പിണറായിയിൽ കഴിഞ്ഞ ദിവസം ഉണ്ടായത് സ്‌ഫോടനമല്ലെന്നും പൊട്ടിയത് ക്രിസ്മസ് പടക്കമാണെന്നും ന്യായീകരിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. പിണറായിയിൽ ഉണ്ടായതിനെ ബോംബ് സ്ഫോടനം എന്ന് വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുതെന്ന് ഇ പി ജയരാജൻ കുറ്റപ്പെടുത്തി. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് പൊട്ടിയത്. ചരട് കൊണ്ട് കെട്ടിയ പടക്കം ആണ് അപകടം ഉണ്ടാക്കിയത്. ഇത്തരത്തിലുള്ള പടക്കത്തിന്റെ കെട്ട് അൽപ്പം മുറുകിപ്പോയാൽ സ്ഫോടനം ഉണ്ടാകും. അതാണ് അവിടെ സംഭവിച്ചതെന്നും കണ്ണൂർ വിരുദ്ധ പ്രചാരവേലകൾ ഒക്കെ കാലഹരണപ്പെട്ടുവെന്നും ഇപി വ്യക്തമാക്കി.
നാട്ടിൻ പുറങ്ങളിൽ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഓലപ്പടക്കങ്ങളും കെട്ടുപടക്കങ്ങളും ഉണ്ടാക്കാറുണ്ട്. ചരടുകൊണ്ട് കെട്ടിയുണ്ടാക്കുന്ന പടക്കത്തിന്റെ കെട്ട് അൽപ്പം മുറുകിപോയാൽ സ്‌ഫോടനമുണ്ടാകാം. അനുഭവസ്ഥരല്ലെങ്കിൽ അപകടമുണ്ടാകും. അങ്ങനെയുണ്ടായ അപകടമാണ് പിണറായിയിലേത്. അതിനെ ബോംബ് സ്‌ഫോടനമായും അക്രമത്തിനുള്ള തയാറെടുപ്പായും വ്യാഖ്യാനിച്ച് സമാധാന അന്തരീക്ഷത്തെ തകർക്കർക്കരുത്. കണ്ണൂരിലെ ഇന്നത്തെ സമാധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് സിപിഎം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നാണ് ഇപിയുടെ വാക്കുകൾ.
അയ്യപ്പ പാരഡി ഗാന വിവാദത്തിൽ ഒരു പാട്ടിൽ കലങ്ങി പോകുന്നതല്ല തങ്ങളുടെ രാഷ്ട്രീയം എന്ന് ഇപി ജയരാജൻ ഓർമ്മിപ്പിച്ചു. പാരഡി ഗാനം ജനങ്ങളെ സ്വാധീനിച്ചില്ല. ആ പാട്ട് താൻ കേട്ടിട്ടുമില്ല. പൊലീസിൽ പരാതി പോയിട്ടുണ്ട്. ഇനി പോലീസ് തീരുമാനിക്കട്ടെ. തങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഒപ്പമാണെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.













Discussion about this post