2026 ലെ ഐപിഎൽ ലേലത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്‌ജി) 8.6 കോടിക്ക് സ്വന്തമാക്കിയതിനെ ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് വിമർശിച്ചു. ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോഷ് ഇംഗ്ലിസ് മികച്ച താരം ആണെങ്കിലും ടൂർണമെന്റിന് മുമ്പുതന്നെ അടുത്ത സീസണിൽ താൻ എത്ര മത്സരങ്ങൾ കളിക്കൂ എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
2026 ലെ ഐപിഎല്ലിൽ നാല് മത്സരങ്ങൾക്ക് മാത്രമേ താൻ ലഭ്യമാകൂ എന്ന് ലേലത്തിന് മുമ്പ് ഇംഗ്ലിസ് അറിയിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ഏപ്രിലിൽ വിവാഹം കഴിക്കാൻ പോകുന്നതിനാൽ, മുഴുവൻ സീസണിലും താൻ കളിക്കില്ല എന്നായിരുന്നു താരമറിയിച്ചത്. താരത്തിന്റെ പരിമിതമായ ലഭ്യതയെക്കുറിച്ച് അറിയാമായിരുന്നിട്ടും ലക്നൗവിന്റേത് ഭ്രാന്തൻ കരാറാണെന്ന് എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഉയർന്ന വിലയ്ക്ക് എന്തിനാണ് നാല് മത്സരം മാത്രം കളിക്കുന്ന ഒരു താരത്തെ ഒപ്പംകൂട്ടിയത് എന്നും ദക്ഷിണാഫ്രിക്കൻ താരം ചോദിച്ചു. വിൽക്കപ്പെടാത്ത ചില മികച്ച കളിക്കാരെ എൽഎസ്‌ജിക്ക് ഈ തുകക്ക് തിരഞ്ഞെടുക്കാമായിരുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
“ജോഷ് ഇംഗ്ലിസ്, എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭ്രാന്തമായ സൈനിങ്ങായിരുന്നു അത്. നാല് മത്സരങ്ങൾക്ക് മാത്രമേ അദ്ദേഹത്തെ ലഭിക്കൂ എന്ന് എല്ലാവര്ക്കും അറിവുള്ള കാര്യമാണ്. എന്നിട്ടും എൽഎസ്ജി അദ്ദേഹത്തെ 8.6 കോടിക്ക് സ്വന്തമാക്കി. എനിക്കറിയില്ല, അത്രയും വിലയുണ്ടോ അദ്ദേഹത്തിന്? അപ്പോൾ ജോണി ബെയർസ്റ്റോ, ഡെവൺ കോൺവേ തുടങ്ങിയ വിൽക്കപ്പെടാത്ത കളിക്കാരെ നോക്കൂ, അവരെല്ലാം മുഴുവൻ സീസണിലും ലഭ്യമാകും, ഒരുപക്ഷേ എൽഎസ്ജിക്ക് മികച്ചൊരു സൈനിങ് ടീമിലേക്ക് ചെയ്യാമായിരുന്നു,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സീസണിൽ പഞ്ചാബ് കിംഗ്‌സിനായി (പിബികെഎസ്) ഇംഗ്ലിസ് ടീമിന്റെ ഫൈനൽ വർരെയുള്ള യാത്രയിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. 11 മത്സരങ്ങളിൽ നിന്ന് 162.57 സ്ട്രൈക്ക് റേറ്റിൽ താരം 278 റൺസ് നേടി. അവരെ ഫൈനലിലെത്താൻ സഹായിച്ചു. എന്നിരുന്നാലും, പിബികെഎസ് തന്റെ ലഭ്യത പ്രശ്‌നങ്ങൾ അറിഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തെ വിട്ടയച്ചു.
ഓസ്‌ട്രേലിയൻ താരം ആദ്യ റൗണ്ടിൽ വിൽക്കപ്പെടാതെ പോയതാണ്. എന്നിരുന്നാലും, എൽഎസ്ജിയും സൺറൈസേഴ്‌സ് ഹൈദരാബാദും (എസ്ആർഎച്ച്) പിന്നീട് അദ്ദേഹത്തിന്റെ സേവനങ്ങൾ സ്വന്തമാക്കാൻ പോരാടി.











Discussion about this post