നടിയെ ആക്രമിച്ച കേസിൽ അഭിപ്രായം പറഞ്ഞ് വെട്ടിലായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ അടൂർ പ്രകാശ്. രാവിലെ ദിലീപിന് അനുകൂലമായി നിലപാട് സ്വീകരിച്ച അടൂർ പ്രകാശ് മണിക്കൂറുകൾക്കകം മലക്കംമറിഞ്ഞു. ദിലീപിന് നീതി ലഭ്യമായെന്നും അപ്പീൽ പോകാനുള്ള സർക്കാർ നടപടിയെ വിമർശിച്ചും രംഗത്തെത്തിയിരുന്ന അടൂർ പ്രകാശിന്റെ നിലപാടിനെതിരെ വ്യാപക വിമർശനങ്ങളുയർന്നിരുന്നു. ഇതോടെയാണ് തിരുത്തലുമായി അദ്ദേഹം രംഗത്തെത്തിയത്.
കലാകാരൻ എന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നുമായിരുന്നു അടൂർ പ്രകാശ് ആദ്യം പറഞ്ഞത്. ഉത്തത പോലീസ് നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത ഗൂഢാലോചനയാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അത് ദിലീപ് തന്നെ പറഞ്ഞിരുന്നു. അത്തരം കാര്യങ്ങളിൽ ഞാനല്ല അഭിപ്രായം പറയേണ്ടത്. സർക്കാർ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു. സർക്കാർ അപ്പീൽ പോകുമല്ലോ. സർക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ. ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സർക്കാർ നോക്കുന്നത്. ആ സർക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാൻ പറ്റുന്നതാണെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു.
ദിലീപിനെ പിന്തുണച്ചുള്ള പരാമർശം വിവാദമായതോടെ,അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് തന്നെയാണ് താൻ പറഞ്ഞതെന്ന് അടൂർ പ്രകാശ് ന്യായീകരിച്ചു. ചില ഭാഗങ്ങൾ മാത്രമാണ് സംപ്രേഷണം ചെയ്തതെന്നും അടൂർ പ്രകാശ് പറഞ്ഞു.’നീതിന്യായ കോടതിയിൽ നിന്ന് വിധി വരുമ്പോൾ തള്ളിപ്പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിജീവിതയ്ക്ക് നീതി കിട്ടിയില്ല, നീതി കിട്ടാനുള്ള കാര്യങ്ങൾ നടക്കണം. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയ്ക്ക് സർക്കാർ ഉരുണ്ട് കളിക്കേണ്ട കാര്യമില്ല. അതിജീവിതയ്ക്ക് ഒപ്പമാണ്. കോൺഗ്രസ് അത് വ്യക്തമാക്കിയിട്ടുണ്ട്’, അടൂർ പ്രകാശ് പറഞ്ഞു.നടിയെ ആക്രമിച്ച കേസിൽ കുറെ ആളുകൾ ശിക്ഷിക്കപ്പെട്ടെന്നും ദിലീപിനെ ഒഴിവാക്കിയെന്നും അതേക്കുറിച്ചുള്ള അഭിപ്രായമാണ് താൻ പറഞ്ഞതെന്നുമായിരുന്നു അടൂർ പ്രകാശിൻറെ വിശദീകരണം.നടിയെന്ന നിലയിൽ ആ കുട്ടിയോടൊപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവർക്കും കിട്ടണമെന്ന് അടൂർ പ്രകാശ് പറഞ്ഞു













Discussion about this post