മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായിട്ടാണ് ദശരഥം അറിയപ്പെടുന്നത്. 1989-ൽ സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം, വാടകഗർഭധാരണം എന്ന വിഷയം അതിന്റെ കാലഘട്ടത്തിന് മുൻപേ അവതരിപ്പിച്ചു എന്ന നിലയിൽ ശ്രദ്ധേയമാണ്. ഇന്ന് വാടകഗർഭധാരണം എന്ന വാക്കൊക്കെ നമ്മൾ കേൾക്കുന്നത് ആണെങ്കിലും അന്ന് അങ്ങനെ ഒരു ആശയം പുതുമ തന്നെയായിരുന്നു.
മോഹൻലാൽ അവതരിപ്പിച്ച രാജീവ് മേനോൻ എന്ന കഥാപാത്രം മലയാളത്തിലെ തന്നെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ജീവിതത്തിൽ എല്ലാം ഉണ്ടായിട്ടും സ്നേഹിക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ ഒരു കുഞ്ഞിനായി വാടകഗർഭധാരണത്തിന് തയ്യാറാകുന്നു. അതിനായി പണം മുടക്കുന്ന അയാൾ യോജിച്ച ദമ്പതികളെ കണ്ടുമുട്ടുന്നു. ശേഷം കുഞ്ഞിന്റെ ജനനത്തിന് ശേഷം അമ്മയായ ആനിയുടെ കഥാപാത്രം കുഞ്ഞിനെ വിട്ടുകൊടുക്കാൻ തയാറാകാതെ ഇരിക്കുന്നു. ഭർത്താവ് മുരളിക്കും കുഞ്ഞിനുമിടയിൽ രണ്ടിലൊരാൾ എന്ന അവസ്ഥയിൽ അവൾ എത്തുമ്പോൾ കുഞ്ഞിനെ വിട്ടുകൊടുത്തുകൊണ്ട് രാജീവ് മേനോൻ അവളെ സഹായിക്കുന്നു.
ക്ലൈമാക്സിലെ ആ രംഗങ്ങളെക്കുറിച്ചും മോഹൻലാലിൻറെ ക്ലോസ് അപ്പ് ഷോട്ട് ക്ലൈമാക്സ് താൻ എങ്ങനെ ഒരുക്കിയെന്നും പറയുകയാണ് സിബി മലയിൽ
” ക്ലൈമാക്സിലേക്ക് വരുമ്പോൾ അവിടെ നഷ്ടം വരുന്നത് മോഹൻലാലിൻറെ കഥാപാത്രത്തിന് മാത്രമാണ്. തന്റെ കുഞ്ഞിനെ ആനിക്ക് കൊടുത്തുകൊണ്ട് ” അയാൾ പറയുന്ന ഒരു ഡയലോഗുണ്ട് “ഞാൻ മരിച്ചുകഴിഞ്ഞാൽ എനിക്ക് വായിക്കാരിയിടാനും മറ്റ് കർമ്മങ്ങൾ ചെയ്യാനും ഇവനെ അനുവദിക്കണം” ശേഷം അവർ യാത്രയാകുകയാണ്. ഇതോടെ മോഹൻലാലിൻറെ രാജീവ് മേനോൻ വീണ്ടും അനാഥനാകുകയാണ്. പിന്നെ പുള്ളിയുടെ നിസ്സഹാവസ്ഥയാണ് സിനിമ. രാജീവ് മേനോന്റെ ഭൂതകാലം നന്നായി അറിയാവുന്ന നേഴ്സ് മാഗിയിൽ അയാൾ അമ്മയെ കണ്ടെത്തുകയാണ്. എന്താണ് അമ്മയുടെ സ്നേഹം, മാതൃത്വം എന്നൊന്നും അറിയാതെ വളർന്ന അയാൾ ആനിയുടെ കുറെ തിരിച്ചറിവുകൾ സമ്പാദിക്കുകയാണ്. മാഗി എന്ന കഥാപാത്രം ചെയ്ത സുകുമാരിയോട് അയാൾ” “മാഗീ.. ആനി കുഞ്ഞിനെ സ്നേഹിക്കുന്ന പോലെ മാഗിക്ക് എന്നെ സ്നേഹിക്കാൻ പറ്റുമോ?” കൈയിൽ ഒരു ചെറിയ വിറയോടെ ഇത് പറഞ്ഞ് രാജീവ് മേനോൻ ഒരേ സമയം ചിരിച്ചും കരഞ്ഞും നടന്നുപോകുന്നു. ക്ലോസ് അപ്പില്‍ ആ സീന്‍ ചെയ്യാന്‍ ധൈര്യം മോഹന്‍ലാല്‍ എന്ന നടൻ ആയതുകൊണ്ട് മാത്രം ആണ്. അയാളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളിൽ എനിക്ക് അത്ര വിശ്വാസം ഉണ്ടായിരുന്നു.”
ദശരഥത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കാൻ സിബി മലയിൽ ഏറെ ആഗ്രഹിച്ചിരുന്നു. രാജീവ് മേനോന്റെ മകനായി പ്രണവ് മോഹൻലാലിനെ ആയിരുന്നു അദ്ദേഹം മനസ്സിൽ കണ്ടിരുന്നത്. എന്നാൽ മോഹൻലാൽ ഇതിനോട് താല്പര്യം പ്രകടിപ്പിക്കാത്തതിനാൽ ആ പദ്ധതി ഉപേക്ഷിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.













Discussion about this post