വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ വിരമിക്കലിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. കോഹ്‌ലി സ്വമേധയാ വിരമിച്ചതല്ലെന്നും അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുത്ത് അദ്ദേഹത്തെക്കൊണ്ട് വിരമിക്കൽ പ്രഖ്യാപിപ്പിക്കുകയായിരുന്നു എന്നുമാണ് തിവാരിയുടെ ആരോപണം.
കോഹ്‌ലി ടെസ്റ്റ് ഉപേക്ഷിച്ച് ഏകദിനം മാത്രം കളിക്കുന്നത് സ്വന്തം റൺസിന് വേണ്ടിയാണെന്ന സഞ്ജയ് മഞ്ജരേക്കറുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു തിവാരി. “വിരാട് കോഹ്‌ലി ടെസ്റ്റ് വിടാൻ നിർബന്ധിതനാവുകയായിരുന്നു. അദ്ദേഹം വിരമിക്കേണ്ടി വരുന്ന സാഹചര്യം അവിടെ ബോധപൂർവ്വം സൃഷ്ടിക്കപ്പെട്ടു. തിരശ്ശീലയ്ക്ക് പിന്നിൽ എന്താണ് നടന്നതെന്ന് എല്ലാവർക്കും അറിയാം. എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ട്, അദ്ദേഹം കഠിനമായ ഫോർമാറ്റ് ഉപേക്ഷിച്ച് റൺസ് നേടാനായി എളുപ്പമുള്ള ഏകദിന ഫോർമാറ്റ് തിരഞ്ഞെടുക്കുന്നു എന്ന് എങ്ങനെ പറയാനാകും?”
ടെസ്റ്റ് വിരമിക്കലിനെക്കുറിച്ച് ചർച്ചകൾ നടക്കുമ്പോഴും ഏകദിനത്തിൽ കോഹ്‌ലി തന്റെ കരുത്ത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ 80 ശരാശരിയിൽ 240 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ടെസ്റ്റ് കഠിനമായ ഫോർമാറ്റാണെന്നും ഏകദിനം താരതമ്യേന എളുപ്പമാണെന്നും, അതുകൊണ്ടാണ് കോഹ്‌ലി ഏകദിനം തുടരുന്നതെന്നുമുള്ള സഞ്ജയ് മഞ്ജരേക്കറുടെ അഭിപ്രായമാണ് തിവാരിയെ ചൊടിപ്പിച്ചത്.
ടെസ്റ്റിൽ ഇന്ത്യ കുറച്ചധികം നാളുകളായി മോശം പ്രകടനം തുടരുമ്പോൾ വിരാട് കോഹ്‌ലിയെപ്പോലൊരു താരത്തിന്റെ അഭാവം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് തുടങ്ങിയവർ ടെസ്റ്റിൽ മുന്നേറുമ്പോൾ കോഹ്‌ലിക്ക് എന്തുകൊണ്ട് കരിയർ തുടരാനായില്ല എന്ന ചോദ്യം ബാക്കിയാവുകയാണ്.













Discussion about this post