യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഇതിവൃത്തവും അവതരണത്തിലെ പുതുമയും കാരണം ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു 2021 ൽ തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ എന്ന ചിത്രം. തുടരും എന്ന ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നിന്റെ സംവിധായകനായ തരുണിന്റെ മികച്ച ഒരു വർക്ക് തന്നെ ആയിരുന്നു ഓപ്പറേഷൻ ജാവയും.
കേരള പോലീസിലെ സൈബർ സെല്ലിന്റെ പ്രവർത്തനങ്ങളെയും, അവർ കൈകാര്യം ചെയ്യുന്ന യഥാർത്ഥ കേസുകളെയും അടിസ്ഥാനമാക്കിയുള്ള കാര്യങ്ങളാണ് സിനിമ പറയുന്നത്. തൊഴിലില്ലാത്തവരും എന്നാൽ സൈബർ രംഗത്ത് കഴിവുള്ളവരുമായ രണ്ട് യുവാക്കൾ (വിനയദാസൻ, ബി. മാത്യൂസ്) സൈബർ സെല്ലിൽ താൽക്കാലികമായി ജോലിക്ക് പ്രവേശിക്കുന്നതിലൂടെയാണ് കഥ തുടങ്ങുന്നത്.
കേരളത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതും മാധ്യമശ്രദ്ധ നേടിയതുമായ കേസുകളായ തിയേറ്ററിലെ പൈറസി കേസ്, ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളും അത് പരിഹാരം ചെയ്യുന്ന രീതിയുമൊക്കെ വളരെ മനോഹരമായിട്ട് തന്നെയാണ് സിനിമ അവതരിപ്പിക്കുന്നത്. ഇതിൽ തന്നെ പറയുന്ന തിയേറ്ററിലെ പൈറസി കേസിലെ കാര്യം പറയുമ്പോൾ അക്കാലത്ത് കത്തിനിന്ന പ്രേമം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തെയും സിനിമ മനോഹമായി അവതരിപ്പിക്കുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും മലയാളത്തിലെ ഏറ്റവും വലിയ ക്ലീഷേ ബ്രേക്കിംഗ് സീനിലൊന്ന് ഈ സിനിമയിൽ കാണിക്കുന്നുണ്ട്. അതായത് സിനിമയിൽ ചർച്ച ചെയ്യുന്ന തൊഴിലില്ലായ്മ എന്ന പ്രശ്നം പല മലയാള സിനിമകളിലും കാണിക്കുണ്ട്. അതിൽ കണ്ടിട്ടുള്ളത് ഒരു ജോലി കിട്ടാൻ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി പോകുന്ന നായകൻ / നായിക അവസാനം ജോലി കിട്ടുന്നതായിട്ടാണ്. അത് കാണുമ്പോഴാണ് പ്രേക്ഷകന് സന്തോഷം തോന്നുക എന്നത് കൊണ്ടാകാം ഈ രീതി ആരും മാറ്റാൻ ശ്രമിച്ചിട്ടില്ല.
എന്നാൽ ഈ ചിത്രത്തിൽ തുടക്കത്തിൽ തൊഴിൽ ഇല്ലത്തെ ബുദ്ധിമുട്ടുന്ന യുവാക്കൾക്ക് ഇടക്ക് താത്കാലിക ജോലി കിട്ടുന്നുണ്ടെങ്കിലും അത് അവസാനം നഷ്ടപ്പെടുന്നു. ചുരുക്കി പറഞ്ഞാൽ ആദ്യം എങ്ങനെ ആയിരുന്നോ അത് തന്നെയാണ് അവസാനവും ഇതിലെ നായകന്മാർ.













Discussion about this post