ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്തിന്റെ നിലവിലെ ഫോമിനെയും ബാറ്റിംഗ് ശൈലിയെയും കുറിച്ച് മുൻ താരം അമിത് മിശ്ര നൽകിയ മുന്നറിയിപ്പാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് വാർത്തയായിരിക്കുന്നത്. “കളിശൈലി മാറ്റുക, അല്ലെങ്കിൽ പുറത്താക്കപ്പെടാൻ തയ്യാറെടുക്കുക” എന്ന അപായ സൂചനയാണ് പന്തിന് മിശ്ര നൽകിയിരിക്കുന്നത്.
2018 മുതൽ ടീമിലുള്ള പന്തിനെ ഇനി ഒരു ‘യുവതാരം’ എന്ന് വിളിക്കാനാവില്ലെന്നും, ഒരു ഘട്ടം കഴിഞ്ഞാൽ കളിശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണെന്നും മിശ്ര പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “പന്തിന്റെ ആക്രമണ ശൈലിയും ഷോട്ട് സെലക്ഷനും എതിരാളികൾ കൃത്യമായി വിശകലനം ചെയ്തു കഴിഞ്ഞു. ഒരേ രീതിയിൽ തന്നെ ഔട്ടാകുന്നത് ഒഴിവാക്കണമെന്നും ഒരേ ശൈലി എല്ലാ പിച്ചിലും നടക്കില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അവൻ ഇനി ഒരു യുവതാരമല്ല, 2018 മുതൽ ടീമിൽ ഉള്ള താരത്തെ യുവതാരം എന്നൊക്കെ വിളിക്കാൻ പറ്റില്ല. അവൻ ഉത്തരവാദിത്വം കാണിക്കാൻ തുടങ്ങണം.” മുൻ താരം പറഞ്ഞു.
ഇത് കൂടാതെ പിച്ചിന്റെ സ്വഭാവം നോക്കാതെ വിക്കറ്റ് വലിച്ചെറിയുന്ന രീതി തുടർന്നാൽ, അടുത്ത 4-5 മത്സരങ്ങൾ കൂടി കഴിഞ്ഞാൽ പന്ത് ടീമിൽ നിന്ന് പുറത്താകാൻ സാധ്യതയുണ്ടെന്ന് മിശ്ര മുന്നറിയിപ്പ് നൽകി. അവസാനം കളിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് വെറും 49 റൺസ് മാത്രമാണ് പന്തിന് നേടാനായത്. നിർണ്ണായക സമയങ്ങളിൽ അനാവശ്യ ഷോട്ടുകൾ കളിച്ച് പുറത്തായതിന് ഡെയ്‌ൽ സ്റ്റെയ്‌ൻ അടക്കമുള്ള മുൻ താരങ്ങൾ പന്തിനെ വിമർശിച്ചിരുന്നു.











Discussion about this post