വയനാട്ടിലെ ഒരു സാധാരണ കൂലിപ്പണിക്കാരന്റെ മകനായി ജനിച്ച്, ദാരിദ്ര്യം കാരണം പഠനം പോലും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമായിരുന്ന ഒരു ബാലൻ എങ്ങനെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷണശൃംഖലകളിൽ ഒന്ന് പടുത്തുയർത്തിയത്? വയനാട്ടിലെ ഒരു ചെറിയ ഗ്രാമത്തിലായിരുന്നു മുസ്തഫയുടെ ജനനം. അച്ഛൻ മരപ്പണിക്കാരനായിരുന്നു. ഒരു നേരം ആഹാരം കഴിക്കാൻ പോലും വകയില്ലാത്ത ദിവസങ്ങൾ മുസ്തഫയുടെ ജീവിതത്തിൽ ഉണ്ടായിരുന്നു. അന്ന് പഠനത്തിൽ പിന്നിലായിരുന്ന അദ്ദേഹം ആറാം ക്ലാസ്സിൽ പരാജയപ്പെട്ടു. പക്ഷേ, അവിടെ അദ്ദേഹം തളർന്നില്ല. കഠിനാധ്വാനം ചെയ്ത് പഠിച്ച് പിന്നീട് കോഴിക്കോട് എൻഐടിയിലും (NIT), ബംഗളൂരു ഐഐഎമ്മിലും (IIM) അദ്ദേഹം പ്രവേശനം നേടി.വിദേശത്ത് ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് മുസ്തഫ ബിസിനസ്സിലേക്ക് ഇറങ്ങിയത്. ബംഗളൂരുവിൽ താമസിക്കുമ്പോൾ ഒരു ചെറിയ കടയിൽ വിൽക്കുന്ന ഇഡ്ഡലി മാവ് ശ്രദ്ധിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിയത്. ഒരു പ്ലാസ്റ്റിക് കവറിൽ റബ്ബർ ബാൻഡിട്ട് വിൽക്കുന്ന മോശം മാവിന് പകരം, വീട്ടിലുണ്ടാക്കുന്ന അതേ ഗുണമേന്മയുള്ള മാവ് ‘ബ്രാൻഡ്’ ചെയ്ത് വിൽക്കാൻ അദ്ദേഹം തീരുമാനിച്ചു.
2005-ൽ വെറും 50 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ചെറിയ മുറിയിൽ, രണ്ട് മിക്സിയും ഒരു ഗ്രൈൻഡറുമായി അദ്ദേഹം ‘ID Fresh’ തുടങ്ങി. തുടക്കത്തിൽ കടകൾ തോറും സൈക്കിളിൽ പോയി മാവ് വിൽക്കുമായിരുന്നു.ആദ്യം പാക്കേജ് ഫൂഡിനോടുള്ള ഇന്ത്യക്കാരുടെ വിമുഖത മൂലം മികച്ച പ്രതികരണമൊന്നും ലഭിച്ചില്ല. 100 പാക്കറ്റുകൾ മാർക്കറ്റിൽ എത്തിച്ചതിൽ 90 എണ്ണവും തിരികെ വന്നു.എന്നാൽ പിന്നീട് ഐഡി ഫ്രഷ് ഫുഡ്‌സിൻ്റെ വിൽപ്പന ഉയർന്നു. ഈ രംഗത്തെ അറിയപ്പെടുന്ന പേരുകളിൽ ഒന്നായി മാറി. മാവിൽ രാസവസ്തുക്കൾ ഉപയോഗിക്കില്ലെന്ന് എടുത്ത തീരുമാനമാണ് ബ്രാൻഡിനെ വേറിട്ടുനിർത്തുന്നത് മുസ്തഫ പറയുന്നു. ഇന്ന് ഐഡി ഫ്രഷ് ഫുഡ് ഇല്ലാത്ത മലയാളി വീടുകൾ കുറവാണ്.
ഏകദേശം ₹1,000 കോടിക്ക് മുകളിലാണ് ഇന്ന് ഈ കമ്പനിയുടെ വിറ്റുവരവ്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും ദുബായ്, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഇന്ന് മുസ്തഫയുടെ ഇഡ്ഡലി മാവും പറോട്ടയും വിറ്റഴിക്കപ്പെടുന്നു. യാതൊരു വിധ രാസവസ്തുക്കളും ചേർക്കാത്ത “നാടൻ” രുചി എന്നതാണ് ഐഡിയെ ജനപ്രിയമാക്കിയത്.
തന്റെ വേരുകൾ മറക്കാത്ത മുസ്തഫ, ഇന്നും നൂറുകണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകുന്നു. “നിങ്ങൾ എവിടെ ജനിച്ചു എന്നതല്ല, എവിടെ എത്തണം എന്ന് ആഗ്രഹിക്കുന്നു എന്നതാണ് പ്രധാനം” എന്ന് മുസ്തഫ നമ്മെ ഓർമ്മിപ്പിക്കുന്നു.











Discussion about this post