ഒരു ക്രിക്കറ്റ് താരത്തിനെ ഏവരും ശ്രദ്ധിച്ചു തുടങ്ങുന്നത് അവന്റെ യൗവന കാലത്താണ്. അവിടെ നിന്ന് അവന്റെ വളർച്ച കാണുന്ന നമ്മൾ കരിയറിന്റെ അവസാന ഭാഗം വരെയുള്ള ഗ്രാഫ് ശ്രദ്ധിക്കും. ചില താരങ്ങളുടെ ഗ്രാഫ് മുകളിൽ നിന്ന് താഴോട്ട് ആണെങ്കിൽ ചിലരുടെ നേരെ തിരിച്ചാണ്. എന്നാൽ യൗവന കാലത്ത് അധികം അവസരം കിട്ടാതെ നിന്ന താരങ്ങളുടെ കാര്യം എങ്ങനെയാണ്? അവർക്ക് ടീമിൽ സ്ഥിരസ്ഥാനം കിട്ടാൻ എന്ത് ചെയ്യാനാകും? കിട്ടുന്ന അവസരങ്ങളിൽ നന്നായി കളിക്കുക എന്നതാണ് ഇത്തരം സാഹചര്യത്തിലൊക്കെ ചെയ്യാൻ പറ്റുന്നത്. അങ്ങനെയുള്ള താരമാണ് ഇന്നലെ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ സെനുരാൻ മുത്തുസാമി. പരിമിതമായ അവസരങ്ങളെ തന്റെ രാജ്യത്തിന്റെ സെലക്ടർമാരുടെ ശ്രദ്ധ ആവശ്യമുള്ള പ്രകടനങ്ങളാക്കി മാറ്റാൻ അയാൾക്ക് കഴിഞ്ഞിരിക്കുകയാണ്.
2019 ഒക്ടോബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ശേഷം, ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീമിൽ വിശ്വസിക്കാൻ പറ്റുന്ന ഒരു ഓപ്ഷനായി സ്വയം സ്ഥാപിക്കാൻ അദ്ദേഹത്തിന് ഏകദേശം ആറ് വർഷമെടുത്തു. ലോക ടെസ്റ്റ് ചാമ്പ്യന്മാരായി കിരീടം നേടിയ ടീമിലേക്ക് വഴിമാറിയ സെനുരാൻ മുത്തുസാമി തന്റെ രണ്ടാം വരവ് പൂർണ്ണമായും പ്രയോജനപ്പെടുത്തി ഇപ്പോൾ ടീമിന്റെ ഒഴിച്ചുകൂടാനാകാത്ത താരമായിരിക്കുകയാണ്.
2019 ഒക്ടോബറിൽ വിശാഖപട്ടണത്ത് ഇന്ത്യയ്‌ക്കെതിരായ ഒരു എവേ മത്സരത്തിലൂടെയാണ് മുത്തുസാമി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഫലം? 90 എന്ന ബൗളിംഗ് ശരാശരിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിക്കറ്റുകൾ മാത്രമാണ് താരത്തിന് നേടാനായത്. തുടർന്ന് അടുത്ത ടെസ്റ്റ് മത്സരത്തിനായി ഏകദേശം മൂന്നര വർഷം കാത്തിരുന്നെങ്കിലും അവിടെ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മത്സരത്തിൽ വിക്കറ്റ് നേടാനായില്ല.
ഇക്കാലമത്രയും, ഓൾറൗണ്ടർ ബാറ്റിംഗിലും ബുദ്ധിമുട്ടി, ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 26.25 ശരാശരിയിൽ ഏകദേശം 100 റൺസ് മാത്രമായിരുന്നു സമ്പാദ്യം. എന്തായാലും വിട്ടുകൊടുക്കാതെ പൊരുതിയ സെനുരൻ മുത്തുസാമി, തിരിച്ചുവരവിൽ തന്റെ കന്നി ടെസ്റ്റ് അർദ്ധസെഞ്ച്വറി നേടുകയും ബംഗ്ലാദേശിൽ നടന്ന ചാറ്റോഗ്രാം ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സുകളിലുമായി അഞ്ച് വിക്കറ്റുകൾ നേടുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ യഥാർത്ഥ ഓൾറൗണ്ട് വൈദഗ്ധ്യത്തിന്റെ ആദ്യ തീപ്പൊരികൾ പ്രകടമാക്കി.
ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക WTC 2025 കിരീടം നേടിയതിന് തൊട്ടുപിന്നാലെ, സെനുരൻ മുത്തുസാമി ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീമിൽ സ്ഥിരം അംഗമായി മാറി. തുടർച്ചയായ മൂന്ന് പര്യടനങ്ങളിൽ ദേശീയ ടീമിനൊപ്പം സിംബാബ്‌വെ, പാകിസ്ഥാൻ, ഇന്ത്യ ഉണ്ടായിരുന്നു. പാകിസ്ഥാനിൽ നടന്ന രണ്ട് ടെസ്റ്റുകളിൽ ബാറ്റിംഗിലും ബോളിങിലുമായി നടത്തിയ മികച്ച പ്രകടനത്തിന് ശേഷം മുത്തുസാമി ‘പ്ലേയർ ഓഫ് ദി സീരീസ്’ അവാർഡ് നേടി.
ആറ് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച പോലെ മറ്റൊറ്റ് ഇന്ത്യൻ പര്യടനത്തിൽ, 31-കാരൻ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി നേടിയിരിക്കുകയാണ്. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 151.1 ഓവറിൽ 489 റൺസ് ആണ് എടുത്താതെ. സെനുരാൻ മുത്തുസ്വാമിയുടെ (109) സെഞ്ച്വറിയും, മാർക്കോ യാൻസൻറെ (93) തകർപ്പൻ ഇന്നിങ്സുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്.












Discussion about this post