2026 ലെ ഐപിഎൽ ലേലത്തിലെ ഏറ്റവും വലിയ സ്റ്റീൽ ഡീലായിരുന്നു രവി ബിഷ്‌ണോയിയുടെ ഏറ്റെടുക്കലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) റിസ്റ്റ് സ്പിന്നറെ സ്വന്തമാക്കുമെന്നാണ് താൻ കരുതിയതെന്നും അവർ താരത്തിനായി കൂടുതൽ തുക ചെലവഴിക്കാൻ തയ്യാറാകാത്തതിൽ ആശ്ചര്യം തോന്നിയെന്നും ചോപ്ര പറഞ്ഞു.
സിഎസ്‌കെയുമായും സൺറൈസേഴ്‌സ് ഹൈദരാബാദുമായും (എസ്‌ആർഎച്ച്) നടന്ന വാശിയേറിയ ലേലത്തിൽ രാജസ്ഥാൻ റോയൽസ് (ആർആർ) ഐപിഎൽ 2026 ലേലത്തിൽ ബിഷ്‌ണോയിയെ ₹7.20 കോടിക്ക് സ്വന്തമാക്കുകയായിരുന്നു. താരത്തെ കിട്ടാത്തതിനാൽ തന്നെ ചെന്നൈ രാഹുൽ ചാഹറിനെ ₹5.20 കോടിക്ക ടീമിലെത്തിക്കുകയായിരുന്നു. ലേലത്തിന്റെ അവസാനം ₹2.40 കോടി ചെന്നൈക്ക് ബാലൻസ് ഉണ്ടായിരുന്നു.
‘ആകാശ് ചോപ്ര’ എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, മുൻ ഇന്ത്യൻ ഓപ്പണർ ബിഷ്‌ണോയിയെ രാജസ്ഥാൻ സ്വന്തമാക്കിയതിന് ഐപിഎൽ 2026 ലേലത്തിലെ ഏറ്റവും വലിയ സ്റ്റീൽ ഡീലായി തിരഞ്ഞെടുത്തു.
“ഞാൻ രവി ബിഷ്‌ണോയിയെ ചെന്നൈ സ്വന്തമാക്കും എന്ന് കരുതിയിരിക്കുകയായിരുന്നു. സ്പിന്നർമാർ ഇല്ലാത്തതിനാൽ സിഎസ്‌കെ തീർച്ചയായും അദ്ദേഹത്തെ എടുക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, നൂർ അഹമ്മദിനൊപ്പം ആരാണ് പന്തെറിയുക? ഒടുവിൽ, അവർ രാഹുൽ ചാഹറിനെ എടുത്ത് കുറച്ച് പണം ലാഭിച്ചു, ലേല ഹാളിൽ നിന്ന് മടങ്ങി” അദ്ദേഹം പറഞ്ഞു.
ലേലത്തിന്റെ അവസാനം ശേഷിച്ച പണം ഉപയോഗിച്ചിരുന്നെങ്കിൽ സിഎസ്‌കെക്ക് ചാഹറിന് പകരം ബിഷ്‌ണോയിയെ സ്വന്തമാക്കാമായിരുന്നുവെന്നും ചോപ്ര കൂട്ടിച്ചേർത്തു.
“ആ പണം ചെലവഴിച്ചിരുന്നെങ്കിൽ അവർക്ക് രവി ബിഷ്‌ണോയിയെ ലഭിക്കുമായിരുന്നു. രവി ബിഷ്‌ണോയിയെ ₹7 കോടിക്ക് രാജസ്ഥാന് വിട്ടത് മണ്ടത്തരം തന്നെയാണ്. അഞ്ചോ ആറോ ടീമുകൾക്ക് സ്പിന്നർമാരെ ആവശ്യമുള്ള സാഹചര്യത്തിൽ ഈ ഡീൽ രാജസ്ഥാന് സ്റ്റീൽ തന്നെയാണ്. അവൻ ഇതിലും കൂടുതൽ തുകക്ക് വിറ്റുപോകുമെന്നാണ് കരുതിയത്.”
2025 ലെ ഐപിഎൽ ലേലത്തിന് മുന്നോടിയായി ലഖ്‌നൗ സൂപ്പർ ജയന്റ്സ് (എൽഎസ്‌ജി) രവി ബിഷ്‌ണോയിയെ ₹11 കോടിക്ക് നിലനിർത്തിയിരുന്നു. എന്നിരുന്നാലും, 2025 ലെ ഐപിഎല്ലിൽ സീസണിന് ശേഷം ഫ്രാഞ്ചൈസി അദ്ദേഹത്തെ റിലീസ് ചെയ്തു.













Discussion about this post