ജയറാമിനെ നായകനാക്കി അനിൽ ബാബു സംവിധാനം ചെയ്ത കോമഡി-ഫാമിലി എന്റർടെയ്‌നറാണ് ‘ഉത്തമൻ’. ടി എ റസാഖ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സാധാരണക്കാരനായ ഉത്തമൻ തന്റെ ജീവിതത്തിൽ നേരിടുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. ആരാരുമില്ലാതെ വളർന്ന, പോലീസ് സ്റ്റേഷനിൽ ചെറുപ്പകാലം മുതൽ ജീവിച്ച ഉത്തമൻ എല്ലാവർക്കും ഉപകാരിയാണ്. സ്റ്റേഷനിൽ പുതിയതായി ചാർജെടുത്ത എസ്ഐ ജയരാജ് തുടക്കത്തിൽ ഉത്തമനുമായി ഉടക്കുമെങ്കിലും പിന്നെ അയാളെ ഒരു അനിയനെ പോലെ സ്നേഹിക്കാൻ തുടങ്ങുന്നു.
സ്വന്തമായി ആരുമില്ലാത്ത ഉത്തമൻ തിരിച്ചും അയാളെയും കുടുംബത്തെയും സ്വന്തം കുടുംബായി കണ്ട് സ്നേഹിക്കുന്നു. ജയരാജിന്റെ വിവാഹത്തിന്റെ ബഹളവുമായി അയാളെ സ്നേഹിക്കുന്ന എല്ലാവരും തിരക്കിലേക്ക് പോകുമ്പോഴാണ് അയാളുടെയും ഉത്തമന്റെയും ജീവിതം തകർക്കുന്ന ഒരു സംഭവം നടക്കുന്നത്. അത് വരെ ചിരിപ്പിച്ച് മുന്നേറിയ പടത്തിന്റെ ട്രാക്ക് മാറ്റിയത് അവിടെ നിന്നാണ്. ആ നാട്ടിൽ എല്ലാവരും ഭയക്കുന്ന പുലിമുറ്റത്ത് കുടുംബത്തിലെ അലക്സിയുമായി ജയരാജ് പല തവണ കോർക്കുന്നുണ്ട്. ശേഷം ഒരു അബദ്ധ സാഹചര്യത്തിൽ അയാളുടെ കൈ കൊണ്ട് അലക്സി കൊല്ലപ്പെടുന്നു. മറ്റാരും അറിയാതെ ഉത്തമൻ ബോഡി കയത്തിൽ താഴ്ത്തുന്നു. എന്നാൽ ശവം പൊങ്ങിയതോടെ പ്രശ്നം ഗുരുതരമാകുന്നു. അതിനിടെ ജയരാജ് ചെയ്ത കുറ്റം അയാൾക്ക് വേണ്ടി ഉത്തമൻ ഏൽക്കുന്നു.
സാധാരണ ഒരു കൊലപാതകം ചെയ്താൽ അതിനുള്ള ശിക്ഷ കിട്ടും , എന്നാൽ ഈ കൊലപാതകത്തിന് കിട്ടുന്ന ശിക്ഷയേക്കാൾ എല്ലാവരും ഭയന്നത് പുലിമുറ്റത്ത് സണ്ണിയുടെ വരവിനാണ്. അനുജൻ അലക്സിയെ കൊന്നതിനുള്ള പ്രതികാരം സണ്ണി എങ്ങനെ തീർക്കും എന്നതായിരുന്നു ഏക ചോദ്യം. സിനിമയുടെ തുടക്കം മുതൽ പലരും ഭയത്തോടെ പറഞ്ഞിരുന്ന സണ്ണി എന്ന കഥാപാത്രത്തിന്റെ മനസ്സിൽ നമ്മൾ കാണുന്ന രൂപത്തിന് പറ്റിയ ആൾ തന്നെയാണ് അതായി അവതരിക്കുന്നത്- ബാബു ആന്റണി. നായകന്മാരായ ജയറാമും സിദ്ധിക്കും നിസ്സഹരായി പോകണമെങ്കിൽ അവർക്ക് മുകളിൽ സ്റ്റൈൽ ഉള്ള കഥാപാത്രം വരണമല്ലോ. അങ്ങനെ നോക്കിയാൽ ബാബു ആന്റണിയോളം പെർഫെക്ട് ഓപ്ഷൻ വേറെ ഇല്ല എന്ന് തന്നെ അറിയാം.
അയാളെ ജയിക്കാൻ ആർക്കും സാധിക്കില്ല എന്ന ബിൽഡപ്പ് തുടക്കം മുതൽ നിലനിർത്തിയ സംവിധായകൻ അയാളുടെ എൻട്രിയിൽ ” സണ്ണിച്ചായൻ എത്തി” എന്ന ഡയലോഗിലൂടെ നമ്മളെ ഭയത്തിലേക്ക് കൊണ്ടുപോകുന്നു. ശേഷം ഇയാളുടെ കൈയിൽ കിട്ടാതെ ഉത്തമൻ എങ്ങനെ എങ്കിലും രക്ഷപെടണമേ എന്ന അവസ്ഥയിലേക്ക് നമ്മളെയും അത് എത്തിക്കുന്നു. ഒടുവിൽ ഏറെ കഷ്ടപ്പെട്ട പോരാട്ടത്തിനൊടുവിൽ സണ്ണിയെ കൊന്ന ഉത്തമൻ നിൽക്കുമെങ്കിലും സിനിമയുടെ ഗ്രാഫ് മാറ്റിയത് സണ്ണി തന്നെയാണെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം. നായകൻറെ സൈഡിൽ ബാബു ആന്റണി ഉള്ളപ്പോൾ ആശ്വസിച്ചിരുന്ന കുട്ടിക്കാലം നമുക്ക് ഉണ്ടായിരുന്നു.
അയാൾ വില്ലനായാൽ നായകൻ തോൽക്കുമെന്ന് ഭയമായിരുന്നു അതിന് കാരണം. ബാബു ആന്റണി കുറച്ച് മിനിറ്റുകൾ മാത്രമേ ഉള്ളൂ എങ്കിലും അയാളുടെ കാരിയറിൽ തന്നെ ബെസ്റ്റ് വില്ലൻ റോളുകളിൽ ഒന്നായിരുന്നു ഇതിലെ സണ്ണി.













Discussion about this post