ന്യൂഡൽഹി : ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റ് ആയി പുതുതായി നിയമിതനായ നിതിൻ നബിൻ ചുമതലയേറ്റു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, മറ്റ് പാർട്ടി നേതാക്കൾ എന്നിവരും പങ്കെടുത്തു. ചുമതലയേറ്റ ശേഷം പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുക്കുന്നതായി നിതിൻ നബിൻ വ്യക്തമാക്കി.
ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ വർക്കിംഗ് പ്രസിഡന്റാണ് 45 കാരനായ നിതിൻ നബിൻ. ബീഹാറിൽ നിന്ന് അഞ്ച് തവണ എംഎൽഎയായ നബിൻ നിലവിൽ ബീഹാർ സർക്കാരിലെ റോഡ് നിർമ്മാണ മന്ത്രിയാണ്. മുമ്പ് അദ്ദേഹം നഗരവികസനം, ഭവന നിർമ്മാണം, നിയമ വകുപ്പ് തുടങ്ങിയ വകുപ്പുകൾ വഹിച്ചിരുന്നു. പട്‌നയിലെ ബങ്കിപൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം നിയമസഭയിൽ എത്തിയത്.
പാർട്ടിയെ ശക്തിപ്പെടുത്താനും അതിന്റെ സംഘടനാ ഘടനയെ പൂർണ്ണ ശക്തിയോടെയും, കഴിവോടെയും, ഉത്സാഹത്തോടെയും കൂടുതൽ ഏകീകരിക്കാനും പ്രതിജ്ഞയെടുത്തു കൊണ്ടാണ് നിതിൻ നബിൻ ചുമതല ഏറ്റെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരോട് അദ്ദേഹം ഹൃദയംഗമമായ നന്ദി അറിയിച്ചു. പാർട്ടി പ്രവർത്തകരോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും തന്റെ മുഴുവൻ ശക്തിയും കഴിവും സമർപ്പണവും നൽകുമെന്നും അദ്ദേഹം അറിയിച്ചു. “സേവനത്തിന്റെയും സംഘാടനത്തിന്റെയും സമർപ്പണത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച് നമുക്ക് ഒരുമിച്ച് ഒരു ‘വികസിത ഇന്ത്യ’യിലേക്ക് വഴിയൊരുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









Discussion about this post