മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശ്രീനിവാസന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ദുഖത്തിലാണ് മലയാള സിനിമ. ഏറെ നാളായി ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നടൻ. ഇന്ന് പുലർച്ചെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസായിരുന്നു പ്രായം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹൃദയസംബന്ധമായ അസുഖങ്ങളും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അദ്ദേഹത്തെ അലട്ടിയിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്കും വിദഗ്ദ്ധ ചികിത്സയ്ക്കും ശേഷം അദ്ദേഹം സുഖം പ്രാപിച്ചു വന്നതാണ്. സാധാരണക്കാരന്റെ പ്രശ്നങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ മിടുക്ക്. സന്ദേശം (1991), നാടോടിക്കാറ്റ് (1987) വടക്കുനോക്കിയന്ത്രം (1989) ചിന്താവിഷ്ടയായ ശ്യാമള (1998) മഴയെത്തും മുൻപെ (1995 ഉദയനാണ് താരം (2005) തുടങ്ങി മലയാളികളെ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനേകം തിരക്കഥകൾ ഒരുക്കി.
ശ്രീനിവാസന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന് അനുശോചനം അറിയിച്ച് മലയാള സിനിമയെ സ്നേഹിക്കുന്ന നിരവധി ആളുകൾ എത്തുന്നുണ്ട്. ഇതിൽ ശ്രീനിവാസനുമായി വളരെ ആഴത്തിൽ ബന്ധമുണ്ടായിരുന്ന മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈകാരികമായിരുന്നു. സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു എന്നാണ് മോഹൻലാൽ കുറിച്ചത്.
കുറിപ്പിന്റെ പൂർണരൂപം:
യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തൻ്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്ക്രീനിൽ കണ്ടു. മധ്യവർഗ്ഗത്തിൻ്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്കരിക്കാൻ ശ്രീനിയെപ്പോലെ മറ്റാർക്ക് കഴിയും. ഞങ്ങൾ ഒന്നിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്. സമൂഹത്തിൻ്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിൻ്റെ സൃഷ്ടികൾ. വേദനയെ ചിരിയിൽ പകർത്തിയ പ്രിയപ്പെട്ടവൻ. സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു.. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു













Discussion about this post