ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20യിൽ താൻ നേരിട്ട ആദ്യ പന്തിൽ നേടിയ സിക്‌സ് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്ന് ഇന്ത്യയുടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ വെളിപ്പെടുത്തി. ക്രീസിലെത്തിയാൽ ആദ്യ പന്തിൽ തന്നെ സിക്‌സ് അടിക്കുമെന്ന് തന്റെ ബാറ്റിംഗ് പങ്കാളിയോട് മുൻകൂട്ടി പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടി20യിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 30 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടിയ സൗത്താഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സൂര്യകുമാർ യാദവ് ഒഴികെ ബാക്കി താരങ്ങൾ എല്ലാം തിളങ്ങിയപ്പോൾ ആതിഥേയർ 20 ഓവറിൽ 231-5 റൺസ് നേടി. തിലക് വർമ്മ 42 പന്തിൽ നിന്ന് 73 റൺസ് നേടി ടോപ് സ്കോററായപ്പോൾ, പാണ്ഡ്യ 25 പന്തിൽ നിന്ന് 63 റൺസ് നേടി.
പാണ്ഡ്യ തന്റെ തകർപ്പൻ ഇന്നിംഗ്സിൽ അഞ്ച് ഫോറുകളും അത്രയും സിക്സറുകളും നേടി. പിച്ചിൽ നിന്ന് ഇറങ്ങി കോർബിൻ ബോഷിന്റെ ആദ്യ പന്ത് തന്നെ ഓവർ ലോങ്ങ് ഓഫിലേക്ക് സിക്സ് അടിച്ചുകൊണ്ട് അദ്ദേഹം അതിശയകരമായ രീതിയിൽ തന്റെ ഇന്നിംഗ്സ് ആരംഭിച്ചു. മത്സരത്തിന് ശേഷം മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയ താരം ഇങ്ങനെ പറഞ്ഞു.
“ഇന്ന് എനിക്ക് അങ്ങനെ തോന്നി. ആദ്യ പന്ത് തന്നെ ഞാൻ സ്റ്റെപ്പ് ഔട്ട് ചെയ്ത് സിക്സ് അടിക്കുമെന്ന് തിലകിനോട് പറഞ്ഞതാണ്. അത് യാഥാർത്ഥ്യമാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു,” 32 കാരൻ പറഞ്ഞു.
“സാഹചര്യം എനിക്കായി പ്രത്യേകം തയ്യാറാക്കിയതായിരുന്നു. അതേ സമയത്ത്, ഞാൻ എന്നെത്തന്നെ പിന്തുണച്ചു. ചണ്ഡീഗഡിൽ അദ്ദേഹം എനിക്കെതിരെ നന്നായി പന്തെറിഞ്ഞു. ഇന്ന്, എനിക്ക് അവസരം ലഭിച്ചു, അതിനാൽ അദ്ദേഹത്തെ അടിക്കാൻ ഞാൻ ആഗ്രഹിച്ചു.”
ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അർദ്ധ സെഞ്ച്വറി (16 പന്തുകൾ) പാണ്ഡ്യ ഇന്നലത്തോടെ തന്റെ പേരിലാക്കി.













Discussion about this post