മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൈക്കോളജിക്കൽ ത്രില്ലറുകളിലൊന്നാണ് ‘സദയം’ (1992). എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം മോഹൻലാലിൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
തന്റെ കഥക്ക് മുകളിൽ ഒരു അഭിനേതാവ് നടത്തിയ പ്രകടനമെന്ന് എംടി വിശേഷിപ്പിച്ചത് സദയത്തിലെ ഈ പ്രകടനത്തെക്കുറിച്ചാണ്. ഭാഗ്യക്കേട് കൊണ്ട് മാത്രമാണ് മോഹൻലാലിന് ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് കിട്ടാതെ പോയതെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം. താൻ ചെയ്ത നാല് കൊലപാതകങ്ങളുടെ പേരിൽ വധശിക്ഷ കാത്തിരുന്ന സത്യാനാഥൻ (മോഹൻലാൽ) എന്ന തടവുകാരന്റെ കഥയാണിത്. അയാൾ എന്തിനാണ് ഈ കൊലപാതകങ്ങൾ ചെയ്തത് എന്നതാണ് സിനിമയുടെ കാതൽ. ലോകത്തിന്റെ ക്രൂരതകളിൽ നിന്നും ലൈംഗിക ചൂഷണങ്ങളിൽ നിന്നും രണ്ട് കുട്ടികളെ രക്ഷിക്കാനാണ് അയാൾ ഈ കൊലപാതകങ്ങൾ നടത്തിയത്. വധശിക്ഷ കാത്തുകിടക്കുന്ന അയാൾ അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾ സിനിമയിൽ കാണാൻ സാധിക്കുന്നുണ്ട്.
സത്യാനാഥൻ എന്ന കഥാപാത്രമായി മോഹൻലാൽ ജീവിച്ച സിനിമയായിരുന്നു. ഈ സിനിമയിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചു. ക്ലൈമാക്സ് രംഗങ്ങളിലെ അദ്ദേഹത്തിന്റെ ഭാവങ്ങൾ ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതാണ്. ഈ സിനിമയെക്കുറിച്ച് സിബി മലയിൽ പറയുന്നത് ഇങ്ങനെയാണ്:
“ആ സിനിമയിൽ ബ്രില്ലിയൻസിനേക്കാൾ ഉപരി മോഹൻലാൽ എന്ന അഭിനേതാവിന്റെ ഭാഗത്ത് നിന്ന് ഒത്തിരി സംഭാവനകൾ ഉണ്ടായിട്ടുണ്ട്. ഞാൻ അതിൽ ഓരോ സീനും ഓർഡറിലായിരുന്നു എഴുതിയിരുന്നത്. അങ്ങനെ മാത്രമേ അത് ചെയ്യാൻ പറ്റുകയുള്ളു. ആളുകളിലേക്ക് ആ തീവ്രത എന്നാൽ മാത്രമേ എത്തുകയുള്ളൂ എന്ന് വ്യക്തമാണ്. നിങ്ങൾ പൂർണമായിട്ടും അബ്നോർമൽ ആയെന്ന് ഞാൻ സത്യനാഥൻ എന്ന കഥാപാത്രത്തോട് പറഞ്ഞു കൊടുത്തിരുന്നു. അതിനിടയിൽ കുട്ടിയെ കൊല്ലുന്ന സീൻ എടുക്കുന്ന ദിവസം അയാൾ അവളെ ചേർത്തുനിർത്തുന്നുണ്ട്. ആ സമയത്ത് മോഹൻലാലിൻറെ കണ്ണിൽ വല്ലാത്തൊരു തിളക്കമാണ് ഞാൻ കണ്ടത്. ഞാൻ അസിസ്റ്റേറ്റിനോടോടും ടച്ചപ്പിനോടും ഒകെ ചോദിച്ചു, ലാലിന് ഗിൽസറിൻ കൊടുത്തോ എന്ന്. അവർ ഇല്ല എന്ന് പറഞ്ഞു. അപ്പോഴാണ് എനിക്ക് മനസിലായത് അയാൾ ഞാൻ പറഞ്ഞ ആ ഭ്രാന്തമായ ലഹരിയിൽ മനസിനെ അർപ്പിച്ചു എന്ന്. അതുകൊണ്ടാണ് കണ്ണുകളിൽ തിളക്കം വന്നത്. ഇത്തരത്തിൽ അവസ്ഥയിൽ നിൽക്കുന്ന ആളുകളുടെ കണ്ണിലൊക്കെ ഈ തിളക്കം നമ്മൾ കാണുന്നതാണ്. അതാണ് മോഹൻലാൽ എന്ന പ്രതിഭ.”
“രക്ഷിക്കാൻ വേണ്ടി ഒരാളെ കൊല്ലുന്നത് ശരിയാണോ?” എന്ന വലിയൊരു നൈതിക ചോദ്യം ഈ സിനിമ മുന്നോട്ട് വെക്കുന്നു. സമൂഹത്തിലെ തിന്മകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ മരണമാണ് ഏക പോംവഴി എന്ന് വിശ്വസിക്കുന്ന നായകന്റെ മാനസികാവസ്ഥ പ്രേക്ഷകരുടെ മനസിനെ ആഴത്തിൽ സ്പർശിക്കുന്നു.













Discussion about this post