അന്താരാഷ്ട്ര ടി20യിൽ സൂര്യകുമാർ യാദവ് നേരിടുന്ന നിലവിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ ചില കാര്യങ്ങൾ പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. താരം തന്റെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതുവരെ തന്റെ സിഗ്നേച്ചർ പിക്ക്-അപ്പ് ഷോട്ട് കളിക്കരുതെന്ന് അദ്ദേഹം ഇന്ത്യൻ ക്യാപ്റ്റനോട് ആവശ്യപ്പെട്ടു.
ഞായറാഴ്ച ധർമ്മശാലയിൽ നടന്ന മൂന്നാം ടി20യിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏഴ് വിക്കറ്റ് വിജയത്തിൽ സൂര്യകുമാർ യാദവ് 12 റൺസിന് പുറത്തായതോടെ അദ്ദേഹത്തിന്റെ മോശം ഫോം യാതൊരു മാറ്റവുമില്ലാതെ തുടർന്നു. പരമ്പരയിൽ ഇന്ത്യ ലീഡ് ചെയ്യുക ആണെങ്കിലും ക്യാപ്റ്റന്റെ തുടർച്ചയായ മോശം പ്രകടനങ്ങൾ ആരാധകരുടെയും വിദഗ്ധരുടെയും ഇടയിൽ ഒരു പ്രധാന ചർച്ചാ വിഷയമായി.
മൂന്നാം ടി 20 യിൽ സൂര്യകുമാർ ഫൈൻ ലെഗിൽ തന്റെ ട്രേഡ്‌മാർക്ക് പിക്ക്-അപ്പ് ഷോട്ടിന് ശ്രമിച്ചെങ്കിലും വേണ്ടത്ര പവർ സൃഷ്ടിക്കാൻ കഴിഞ്ഞില്ല, ലുങ്കി എൻഗിഡിയുടെ പന്തിൽ ഒട്ട്നീൽ ബാർട്ട്മാൻ താരത്തിന്റെ ക്യാച്ച് പൂർത്തിയാക്കി. കമന്ററി ബോക്സിൽ ഉണ്ടായിരുന്ന സുനിൽ ഗവാസ്‌കർ അപ്പോൾ തന്നെ സൂര്യയോട് ഈ ഷോട്ട് കളിക്കുന്നത് നിർത്താൻ പറയുകായായിരുന്നു. ഒരുകാലത്ത് SKY-ക്ക് നന്നായി പ്രവർത്തിച്ചിരുന്ന സ്ട്രോക്ക് ഇപ്പോൾ താരത്തിന് പാരയായിരിക്കുകയാണ്.
“വർഷങ്ങളായി ആ സ്ട്രോക്ക് അദ്ദേഹത്തിന് ധാരാളം റൺസ് നേടി. എന്നാൽ ഫോമിൽ അല്ലാത്തപ്പോൾ ഈ ഷോട്ട് കളിച്ചാൽ വിക്കറ്റിന് കാരണമാകും. മികച്ച ഫോമിൽ അല്ലാത്തപ്പോൾ ആ ഷോട്ട് ഇനി സൂര്യ കളിക്കരുത്” ഗവാസ്കർ പറഞ്ഞു.
സൂര്യകുമാർ യാദവ് അർദ്ധസെഞ്ച്വറി ഇല്ലാതെ 21 ഇന്നിംഗ്‌സുകളായി മുന്നോട്ട് പോകുകയാണ്. അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ഐസിസി ടി20 ലോകകപ്പിൽ താരത്തിന്റെ മോശം ഫോം തിരിച്ചടിയാകുമെന്ന് പിടിക്കുന്നവർ ഏറെയാണ്.













Discussion about this post