ന്യൂഡൽഹി : ഇന്ത്യൻ സേനകൾക്കായി വൻ പ്രതിരോധ സംഭരണത്തിന് അനുമതി നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ. കര, നാവിക, വ്യോമ സേനകളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനായി 79,000 കോടി രൂപയുടെ പ്രതിരോധ വാങ്ങലുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. വർദ്ധിച്ചുവരുന്ന ആളില്ലാ വ്യോമ ഭീഷണിയെ നേരിടുന്നതിനായി ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിക്ഷൻ സിസ്റ്റം (IDDIS) Mk-II ഉൾപ്പടെ വാങ്ങുന്നതിനാണ് ഇന്ത്യൻ സൈന്യം തയ്യാറെടുക്കുന്നത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ആണ് പുതിയ ആയുധ സംഭരണങ്ങൾക്കായി അനുമതി നൽകിയത്. ആധുനിക യുദ്ധസാഹചര്യങ്ങളിൽ ഉയർന്ന ലക്ഷ്യങ്ങൾക്കെതിരെ കൃത്യതയുള്ള പ്രഹരശേഷി വർദ്ധിപ്പിക്കുന്ന ലോയിറ്റർ മ്യൂണിഷൻ സിസ്റ്റങ്ങളും പുതിയ ആയുധ സംഭരണത്തിൽ ഉൾപ്പെടുന്നു. കൂടാതെ ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ, പിനാക സിസ്റ്റത്തിനായുള്ള ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ് വെടിമരുന്ന്, നവീകരിച്ച ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിക്ഷൻ സിസ്റ്റം എംകെ II എന്നിവയും വാങ്ങുന്നതാണ്.
ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ ചെറുതും താഴ്ന്നു പറക്കുന്നതുമായ ഡ്രോണുകളുടെ കണ്ടെത്തൽ ശക്തിപ്പെടുത്തുമെന്ന് പ്രതിരോധ കൗൺസിൽ സൂചിപ്പിച്ചു. നിലവിൽ ഇന്ത്യൻ അതിർത്തികളിൽ നേരിടുന്ന ഒരു പ്രധാന ഭീഷണിയായ ഡ്രോണുകളെ നേരിടാൻ ഈ റഡാറുകൾക്ക് കഴിയും. ബൊള്ളാർഡ് പുൾ ടഗ്ഗുകൾ, ഹൈ ഫ്രീക്വൻസി സോഫ്റ്റ്‌വെയർ ഡിഫൈൻഡ് റേഡിയോസ് മാൻപാക്ക്, ഹൈ ആൾട്ടിറ്റ്യൂഡ് ലോംഗ് റേഞ്ച് റിമോട്ട്ലി പൈലറ്റഡ് എയർക്രാഫ്റ്റ് സിസ്റ്റം പാട്ടത്തിനെടുക്കൽ എന്നിവയ്ക്ക് ഇന്ത്യൻ നാവികസേനയ്ക്കും അംഗീകാരം ലഭിച്ചു. ഒപ്പം വ്യോമസേനയ്ക്കായി, ഓട്ടോമാറ്റിക് ടേക്ക്-ഓഫ് ലാൻഡിംഗ് റെക്കോർഡിംഗ് സിസ്റ്റം, ആസ്ട്ര എംകെ II മിസൈലുകൾ, ഫുൾ മിഷൻ സിമുലേറ്റർ, സ്പൈസ് 1000 ലോംഗ് റേഞ്ച് ഗൈഡൻസ് കിറ്റുകൾ എന്നിവ വാങ്ങുന്നതിന് കൗൺസിൽ അനുമതി നൽകി.











Discussion about this post