ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20യിൽ സഞ്ജു സാംസൺ കിട്ടിയ അവസരം മുതലെടുത്ത് പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി ലൈവ് ടെലിവിഷനിൽ വാചാലനായി. സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തെ ഏവരും വാഴ്ത്തിപ്പാടുമ്പോൾ അതിൽ ശാസ്ത്രി പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രദ്ധ നേടുന്നത്.
ടീമിന്റെ മുൻനിരയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സാംസൺ, തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിക്കുകയും പവർപ്ലേയിൽ ഇന്ത്യ ആധിപത്യം സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്തു. മറുവശത്ത്, മാർക്കോ ജാൻസന്റെ പന്തിൽ തുടർച്ചയായി മൂന്ന് ബൗണ്ടറികൾ നേടി ദക്ഷിണാഫ്രിക്കൻ ആക്രമണനിരയെ സമ്മർദ്ദത്തിലാക്കി അഭിഷേക് ശർമ്മ പതിവുപോലെ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു. ഒടുവിൽ 22 പന്തിൽ 37 റൺസ് നേടിയാണ് സഞ്ജു മടങ്ങിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടി20യിൽ ഗിൽ നേടിയ 33 റൺസിനേക്കാൾ നാല് കൂടുതൽ ഒരൊറ്റ മത്സരം കൊണ്ട് നേടാനും സഞ്ജുവിനായി.
സാംസണെ ടീമിൽ നിന്ന് ദീർഘകാലം ഒഴിവാക്കിയതിന് ശാസ്ത്രി ചോദ്യം ചെയ്തു. “എന്തുകൊണ്ടാണ് അദ്ദേഹം ആദ്യം ടീമിൽ ഇല്ലാത്തത്? ഇങ്ങനെ കളിക്കുന്നത് കാണുമ്പോൾ, എന്തുകൊണ്ടാണ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ ഇത്ര തടസമെന്ന് എനിക്ക് മനസിലാകുന്നില്ല. അദ്ദേഹം പരിക്കേറ്റ താരങ്ങളുടെ പകരമായി വരേണ്ട ആളല്ല. അദ്ദേഹം മുൻനിരയിൽ തന്നെ കളിക്കേണ്ട താരമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ ഉൾപ്പെടെ ടി20യിൽ അദ്ദേഹം ഇതിനകം മൂന്ന് സെഞ്ചുറികൾ നേടിയിട്ടുണ്ട്. അദ്ദേഹം സ്ഫോടനാത്മക പ്രകടനം കളിയ്ക്കാൻ പറ്റുന്ന അപകടകാരിയുമാണ്, ഇതുപോലുള്ള ഷോട്ടുകൾ കളിക്കാൻ കഴിവുള്ള ആളാണ്. നിങ്ങൾ അദ്ദേഹത്തിന് എവിടെയാണ് പന്തെറിയുന്നത്?” കമന്റേറ്റർ ആയിരുന്ന ശാസ്ത്രി ചോദിച്ചു.
ടി20 ക്രിക്കറ്റിൽ 8,000 റൺസ് തികയ്ക്കുകയും ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 1,000 റൺസ് തികയ്ക്കുകയും ചെയ്തുകൊണ്ട് 31-കാരനായ അദ്ദേഹം ഈ അവസരം ആഘോഷിച്ചു. ഫോർമാറ്റിൽ 8,000 റൺസ് നേടുന്ന ഏഴാമത്തെ ഇന്ത്യക്കാരനും ടി20യിൽ 1,000 റൺസ് നേടുന്ന 14-ാമത്തെ ഇന്ത്യക്കാരനുമായി. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ശിഖർ ധവാൻ, സൂര്യകുമാർ യാദവ്, സുരേഷ് റെയ്‌ന, കെ.എൽ. രാഹുൽ തുടങ്ങിയവരാണ് എലൈറ്റ് ടി20 പട്ടികയിൽ ഇടം പിടിച്ചവർ.
സൗത്താഫ്രിക്കയെ സംബന്ധിച്ച് ഈ നീണ്ട പരമ്പരയിലെ തന്നെ അവരുടെ ഏറ്റവും മികച്ച താരമായ മാർക്കോ ജാൻസണെ സഞ്ജു നേരിട്ട രീതി അതിശയിപ്പിക്കുന്നതായിരുന്നു. അവർക്ക് ഒരു സമയം താരത്തെ പിന്വലിക്കേണ്ട അവസ്ഥ വരെ സഞ്ജു കാരണം ഉണ്ടായി.











Discussion about this post