ഐപിഎല്ലിൽ നിന്ന് മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് 2026-ലെ ടി20 ലോകകപ്പിൽ ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ ബഹിഷ്കരിക്കാൻ ബംഗ്ലാദേശ് ആലോചിക്കുന്നു എന്ന് റിപ്പോർട്ടുകൾ. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) ഐസിസിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
രാജ്യത്തെ സ്പോർട്സ് ഉപദേശകൻ ആസിഫ് നസ്രുളാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്. “മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയത് ബംഗ്ലാദേശ് ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്. കരാർ ഉണ്ടായിട്ടും ഒരു ബംഗ്ലാദേശ് താരത്തെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കാത്ത സാഹചര്യത്തിൽ, സുരക്ഷാ കാരണങ്ങളാൽ ഞങ്ങളുടെ കളിക്കാരെ ലോകകപ്പിനായി ഇന്ത്യയിലേക്ക് അയക്കാൻ കഴിയില്ല,” അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇതിനുപുറമെ, ഐപിഎൽ മത്സരങ്ങൾ ബംഗ്ലാദേശിൽ സംപ്രേഷണം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബംഗ്ലാദേശുമായിട്ടുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ, സെപ്റ്റംബറിൽ നടക്കേണ്ടിയിരുന്ന ഇന്ത്യൻ ടീമിന്റെ ബംഗ്ലാദേശ് പര്യടനം ബിസിസിഐ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ടീം ഇന്ത്യയെ ബംഗ്ലാദേശിലേക്ക് അയക്കേണ്ടതില്ലെന്നാണ് ബിസിസിഐയുടെ തീരുമാനം.













Discussion about this post