ബോളർമാരെ അടിച്ചുപറത്തിയ ഓസ്‌ട്രേലിയൻ ഓപ്പണർമാർ മികച്ച തുടക്കമാണ് ടീമിന് നൽകിയത്. ആദ്യ ഇന്നിങ്സിൽ പൂജ്യമായി മടങ്ങിയ ജെയ്ക്ക് വെതറാൾഡ് ( 23 ) റൺ നേടി അരങ്ങേറ്റത്തിൽ വരവ് മികച്ചതാക്കി. എന്നാൽ താരമായത് ട്രാവിസ് ഹെഡ് ആയിരുന്നു. എന്താണ് തന്റെ റേഞ്ച് എന്ന് ലോകത്തിനെ കാണിച്ച താരം 69 പന്തിലാണ് സെഞ്ച്വറി നേടിയത്. 83 പന്തിൽ 123 റൺ നേടി താരം മടങ്ങുമ്പോൾ ഓസ്ട്രേലിയ ജയം ഉറപ്പിച്ചിരുന്നു.
എന്തായാലും 2 ദിവസം കൊണ്ട് ഒരു ടെസ്റ്റ് അവസാനിക്കുമ്പോൾ ഇന്ത്യൻ പിച്ചിനെ പണ്ടൊക്കെ കുറ്റം പറഞ്ഞവർ എന്ത് പറയുമെന്ന് മാത്രമാണ് ഇനി ചോദ്യം.













Discussion about this post