ശുഭ്മാൻ ഗിൽ ഇന്ത്യയ്ക്കായി ഓപ്പണറായി തുടരണോ അതോ സഞ്ജു സാംസണെ വീണ്ടും ആ സ്ഥാനം കൊണ്ടുവരേണ്ട സമയമാണോ എന്നതിനെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്രയും ഇർഫാൻ പഠാനും തമ്മിൽ ഇന്നലത്തെ മത്സരത്തിന് പിന്നാലെ നടന്നത് വമ്പൻ ചർച്ച. വ്യാഴാഴ്ച ന്യൂ ചണ്ഡീഗഡിൽ നടന്ന രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ പന്തിൽ തന്നെ പൂജ്യത്തിന് പുറത്തായ വൈസ് ക്യാപ്റ്റൻ ഗില്ലിന്റെ മറ്റൊരു മോശം പ്രകടനമാണ് ചർച്ചയ്ക്ക് കാരണമായത്.
2025-ൽ 14 ടി20 മത്സരങ്ങളിൽ നിന്ന് 263 റൺസ് മാത്രമാണ് ഗിൽ നേടിയത്. 2025 സെപ്റ്റംബറിൽ നടന്ന ഏഷ്യാ കപ്പിന് മുമ്പ് ഒരു വർഷത്തിലേറായി ടി 20 സ്‌ക്വാഡിൽ നിന്ന് പുറത്തായിരുന്ന താരം ശരിക്കുമൊരു സർപ്രൈസ് എൻട്രിയായിട്ടായിരുന്നു ഉപനായകൻ കൂടിയായി സ്‌ക്വാഡിലേക്കെത്തിയത്. തൽഫലമായി, ഓപ്പണർ എന്ന നിലയിൽ സാംസണിന് സ്ഥാനം നഷ്ടപ്പെട്ടു. ഇതോടെ സഞ്ജു മധ്യനിരയിലേക്ക് താഴ്ത്തപ്പെട്ടു. പിന്നീട് ജിതേഷ് ശർമ്മയ്ക്ക് പകരം താരം ബെഞ്ചിലായി. ഓപ്പണർ എന്ന നിലയിൽ സാംസൺ 17 മത്സരങ്ങളിൽ നിന്ന് 522 റൺസ് നേടിയപ്പോൾ അതിൽ മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടുന്നു. അതേസമയം, ടി20 ടീമിലേക്ക് തിരിച്ചെത്തിയതിനുശേഷം ഗിൽ ഇതുവരെ ഒരു അർദ്ധസെഞ്ച്വറി പോലും നേടിയിട്ടില്ല.
കഴിഞ്ഞ ആറ് മത്സരങ്ങളിൽ അദ്ദേഹം രണ്ട് തവണ മാത്രമാണ് 20 റൺ പോലും കടന്നത്. ഇപ്പോൾ, 2026 ലെ ടി 20 ലോകകപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ, ഗില്ലിന്റെ ടി 20 യിലെ മോശം ഫോം ആശങ്കാജനകമായി മാറിയിരിക്കുന്നു, ഇന്നലത്തെ തോൽവിയോടെ ഇന്ത്യ ആദ്യമായി സ്വന്തം നാട്ടിൽ 50 റൺസിന് മുകളിൽ ഉള്ള മാർജിനിൽ തോൽവിയെറ്റ് വാങ്ങുന്ന കാഴ്ചയും ആരാധകർ കണ്ടു.
ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ടി20 മത്സരത്തിനിടെ, മുൻ ഓപ്പണർ ആകാശ് ചോപ്ര ഗില്ലിന്റെ ഫോമിനെക്കുറിച്ച് പ്രസക്തമായ ചോദ്യം ചോദിച്ചു, ഇന്ത്യൻ ടി20 ടീമിൽ ഒരു മാറ്റമുണ്ടാകുമോ എന്ന് അദ്ദേഹം ചോദിച്ചു. “ടി20യിൽ വൈസ് ക്യാപ്റ്റനാണ് ഗിൽ. സഞ്ജു സാംസണും അവസരം കാത്തുനിൽക്കുമ്പോൾ എന്താണ് ഇനി തീരുമാനിക്കേണ്ടത്? ഒരു ഓപ്പണർ എന്ന നിലയിൽ അദ്ദേഹത്തിന്റെ ശരാശരി 32 ആണ്, പക്ഷേ ആ സ്ട്രൈക്ക് റേറ്റ് നോക്കൂ, അത് ഏകദേശം 180 ആണ്. സഞ്ജുവിന് മൂന്ന് സെഞ്ച്വറികൾ ഉണ്ട്. ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനുമെതിരെ സെഞ്ചുറികൾ അവൻ നേടിയിട്ടുണ്ട്. എന്താണ് ഇനി ടീം സഞ്ജുവിന്റെ കാര്യത്തിലെടുക്കുന്ന തീരുമണം?” ചോപ്ര സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
ചർച്ചയിൽ പങ്കെടുത്ത ഇർഫാൻ പഠാൻ പറഞ്ഞത്, ഇതൊരു പ്രധാനപ്പെട്ട ചോദ്യം ആണെന്നും പക്ഷേ മാനേജ്‌മെന്റ് ഒരു മാറ്റം വരുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഇപ്പോൾ തന്നെ ചെയ്യണം എന്നും കാരണം ലോകകപ്പ് വളരെ അകലെയല്ല എന്നും ഓർമിപ്പിച്ചു.
“ചോദ്യം ഇതാണ്? വളരെക്കാലത്തിനുശേഷം ശുഭ്മാൻ ഗില്ലിനെ ടി20 ഐ ടീമിലേക്ക് കൊണ്ടുവന്നു. അദ്ദേഹത്തെ വൈസ് ക്യാപ്റ്റനാക്കി, അവസരങ്ങൾ നൽകി. ഗില്ലിന് 140 സ്ട്രൈക്ക് റേറ്റ് ഉണ്ട്. സാംസണിന് 147 സ്ട്രൈക്ക് റേറ്റ് ഉണ്ട്. നിങ്ങൾക്ക് മാറ്റണമെങ്കിൽ, ലോകകപ്പിന് ഇനി അധികം സമയം ബാക്കിയില്ലെന്നിരിക്കെ മാറ്റങ്ങൾ ഉടൻ വരുത്തണം.
രണ്ട് മത്സരങ്ങളിലും രണ്ടക്കം പോലും കടക്കാൻ പാടുപെടുന്ന ഒട്ടും ആത്മവിശ്വാസമില്ലാതെ ക്രീസിൽ നിൽക്കുന്ന ഗില്ലിനെ മാറ്റി പകരം ആക്രമണ ബാറ്റിങ്ങിലൂടെ ടീം സ്കോർ തുടക്കത്തിലേ ഉയർത്താൻ മിടുക്കനായ സഞ്ജുവിനെ തന്നെ ടീം ഓപ്പണാറാകണം എന്ന ആവശ്യം ഇപ്പോൾ ശക്തമാണ്.













Discussion about this post