ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ, സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനങ്ങളെ പിന്തുണച്ചുകൊണ്ട് ഹർഭജൻ സിംഗ് രംഗത്ത്. അജിത് അഗാർക്കർ തിരഞ്ഞെടുത്ത ടീമിന് താൻ 10-ൽ 10 മാർക്ക് നൽകുമെന്ന് ഹർഭജൻ പറഞ്ഞു. എല്ലാ അർത്ഥത്തിലും ഈ ടീമിന് ലോകകപ്പ് ജയിക്കാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.
സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അടുത്തിടെ നടന്ന ടി 20 പരമ്പരകളിൽ ഭാഗമായ മിക്ക കളിക്കാരും ഉൾപ്പെടുന്നു. എന്നിരുന്നാലും, ആഭ്യന്തര ക്രിക്കറ്റിൽ ഇഷാൻ കിഷനും റിങ്കു സിങ്ങും മികച്ച ഫോമിൽ കളിച്ചതിനാൽ അവരെ തിരഞ്ഞെടുത്തതാണ് സ്‌ക്വാഡിലെ അത്ഭുതമെന്ന് പറയും. 2025-26 സയ്യിദ് മുഷ്താഖ് അലി ട്രോഫി സീസണിൽ ഇരുതാരങ്ങളും മികവ് കാണിച്ചിരുന്നു. ഇഷാൻ ടീമിന്റെ വിജയത്തിൽ നിർണായക പങ്കും വഹിച്ചു.
2026 ടി20 ലോകകപ്പിനായി മാച്ച് വിന്നർമാരുള്ള ഒരു ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തതിന് അജിത് അഗാർക്കറിനെ ഹർഭജൻ സിംഗ് പ്രശംസിച്ചു.
“ടീം ശരിക്കും മികച്ചതാണ്. ഇങ്ങനെ ഒരു ടീമിനെ തിരഞ്ഞെടുത്തതിന് അജിത്തിന് 10/10 നൽകണമെന്ന് ഞാൻ പറഞ്ഞിരുന്നു. ശുഭ്മാന്റെ കാര്യത്തിൽ എനിക്ക് അൽപ്പം വിഷമം തോന്നി, പക്ഷേ അദ്ദേഹത്തിന് ഉടൻ കൂടുതൽ അവസരങ്ങൾ ലഭിക്കും. എല്ലാ കളിക്കാരും അവരുടേതായ രീതിയിൽ മാച്ച് വിന്നർമാരാണ്. ഇന്ത്യക്ക് തുടർച്ചയായി ലോകകപ്പുകൾ നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം ഇത് മികച്ച ടീമാണ്.” ഹർഭജൻ സിംഗ് ANI യോട് പറഞ്ഞു.
ഇന്ത്യ സമ്മർദ്ദത്തിലായിരിക്കുമ്പോൾ മാച്ച് വിന്നർമാർ ടീമിനെ രക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“സൂര്യകുമാർ അധികം റൺസ് നേടിയിട്ടില്ല, പക്ഷേ ലോകകപ്പ് വരുമ്പോൾ, നമുക്ക് മികച്ച കളിക്കാരെ ആവശ്യമുണ്ട്. ഏറ്റവും ആവശ്യമുള്ളപ്പോൾ അദ്ദേഹം തിളങ്ങും. അഭിഷേക് (ശർമ്മ) ഒറ്റയ്ക്ക് മത്സരങ്ങൾ ജയിപ്പിക്കാൻ കഴിയും. ഹാർദിക് (പാണ്ഡ്യ) നല്ല ഫോമിലാണ്. പേസിൽ അർഷ്ദീപ് (സിംഗ്), (ജസ്പ്രീത്) ബുംറ എന്നിവരും ഞങ്ങളുടെ പക്കലുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
2025-ൽ സൂര്യകുമാർ യാദവ് മോശം പ്രകടനം ആണ് കാഴ്ചവെച്ചത്. 19 ഇന്നിംഗ്‌സുകളിൽ നിന്ന് 13.62 ശരാശരിയിലും 123.16 സ്ട്രൈക്ക് റേറ്റിലും 218 റൺസ് മാത്രമാണ് അദ്ദേഹം നേടിയത് . ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മോശം പ്രകടനം കൂടിയതോടെ താരത്തെ ടീമിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ ബിസിസിഐ താരത്തിൽ വിശ്വസിച്ചു.













Discussion about this post