തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കണ്ണൂർ ജില്ലയിൽ പലയിടത്തും അക്രമം. പയ്യന്നൂരിൽ ഗാന്ധിപ്രതിമയുടെ മൂക്ക് അടിച്ചു തകർത്തു. രാമന്തളിയിലാണ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർക്കാൻ ശ്രമിച്ചത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള മഹാത്മ മന്ദിരത്തിന്റെ മുന്നിൽ സ്ഥാപിച്ച പ്രതിമയ്ക്ക് നേരെയാണ് ആക്രമണം.
യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണച്ചയാളുടെ വീടിന് നേരെ കല്ലേറുണ്ടായി. തളിപ്പറമ്പ് നഗരസഭ 26 ാം വാർഡ് തുരുത്തിയിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി മറിയംബി ജാഫറിന്റെ നാമനിർദേശ പത്രികയിൽ ഒപ്പിട്ട അഴീക്കോടന്റകത്ത് റഫീക്കിന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ചുവപ്പു മുഖംമൂടി ധരിച്ച്, വടിവാളേന്തിയെത്തിയ സംഘം പാനൂർ മേഖലയിൽ അക്രമം അഴിച്ചുവിട്ടിരുന്നു. കൊലവിളി നടത്തി റോഡുകളിലും വീടുകളിലുമെത്തിയ സംഘം വീട്ടുമുറ്റത്തു നിർത്തിയിട്ട കാർ തകർത്തു. സ്‌കൂട്ടറുകളും മറ്റു വാഹനങ്ങളും ആക്രമിച്ചു.
പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകർത്തതായി ആരോപണം ഉയരുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് പയ്യന്നൂർ നഗരസഭയിലെ 44-ാം വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകർക്കപ്പെട്ടത്. മുങ്ങം ജുമാ മസ്ജിദിനടുത്തുള്ള ഓഫീസാണ് ബൈക്കുകളിലെത്തിയ പതിനഞ്ചോളം വരുന്ന സംഘം അടിച്ചു തകർത്തത്.











Discussion about this post