മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ ‘നാടോടിക്കാറ്റ്’ (1987) വെറുമൊരു കോമഡി സിനിമയല്ല മലയാളികൾക്ക്. അവരുടെ തൊഴിലില്ലായ്മയും ഗൾഫ് സ്വപ്നങ്ങളും ഇത്രയേറെ സ്വാഭാവികമായി അവതരിപ്പിച്ച മറ്റൊരു ചിത്രമില്ല എന്ന് തന്നെ പറയാം. ജോലിയില്ലാതെ നിൽക്കുന്ന ദാസനും വിജയനും ഗൾഫ് സ്വപ്നം കണ്ട് തുടങ്ങുകയാണ്. പാസ്‌പോർട്ടും വിസയും ഒന്നും ഇല്ലാതെ കള്ളത്തരത്തിൽ ദുബായ് കടപ്പുറത്താക്കി തരാമെന്ന് പറഞ്ഞ് ഇവരെ പറ്റിക്കുന്നു. ശേഷം ഇവരെത്തുന്ന മദിരാശിയിലാണ്. അവിടെ എന്താണ് ഇവരെ കാത്തിരിക്കുന്ന പ്രശ്നങ്ങൾ എന്നും അവർ എങ്ങനെ അതിൽ നിന്നൊക്കെ എങ്ങനെ രക്ഷപെടും എന്നുമൊക്കെയാണ് ചർച്ച ചെയ്യുന്നത്.
ഈ സിമിമയിലെ ഒരുപാട് രംഗങ്ങൾ മലയാളികൾക്ക് അവരുടെ ജീവിതങ്ങളുമായി ആഴത്തിൽ ബന്ധിപ്പിക്കാൻ സാധിക്കുന്നത് ആണെങ്കിലും കൂടുതൽ ആളുകളും പലപ്പോഴും സഹൃദത്തിന്റെ ആഴത്തെക്കുറിച്ച് സംസാരിക്കാൻ ഇതിലെ ഒരു രംഗം ഉദാഹരമായി പറയാറുണ്ട്. മദിരാശിയിലെത്തിയ ശേഷം സിനിമയിൽ അഭിനയിക്കാൻ ഐവി ശശിയുടെ അടുത്തേക്ക് പോകുന്ന വിജയൻ ആ പേരും പറഞ്ഞ് ദാസനുമായി ഉടക്ക് ഉണ്ടാക്കുന്നുണ്ട്. ശേഷം മോഹൻലാലിൻറെ ദാസൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഇതിനിടയിൽ ‘അമ്മ മരിച്ചതോടെ ആകെ സങ്കടത്തിലായ ദാസൻ, ജോലി സ്ഥലത്ത് ഒപ്പമുണ്ടായിരുന്ന രാധയുടെ സഹായത്തിൽ പച്ചക്കറി കച്ചവടം ആരംഭിക്കുന്നു.
പച്ചക്കറി വണ്ടിയുമായി കച്ചവടം ചെയ്ത് ദാസൻ ഒരിക്കൽ മുന്നോട്ട് പോകുമ്പോഴാണ് ഏറെ നാളുകൾക്ക് ശേഷം ഇവർ ഒന്നിച്ച് കാണുന്നത്. അവിടെ അവർ കാണുന്ന രംഗത്ത് നമ്മളിൽ പലർക്കും നമ്മളെ തന്നെ കാണാൻ സാധിക്കും. ഏറെ നാളായി തമ്മിൽ കനത്ത സുഹൃത്തുക്കൾ ഒന്നിക്കുമ്പോൾ നടക്കുന്ന തമാശകളും അവർ ചോദിക്കുന്ന വിശേഷങ്ങളുമൊക്കെ അടങ്ങിയ രംഗത്ത് വളരെ മനോഹരമായ സീനുണ്ട്.
ഇതിനിടയിൽ പച്ചക്കറി വാങ്ങാൻ ആൾ വന്നപ്പോൾ, “നിന്റെ ജോലി നടക്കട്ടെ ഞാൻ റൂമിൽ കാണാം” എന്നാണ് വിജയൻ പറയുന്നത്. ആ സമയം തന്റെ പോക്കറ്റിൽ കിടക്കുന്ന കുറച്ച് കാശ് ദാസൻ കൊടുക്കുകയാണ്. കാശ് മേടിച്ചിട്ട് സന്തോഷത്തോടെ ഒരു ചിരിയുമായി വിജയൻ പോകുകയാണ്. ആ സമയം അവിടെ ഡയലോഗൊന്നും ഇല്ല. ജോലിയില്ലാതെ നിൽക്കുന്ന കൂട്ടുകാരനെ കാണുമ്പോൾ അവൻ എന്തെങ്കിലും വാങ്ങി കഴിച്ചോട്ടെ എന്ന രീതിയിലാണ് ദാസൻ അവിടെ അയാൾക്ക് പണം കൊടുക്കുന്നത്.
വരുമാനം വലുതായിട്ട് ഒന്നും ഇല്ലെങ്കിൽ പോലും ദാസന്റെ ഈ പ്രവർത്തിയും വിജയൻറെ ആ സന്തോഷോടെ ഉള്ള ചിരിയും കാണുമ്പോൾ പണത്തിന് മുകളിലാണ് സൗഹൃദം എന്ന് അവർ കാണിച്ചു തരികയാണ്.













Discussion about this post