നാട്ടിൽ ഒരു തൊഴിലുമില്ലാതെ നിൽക്കുന്ന രണ്ട് യുവാക്കൾ, ഇനി ജീവിതം എങ്ങനെ എങ്കിലും രക്ഷപ്പെടണമെങ്കിൽ ഗൾഫിലെത്തിയാൽ മാത്രമേ എന്തെങ്കിലും നടക്കൂ എന്ന് അവർ തിരിച്ചറിയുന്നു. ഉണ്ടായിരുന്ന പശുവിനെ വിറ്റും, വെള്ളത്തിൽ ചാടിയും കടലിൽ നീന്തിയും എല്ലാം അവർ ‘ഗൾഫിലെത്തുന്നു’ എന്നാൽ പിന്നീടാണ് ഗൾഫ് ആണെന്ന് പറഞ്ഞ് പറ്റിച്ച ഗഫൂർക്ക തങ്ങളെ എത്തിച്ചത് മദിരാശിയിൽ ആണെന്ന് അവർ തിരിച്ചറിയുന്നത്. ശേഷം അവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളായിരുന്നു 1987 ൽ പുറത്തിറങ്ങിയ നാടോടിക്കാറ്റ് എന്ന സിനിമ പറഞ്ഞ കഥ. ചെറിയ ഒരു ആശയമാണെങ്കിലും അതിനെ അവതരിപ്പിച്ച, എഴുതിയ രീതിയിലൂടെ സിനിമയിറങ്ങി 38 വർഷങ്ങൾ കഴിഞ്ഞിട്ടും അതിലെ യുവാക്കളായ ദാസനും വിജയനും ചില സമയങ്ങളിൽ എങ്കിലും നമ്മൾ തന്നെയാണെന്ന് മലയാളികൾക്ക് തോന്നാറുണ്ട്. അതായിരുന്നു നാടോടിക്കാറ്റ് എന്ന സിനിമയുടെ എഴുത്തിന്റെ പവർ, ആ സിനിമയിലെ ദാസനും വിജയനും ഇന്നും നമുക്കിടയിൽ സംസാര വിഷയമാകുന്നുണ്ടെങ്കിൽ അതിനൊരൊറ്റ കാരണമേ ഉള്ളു- ശ്രീനിവാസൻ.
സിനിമയിൽ തൊഴിലില്ലായ്മയും ഗൾഫ് സ്വപ്നങ്ങളും ഹാസ്യരൂപേണ അവതരിപ്പിച്ച ശ്രീനിവാസൻ അതിലൂടെ പങ്കുവെച്ച ആശയം വളരെ വലുതായിരുന്നു. ഒരു ലോൺ കിട്ടാനുള്ള കഷ്ടപ്പാട്, തൊഴിൽ സ്ഥലത്ത് നേരിടുന്ന അപമാനങ്ങൾ, രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള കഷ്ടപ്പാടുകൾ എന്നിവയെല്ലാം അദ്ദേഹം നമുക്ക് കാണിച്ചുതന്നു. സിനിമയിൽ ബികോം ഫസ്റ്റ് ക്ലാസുകാരനായ ദാസനും പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള വിജയനും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നർമ്മത്തിൽ ചാലിച്ച് നമുക്ക് മുന്നിലേക്ക് വെച്ചപ്പോൾ ആ സിനിമയിലെ ചില ഡയലോഗുകൾ മലയാളികൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ഉറപ്പായിട്ടും പറഞ്ഞിട്ടുണ്ടാകും.
“ദാസാ, ഏതാ ഈ അലവലാതി?”
“കുറച്ച് തേങ്ങാപ്പിണ്ണാക്ക് ഉണ്ടായിരുന്നത് ഞാനെടുത്ത് തിന്നു.”
“ദാസാ ഓരോന്നിനും അതിന്റെതായ സമയമുണ്ട് മോനെ “
“അംഗം പവനായി ശവമായി!”
കേൾക്കുമ്പോൾ സിമ്പിൾ എന്ന് തോന്നിക്കുന്ന ഈ ഡയലോഗുകളുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇതൊക്കെ ആരോടെങ്കിലും പറയാനുള്ള സാഹചര്യം നമുക്ക് ജീവിതത്തിൽ എപ്പോഴെങ്കിലും വരുമെന്നിടത്താണ്.
നാടോടിക്കറ്റിൽ എങ്ങനെയെങ്കിലും ഗൾഫിലെത്തി രക്ഷപ്പെടാൻ ശ്രമിക്കുന്ന യുവാക്കളുടെ കഥയാണ് പറഞ്ഞതെങ്കിൽ വർഷങ്ങളായി ഗൾഫിൽ പണിയെടുത്ത് ഇനി നാട്ടിൽ സമാധാനമായി എന്തെങ്കിലും ബിസിനസ് നടത്താൻ ശ്രമിക്കുന്ന മോഹൻലാൽ കഥാപാത്രമായ മുരളിയെ ശ്രീനിവാസൻ നമുക്ക് കാണിച്ചുതന്നു. നാട്ടിലെത്തിയപ്പോൾ വാരിക്കോരി സ്നേഹം അഭിനയിക്കുന്ന ബന്ധുക്കൾ തന്നെ തിരിച്ചു പോകുന്നില്ല എന്ന് അറിഞ്ഞപ്പോൾ കൈയൊഴിയുന്നതും, പണം ഉള്ളപ്പോൾ കൂടെ നിൽക്കുന്ന പരാജയം വരുമ്പോൾ പഴിക്കുന്നതുമെല്ലാം സിനിമയിൽ കാണാം. ശ്രീനിവാസന്റെ പിതാവ് ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ശേഷം നാട്ടിൽ ഒരു ബസ് വാങ്ങുകയും അത് വലിയ സാമ്പത്തിക നഷ്ടത്തിലും യൂണിയൻ പ്രശ്നങ്ങളിലും കലാശിക്കുകയും ചെയ്ത അനുഭവം ആണ് ഈ സിനിമയ്ക്ക് ആധാരമായത്. ശ്രീനിവാസന്റെ കുടുംബത്തിനുണ്ടായ ആ ദുരനുഭവം അദ്ദേഹം തിരക്കഥയാക്കി മാറ്റുകയായിരുന്നു.
കഷ്ടപ്പടുകളെ ഒകെ മറികടന്ന് ബസ് വാങ്ങുന്ന മുരളിക്ക് നാട്ടിലെ യൂണിയൻ നേതാക്കളുടെ വാശിക്ക് മുന്നിൽ ജയിക്കാൻ സാധിക്കുന്നില്ല. അതുവരെ മലയാള സിനിമ കണ്ടിട്ടുള്ളത് എങ്ങനെ എങ്കിലും ജയിച്ചുകയറുന്ന നായകന്മാരെ ആണെങ്കിൽ വരവേൽപ്പിലെ മുരളി തോറ്റവനാണ്. നായകന് ഒടുവിൽ പരാജയം സമ്മതിച്ച് വീണ്ടും ഗൾഫിലേക്ക് പോകേണ്ടി വരുന്ന ഈ സിനിമ അക്കാലത്ത് ഒരു വലിയ റിസ്ക് ആയിരുന്നു. നായകൻ തോറ്റുപോയാൽ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന് അണിയറപ്രവർത്തകർ ഭയന്നിരുന്നു. എന്നാൽ സിനിമ റിലീസായപ്പോൾ അത് ജനം ഏറ്റെടുത്തു.
ഇന്ന് ആഘോഷിക്കുന്ന പല സിനിമകളുടെ വമ്പൻ ആശയങ്ങളും പറയാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും 30 – 40 വർഷങ്ങൾക്ക് മുമ്പുതന്നെ ശ്രീനിവാസൻ എന്ന മലയാള സിനിമ കണ്ട ജീനിയസ് നമുക്ക് കാണിച്ചുതന്നതാണ്. അദ്ദേഹം വിടവാങ്ങുമ്പോൾ എല്ലാ കാലത്തും എല്ലാ തലമുറക്കും ആഘോഷിക്കാനും ചിന്തിക്കാനും ഒരൽപ്പം കരയാനുമുള്ള എല്ലാം നമുക്ക് തന്നിട്ടാണ് അദ്ദേഹം പോകുന്നത്. റസ്റ്റ് ഇന്ന് സിനിമ, ശ്രീനി….













Discussion about this post