നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി വന്നതിന് ദിവസങ്ങൾക്ക് ശേഷം ആദ്യ പ്രതികരണവുമായി അതിജീവിത. ഈ വിധിയിൽ തനിക്കത്ഭുതമില്ലെന്നും പലപ്പോഴായി വിചാരണകോടതിയിൽ തൻറെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും നടി കുറിച്ചു. ഈ വിധി, തന്റെ വേദനകളെ നുണയെന്നും കേസ് കെട്ടിച്ചമച്ചതെന്നും പരിഹസിച്ചവർക്ക് സമർപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു.
2020ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു. നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ താനിപ്പോൾ തിരിച്ചറിയുന്നു, ‘നിയമത്തിൻറെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല’. തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതി ബോധമുള്ള ന്യായിധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും അതിജീവിത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ… ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു,’. ഈ വിധി പലരെയും നിരാശപ്പെടുത്തിയിരിക്കാമെന്നും, എന്നാൽ തനിക്ക് ഇതിൽ അത്ഭുതമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും ഞാൻ നന്ദിയോടെ ചേർത്ത് പിടിക്കുന്നു, എന്ന് പറഞ്ഞ നടി അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച് ആക്രമിക്കുന്നവരോട്, അത് തുടരാനും പറയുന്നുണ്ട്. നിങ്ങൾ അത് തുടരുക അതിനാണ് നിങ്ങൾ പണം വാങ്ങിയിരിക്കുന്നത് എന്നായിരുന്നു അവർ പറഞ്ഞത്. ‘അതുപോലെ ഒന്നാംപ്രതി എന്റെ ഡ്രൈവർ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാൾ എന്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല, 2016ൽ ഞാൻ വർക്ക്ചെയ്ത ഒരു സിനിമക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നും നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ് അയാൾ ഈ ക്രൈം നടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു.’
വിചാരണക്കോടതിയിലെ നടപടിക്രമങ്ങളെക്കുറിച്ചും കേസ് കൈകാര്യം ചെയ്ത രീതികളെക്കുറിച്ചും അതിജീവിത കുറിപ്പിൽ പറയുന്നുണ്ട്. ‘2020-ന്റെ അവസാനം തന്നെ കേസ് കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റങ്ങൾ വന്നതായി തനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസിന്റെ ഗതി മാറിയത് പ്രോസിക്യൂഷനും മനസ്സിലായിരുന്നു. ഈ സാഹചര്യത്തിൽ, വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പലതവണ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നുവെങ്കിലും ഹർജികൾ നിഷേധിക്കപ്പെടുകയായിരുന്നു.’
ഈ കേസിൽ എന്റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ല. ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാർഡ്, കോടതി കസ്റ്റഡിയിൽ ഉണ്ടായിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നും കണ്ടെത്തി. ഈ കേസിൽ ആദ്യം എത്തിയ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ കോടതിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് ശത്രുതാപരമായി പെരുമാറുന്നതായി വ്യക്തമാക്കിക്കൊണ്ട് രാജിവെച്ചു. അവർ ഇരുവരും എന്നോട് വ്യക്തിപരമായി പറഞ്ഞത്, ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് – അവർക്ക് ഈ കോടതിയിൽ പക്ഷപാതം ഉണ്ടെന്ന തോന്നൽ ഉറപ്പായതിനാലാണ് അത്. മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാൻ പലതവണ ആവശ്യപ്പെട്ടു. എന്നാൽ അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല പിന്നീട് ഹൈക്കോടതി നിർദേശ പ്രകാരം മാത്രമാണ് നൽകപ്പെട്ടത്. ഞാൻ ഒരു ന്യായമായ വിചാരണയ്ക്കായി ജഡ്ജിനെ മാറ്റണമെന്ന ഹർജിയുമായി ഫൈറ്റ് ചെയ്യുമ്പോൾ, പ്രതി ഭാഗം ഇതേ ജഡ്ജി തന്നെ ഈ കേസ് തുടർന്നും പരിഗണിക്കണം എന്ന ആവശ്യവുമായി ഹർജിയിൽ കക്ഷി ചേർന്നു. ഇത് എന്റെ സംശയങ്ങൾക്ക് ബലം നൽകുന്നതായിരുന്നു. എന്റെ ആശങ്കകളും അനുഭവങ്ങളും അറിയിച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിക്കും, ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും, ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും എനിക്ക് കത്തുകൾ അയക്കേണ്ടതായും വന്നിട്ടുണ്ട്. ഈ കേസിന്റെ നടപടികൾ ഓപ്പൺ കോടതിയിൽ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാൻ കഴിയുന്ന രീതിയിൽ നടത്തണമെന്ന് ഞാൻ ഈ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ആ അപേക്ഷയും തീർത്തും നിഷേധിക്കപ്പെടുകയായിരുന്നു.











Discussion about this post