മുൻ മന്ത്രിയുംനിലവിൽ എംഎൽഎയുമായ ആന്റണി രാജുവിന് തൊണ്ടിമുതൽ തിരിമറിക്കേസിൽ 3 വർഷം തടവ് വിധിച്ച് കോടതി. ഗൂഢാലോചനയ്ക്ക് 6 മാസവും ശിക്ഷ വിധിച്ചു. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി. രണ്ടു വർഷത്തിനു മുകളിൽ ശിക്ഷ വിധിച്ചതിനാൽ ആന്റണി രാജുവിന്റെ എംഎൽഎ പദവി നഷ്ടമാകും. അപ്പീൽ നൽകാനായി ആന്റണി രാജുവിന് ജാമ്യം അനുവദിച്ചു.
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിയ്ക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരുമനുമായിരുന്ന ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു.
ആന്റണിരാജുവിന് മത്സരിക്കാനും അയോഗ്യതയുണ്ട്. ശിക്ഷ പൂർത്തിയാക്കി ജയിലിൽനിന്ന് ഇറങ്ങുന്ന ദിവസം മുതൽ ആറു വർഷത്തേക്കാണ് അയോഗ്യത. കോടതിയിൽ അപ്പീൽ നൽകി ശിക്ഷയ്ക്കും ശിക്ഷാവിധിക്കും സ്റ്റേ ലഭിച്ചാൽ മത്സരിക്കാം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8(3) അനുസരിച്ചാണ് അയോഗ്യത.
ഐപിസി 120 ബി പ്രകാരം ആറ് മാസം തടവ്, 201-ാം വകുപ്പ് പ്രകാരം മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും 193 പ്രകാരം മൂന്ന് വർഷം, 465-ാം വകുപ്പ് പ്രകാരം രണ്ട് വർഷം, 409-ാം വകുപ്പ് പ്രകാരം ഒന്നാം പ്രതിക്ക് മാത്രം ഒരു വർഷം തടവും അയ്യായിരം രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷാവിധി. ഇരുപ്രതികളും അവരുടെ ഏറ്റവും വലിയ ശിക്ഷയായ മൂന്ന് വർഷം തടവ് അനുഭവിച്ചാൽ മതി
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്.അഭിഭാഷകനായ ആന്റണി രാജു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനൽകിയതിനെ തുടർന്ന് പ്രതി ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടുവെന്നാണ് കേസ്. ജോസുമായി ആന്റണി രാജു ഗൂഢാലോചന നടത്തി തൊണ്ടിമുതൽ പുറത്തെടുത്ത് അതിൽ കൃത്രിമത്വം വരുത്തിയെന്നും അങ്ങനെ ഹൈക്കോടതിയിലെ കേസ് പ്രതിക്ക് അനുകൂലമാക്കിയെന്നും തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു.













Discussion about this post